ജോലിയിൽ കയറി വെറും 6 -ാം മണിക്കൂറിൽ രാജിവെച്ച് ജീവനക്കാരൻ; കാരണം ഇത്

Published : Aug 20, 2026, 10:30 PM IST
resignation

Synopsis

വെറും ആറ് മണിക്കൂർ മാത്രമാണ് അയാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു' എന്നായിരുന്നു മറുപടി.

ജോലിയിൽ പ്രവേശിച്ച് വെറും ആറ് മണിക്കൂറിനുള്ളിൽ ജോലിയുപേക്ഷിച്ച് ജീവനക്കാരൻ. ഡെൽഹി ആസ്ഥാനമായുള്ള 'ഹയറിംഗ് ഇൻസൈഡർ' സ്ഥാപകൻ ഹർഷിത് ശ്രീവാസ്തവയാണ് ലിങ്ക്ഡ്ഇനിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സഹപ്രവർത്തകൻ കമ്പനിയിൽ രാജിക്കത്ത് നൽകി. നിങ്ങൾക്ക് പകരം ഒരാളെ കണ്ടെത്തി ജോലിയിൽ ട്രെയിനിം​ഗ് നൽകിയ ശേഷം പിരിഞ്ഞുപോകാമെന്ന് മാനേജർ ആവശ്യപ്പെട്ടു. അങ്ങനെ കണ്ടെത്തിയ ആളാണ് ആറ് മണിക്കൂറിനുള്ളിൽ പിരിഞ്ഞുപോയതെന്ന് പോസ്റ്റിൽ പറയുന്നു.

രാജിക്കത്ത് കൊടുത്ത ജീവനക്കാരൻ ഇന്റർവ്യൂ നടത്തിയാണ് തനിക്ക് പകരം പുതിയൊരാളെ തിരഞ്ഞെടുത്തത്. പുതിയ ജീവനക്കാരന്റെ ആദ്യത്തെ ദിവസം തന്നെ പഴയ ജീവനക്കാരൻ കമ്പനിയുടെ പ്രവർത്തനരീതികളും പ്രൊജക്ടുകളും ഡെഡ്‌ലൈനുകളും ഒക്കെ പറഞ്ഞുകൊടുത്തു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളേക്കാൾ അധികം ബുദ്ധിമുട്ടുണ്ട് ജോലിക്ക് എന്ന് പഴയ ജീവനക്കാരൻ പുതിയയാളോട് തുറന്ന് പറയുകയും ചെയ്തു. ഇത്രയധികം ഉത്തരവാദിത്തങ്ങളും ജോലിയിലെ ശരിക്കുമുള്ള സമ്മർദ്ദവും കണ്ട പുതിയ ജീവനക്കാരൻ ഭയന്നുപോയി. താൻ ഇന്റർവ്യൂവിൽ വഞ്ചിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അയാൾ, വൈകുന്നേരമായപ്പോഴേക്കും മാനേജറുടെ അടുത്ത് ചെന്ന് രാജി സമർപ്പിക്കുകയായിരുന്നു.

വെറും ആറ് മണിക്കൂർ മാത്രമാണ് അയാൾ ആ സ്ഥാപനത്തിൽ ജോലി ചെയ്തത്. സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ മാനേജർ പഴയ ജീവനക്കാരനെ വിളിച്ച് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്തൊക്കെ പഠിപ്പിക്കാൻ പറഞ്ഞോ, അതൊക്കെ ഞാൻ പറഞ്ഞുകൊടുത്തു' എന്നായിരുന്നു മറുപടി.

എന്നാൽ, കമ്പനിയുടെ യഥാർത്ഥ ജോലിയും തുടക്കത്തിൽ നൽകിയ വാഗ്ദാനങ്ങളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നതാണ് പുതുതായി ജോലിക്കെത്തിയ യുവാവ് ആറ് മണിക്കൂറിൽ രാജി വച്ചുപോകാൻ കാരണമായത് എന്ന് ഹർഷിത് ശ്രീവാസ്തവ പറയുന്നു. ജോലിക്കായി നൽകുന്ന തെറ്റായ വാഗ്ദാനങ്ങൾ കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ജീവനക്കാരൻ കൂടി രാജി വെച്ച് പോയതോടെ, ജോലികൾ ചെയ്യാൻ ആളില്ലാതെ വന്നു. അങ്ങനെ, പഴയ ജീവനക്കാരനോട് തന്നെ കമ്പനിയിൽ കുറച്ചു നാളും കൂടി തുടരാൻ ആവശ്യപ്പെടുകയായിരുന്നുവത്രെ.

നിരവധിപ്പേരാണ് പോസ്റ്റിന് കമൻ‌റുകൾ നൽകിയത്. എപ്പോഴും ഇന്റർവ്യൂവിൽ തന്നെ ജോലിയുടെ യഥാർത്ഥ സ്വഭാവം ആളുകളെ അറിയിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

പ്രായം വെറും നമ്പർ; എം ടെക് സ്വന്തമാക്കി 64 -കാരൻ, അച്ഛന്റെ നേട്ടം പങ്കുവച്ച് മകൻ
ഇം​ഗ്ലീഷാണോ ഒരാളുടെ കഴിവ് തീരുമാനിക്കുന്നത്, അതറിയാത്ത ഒരാളെ ജോലിക്കെടുത്തു, അനുഭവം പങ്കുവച്ച് സംരംഭകൻ