
ഇംഗ്ലീഷ് ഭാഷ ശരിക്കും അറിയാത്തതിന്റെ പേരിൽ അവസരം നിഷേധിക്കപ്പെടുന്ന അനേകം ആളുകളുണ്ട്. അതിനി കഴിവുണ്ടെങ്കിലും അതൊന്നും പല കമ്പനികളും കാര്യമാക്കാറില്ല. അതിൽ നിന്നും വ്യത്യസ്തമായി മുംബൈയിൽ നിന്നുള്ള ഒരു സംരംഭകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. കനൻ ബാല്‍ എന്ന സംരംഭകനാണ് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയില്ലെങ്കിലും സാങ്കേതിക കാര്യങ്ങളിൽ കഴിവുള്ള ഒരു യുവാവിനെ ധൈര്യപൂർവ്വം ജോലിക്ക് എടുത്തതും, അത് വലിയ വിജയമായി മാറിയതിന്റെ അനുഭവമാണ് എക്സിൽ പങ്കുവെച്ചത്.
ടയർ- 2 നഗരത്തിൽ നിന്നുള്ള ഒരു ഉദ്യോഗാർത്ഥിയെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. ടെക്നോളജിയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളിൽ ആകൃഷ്ടനായെങ്കിലും, ഇംഗ്ലീഷ് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കാരണം കനന് ആദ്യമൊരു ശങ്ക തോന്നിയിരുന്നു. ക്ലയന്റുകളുമായി നേരിട്ട് ഇടപഴകേണ്ട റോളിലേക്കായിരുന്നു നിയമനം. എന്നാൽ, ഇംഗ്ലീഷ് മികച്ചതായിട്ടും സാങ്കേതികമായി പിന്നിൽ നിൽക്കുന്നവരെയൊക്കെ ജോലിക്കെടുത്ത് മടുത്ത താൻ ആ യുവാവിന് അവസരം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്ന് കനൻ പറയുന്നു. ക്ലയന്റുകളോട് ഹിന്ദിയിൽ തന്നെ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അദ്ദേഹം ജീവനക്കാരന് അനുവാദവും നൽകി.
ഇന്ന് തങ്ങളുടെ കമ്പനിയിലെ ഏറ്റവും മികച്ച നിയമനങ്ങളിൽ ഒന്നാണ് അതെന്നും കനൻ പറയുന്നു. കുമാർ വിശ്വാസിനെപ്പോലെയുള്ളവർ അവരുടെ മാതൃഭാഷയിലെ പ്രാവീണ്യം കൊണ്ട് മാത്രം ആളുകളെ ആകർഷിക്കുന്നുണ്ട്. ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾ സ്വന്തം മാതൃഭാഷ ഉപയോഗിച്ചാണ് വിജയം നേടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് പ്രധാനമാണെങ്കിലും, അത് ഒരാളുടെ ബുദ്ധിയുടെയോ കഴിവുകളുടെയോ അളവുകോലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ജോലിസ്ഥലങ്ങളിൽ പലപ്പോഴും ഇംഗ്ലീഷ് അറിയുന്നവർക്ക് മറ്റ് കഴിവുകളുള്ളവരേക്കാൾ പരിഗണ നൽകുന്നതിനെ കുറിച്ച് പലരും കമന്റുകൾ നൽകി. 'ഓസ്ട്രേലിയയിൽ, ക്ലയന്റുകളുമായി ഇടപഴകേണ്ട ടെക്നിക്കൽ ജോലികളിൽ പോലും നിയമനം നടത്തുമ്പോൾ ആരും ഇംഗ്ലീഷ് അറിയുമോയെന്നത് കാര്യമായി എടുക്കാറില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്.
I interviewed a guy from a Tier-2 city whose English was terrible.
But he was too good with his sample task.
I was still overthinking about hiring him because his role involved facing the clients.
I still hired him!
I was tired of hiring people great with their English but…— Kanan Bahl (@BahlKanan) August 19, 2026
'മറ്റു രാജ്യങ്ങളിൽ ഇംഗ്ലീഷ് വെറുമൊരു ഭാഷ മാത്രമാണ്. എന്നാൽ ഇന്ത്യയിലോ, അതിനെ ഒരു പ്രത്യേക 'കഴിവ്' ആയാണ് കണക്കാക്കുന്നത്. അതൊരു സങ്കടകരമായ പ്രവണതയാണ്' എന്നും ആളുകൾ അഭിപ്രായപ്പെട്ടു.