
പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള ഈ 64 -കാരൻ. ജോലിയിലെ തിരക്കുകൾക്കും നിരന്തരമായ യാത്രകൾക്കും ഇടയിലും കഠിനാധ്വാനം ചെയ്ത് എം.ടെക് ബിരുദം സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തന്നെക്കാള്‍ വളരെ വളരെ പ്രായം കുറഞ്ഞ സഹപാഠികൾക്കിടയിൽ ക്ലാസിൽ ആദ്യ പത്ത് റാങ്കുകളിൽ ഒന്നാമനായാണ് അദ്ദേഹം വിജയം കൈവരിച്ചത്.
ഈ മനോഹരമായ നേട്ടം അദ്ദേഹത്തിന്റെ മകൻ ശശാങ്ക് ശ്രീവാസ്തവയാണ് എക്സ് (ട്വിറ്റർ) ലൂടെ പങ്കുവച്ചത്. റിട്ടയർമെന്റിനു ശേഷം വെറുതെയിരിക്കാതെ, പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന അദ്ദേഹത്തിന്റെ കഥ നിരവധിപ്പേരെയാണ് ആകർഷിച്ചത്.
2022 -ൽ വിരമിച്ച ശേഷം ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ റെഗുലേറ്ററി ബോഡിയിൽ ഡെപ്യൂട്ടി സി.ഇ.ഒ ആയി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ആഴ്ചയും റോഡ് മാർഗ്ഗം ഏകദേശം 1,000 കിലോമീറ്ററിലധികം യാത്ര ചെയ്ത് വിവിധ ജില്ലകൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യേണ്ട തിരക്കുപിടിച്ച ജോലിയാണിത്. ഈ യാത്രകൾക്കിടയിലും നോട്ട് തയ്യാറാക്കിയും പഠനം തുടർന്നുമാണ് അദ്ദേഹം മികച്ച വിജയം നേടിയത്. എം.ടെക് വിജയത്തിന് പിന്നാലെ ഐ.ഐ.എം ലഖ്‌നൗവിൽ എക്സിക്യൂട്ടീവ് എജ്യുക്കേഷൻ പ്രോഗ്രാം ചെയ്യാനൊരുങ്ങുകയാണ് ഈ 64 -കാരൻ.
My dad completed his MTech last month. At 64. Top 10 in a class where the average student is half his age.
And this is not a retired man with free time on his hands.
After retiring in 2022, he joined back as Deputy CEO of the regulatory body overseeing municipal corporations in…— Shashank Srivastava (@ThatSalariedGuy) August 19, 2026
ശശാങ്ക് പങ്കുവെച്ച ഈ കുറിപ്പിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. 'പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് ഇദ്ദേഹം വീണ്ടും തെളിയിക്കുന്നു', 'വളരെ പ്രചോദനം നൽകുന്ന ഒരു കഥ' എന്നിങ്ങനെ പോകുന്നു ആ കമന്റുകൾ. തന്റെ 50 -ാം വയസ്സിൽ ബി.എസ്.സി പഠനത്തിന് ചേർന്ന് സമയക്കുറവ് മൂലം ബുദ്ധിമുട്ടുന്ന മറ്റൊരാൾ കുറിച്ചത് ഈ പോസ്റ്റ് തനിക്ക് വലിയ പ്രചോദനമായി എന്നാണ്.