
ഏറെ സാധ്യതകൾ ഉള്ള മേഖലയാണ് ഫ്രീലാൻസിംഗ് എങ്കിലും അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് ജോലിക്ക് ശേഷം ചെയ്ത ജോലിയുടെ വേതനം ആവശ്യപ്പെടുമ്പോൾ. കഴിഞ്ഞദിവസം പ്രൊഫഷണൽ ഫ്രീലാൻസർ ആയി അറിയപ്പെടുന്ന ഹർണൂർ സലൂജ ഒരു ക്ലൈന്റുമായുള്ള ഇടപെടലിൽ ഉണ്ടായ അനുഭവം ലിങ്ക്ഡ്ഇനിൽ പങ്കുവയ്ക്കുകയുണ്ടായി.
സംഗതി വേറൊന്നുമല്ല ജോലി ചെയ്തു കൊടുത്തതിനുശേഷം തൻറെ ഒരു ക്ലൈൻ്റ് അതിനുള്ള പ്രതിഫലം പണമായി നൽകുന്നതിന് പകരം ചീസ് കേക്കായി നൽകിയെന്നാണ് പോസ്റ്റിൽ പറയുന്നത്.
ചെയ്ത ജോലിയുടെ പ്രതിഫലം പണമായി ലഭിക്കുന്നതിനാണ് താൻ ക്ലൈൻ്റിന് തന്റെ അഡ്രസ് നൽകിയതെന്നും എന്നാൽ ക്ലൈൻ്റ് തനിക്ക് നൽകിയത് ഒരു ചീസ് കേക്ക് ആണെന്നും ആണ് ഹർണൂർ സലൂജ പറയുന്നത്. താൻ അത്ഭുതപ്പെട്ടുപോയി എന്നും എന്തുകൊണ്ടായിരിക്കാം അവർ അങ്ങനെ പെരുമാറിയത് എന്ന് ഏറെനേരം ചിന്തിച്ചു എന്നും അവർ പറയുന്നു. ഏറെ രസകരമായി ആ സംഭവത്തോട് പ്രതികരിച്ച ഹർണൂർ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇതുവരെ താൻ പണമായി ആയിരുന്നു വേതനം കൈപ്പറ്റിയിരുന്നതെന്നും ഇങ്ങനെ പോയാൽ പേസ്ട്രിയും ഗുലാബ് ജാമും പാൻ കേക്കും ഒക്കെ തന്റെ പ്രതിഫലത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും ആണ്.
പോസ്റ്റ് വളരെ വേഗത്തിൽ ലിങ്കിഡ്ഇന്നിൽ സജീവ ചർച്ചയ്ക്ക് കാരണമാവുകയും നിരവധിയാളുകൾ പ്രതികരിക്കുകയും ചെയ്തു. ഇതൊരു പുതിയതരം കൊളാബ് ആണോ എന്നായിരുന്നു ഒരാൾ ചോദിച്ചത്. എന്നാൽ മറ്റൊരാളാകട്ടെ പേയ്‌മെന്റ് ഓപ്ഷനുകളുടെ പട്ടികയിൽ 'റാസ് മലായ്' ചേർക്കണമെന്ന് ശുപാർശ ചെയ്തു.
പോസ്റ്റിനെ അല്പം കൂടി ഗൗരവകരമായി എടുത്തവർ ഫ്രീലാൻസർമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഈ പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി. ജോലി കൃത്യസമയത്ത് തീർത്തു കൊടുത്തതിനു ശേഷം ക്ലയന്റുകൾ പണം നൽകാതിരിക്കുന്ന സംഭവങ്ങൾ നിരവധിയാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.