ഒരു മുതലയും മനുഷ്യനും ഇത്രകണ്ട് സുഹൃത്തുക്കളാവുമോ? ജീവൻ തിരികെ നൽകിയ മനുഷ്യന് മുതല നൽകിയ സ്നേഹം

By Web TeamFirst Published Aug 3, 2021, 4:42 PM IST
Highlights

ഒരു ദശകത്തിലേറെ കാലം, ഗിൽബെർട്ടോയും പോച്ചോയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി ഒരു കൃത്രിമ തടാകത്തിൽ നീന്തുമായിരുന്നു. അവരുടെ ഈ നീന്തൽ പ്രകടനം ദക്ഷിണാഫ്രിക്കൻ ചലച്ചിത്രകാരനായ റോജർ ഹോറോക്സ് ‘മുതലകൾക്കൊപ്പം നീന്തുന്ന മനുഷ്യൻ’ എന്ന വീഡിയോ ഡോക്യുമെന്ററിയിൽ പകർത്തിയിട്ടുണ്ട്.

കൂടുതൽ ആളുകളും പൂച്ചയേയും, നായയെയും ഓമനിച്ച് വളർത്തുമ്പോൾ, കോസ്റ്റാറിക്കയിലുള്ള ഗിൽബെർട്ടോ ഷെഡൻ ഒരു മുതലയെയാണ് എടുത്ത് വളർത്തിയിരുന്നത്. അഞ്ച് മീറ്റർ നീളവും 500 കിലോഗ്രാം തൂക്കവുമുള്ള അതിനെ കാണുമ്പോൾ തന്നെ ഒരുവിധപ്പെട്ടവരെല്ലാം കിടുങ്ങിപ്പോകും. എന്നാൽ, ഭീമാകാരമായ ആ മുതലയെ പേടിക്കാത്തത് ഗിൽബെർട്ടോ മാത്രമാണ്. പോച്ചോ എന്നാണ് മുതലയെ അദ്ദേഹം വിളിക്കുന്നത്. ദിവസവും വൈകീട്ട് പോച്ചോക്കൊപ്പം അദ്ദേഹം നദിയിൽ നീന്തുമായിരുന്നു. ഇരുപത് വർഷമായുള്ള ശീലമായിരുന്നു അത്. എന്നാൽ ഒരിക്കലും ചേരാതെ ഇവരെങ്ങനെ ഇത്ര വലിയ സുഹൃത്തുക്കളായി?

ഒരു ടൂർ ഗൈഡും പ്രകൃതിശാസ്ത്രജ്ഞനുമാണ് ഗിൽബെർട്ടോ. കോസ്റ്റാറിക്കയിലെ ലിമിൻ പ്രവിശ്യയിലെ സിക്വിറസിലാണ് അദ്ദേഹത്തിന്റെ താമസം. 1989 -ലാണ് അവർ തമ്മിൽ ആദ്യം കാണുന്നത്. ഒരു ദിവസം റെവെന്റാസൺ നദിയുടെ തീരത്ത് ഒരു മുതല മരിക്കാറായി കിടക്കുന്നത് ഗിൽബെർട്ടോ കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോൾ, ഇടത് കണ്ണിലൂടെ വെടിയുണ്ട മുതലയുടെ തലയിൽ തുളച്ചുകയറിയതായി അദ്ദേഹം കണ്ടെത്തി. പുഴക്കരികിലുള്ള ഒരു കർഷകൻ തന്റെ കന്നുകാലികളെ ഭക്ഷണമാക്കിയ ക്രൂരന് നൽകിയ സമ്മാനമാണ് അത്. ഗിൽബെർട്ടോ മൃതപ്രാണനായ അതിനെയും എടുത്ത് ബോട്ടിൽ വീട്ടിലേയ്ക്ക് വന്നു. പിന്നീടുള്ള ആറ് മാസം അതിനെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.

ആറുമാസക്കാലം, ഗിൽബെർട്ടോ മുതലയ്ക്ക് ആഴ്ചയിൽ 30 കിലോയുടെ മത്സ്യവും കോഴിയിറച്ചിയും നൽകി. രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിച്ചു. മുതലയെ ഭക്ഷണം കഴിപ്പിക്കാൻ അദ്ദേഹം ഉത്സാഹിച്ചു. അതിനെ കെട്ടിപ്പിടിച്ചും, ഉമ്മവച്ചും, അതിനോട് തമാശകൾ പറഞ്ഞും അദ്ദേഹം അതിനെ ഓമനിച്ചു. ഭക്ഷണം കൊണ്ട് മാത്രം അതിനെ പഴയനിലയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പകരം അതിനെ അദ്ദേഹം സ്നേഹിച്ചു. "ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാക്കിയെടുക്കാൻ എന്റെ സ്നേഹം അതിന് ആവശ്യമാണെന്ന് എനിക്ക് തോന്നി" അദ്ദേഹം പറഞ്ഞു.  

അദ്ദേഹം മുതലയ്ക്ക് പോച്ചോ എന്ന് പേരിട്ടു. നിയമപരമായി പോച്ചോയെ സ്വന്തമാക്കാനും വളർത്താനും കോസ്റ്റാറിക്കൻ അധികാരികളിൽ നിന്ന് ആവശ്യമായ വന്യജീവി അനുമതികൾ നേടേണ്ടതുണ്ട്. അത് ലഭിക്കുന്നത് വരെ, അദ്ദേഹം മുതലയെ അധികമാരും ശ്രദ്ധിക്കാത്ത അടുത്തുള്ള കാട്ടിലെ ഒരു കുളത്തിൽ ഒളിപ്പിച്ചു. പോച്ചോയുടെ ആരോഗ്യം മെച്ചപ്പെട്ടതിനുശേഷം, അദ്ദേഹം അവനെ തിരികെ പുഴയിലേക്ക് തന്നെ വിട്ടയച്ചു. എന്നാൽ അടുത്ത ദിവസം രാവിലെ ഉണർന്നപ്പോൾ, മുതല തന്റെ വീടിന്റെ വരാന്തയിൽ കിടന്ന് ഉറങ്ങുന്നതായിരുന്നു ഗിൽബെർട്ടോ കണ്ടത്. അന്നുമുതൽ മുതലയെ കൂടെ താമസിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു.  പിന്നീടുള്ള വർഷങ്ങൾ അവർ പരസ്പരം സ്നേഹിച്ചും, ഇണങ്ങിയും അവരുടെ സൗഹൃദം ആഘോഷമാക്കി മാറ്റി. ഗിൽബെർട്ടോ ഒന്നുറക്കെ പോച്ചോ എന്ന് വിളിച്ചാൽ മതി അവൻ മുന്നിലെത്തുമെന്ന അവസ്ഥയായി.    

ഒരു ദശകത്തിലേറെ കാലം, ഗിൽബെർട്ടോയും പോച്ചോയും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി ഒരു കൃത്രിമ തടാകത്തിൽ നീന്തുമായിരുന്നു. അവരുടെ ഈ നീന്തൽ പ്രകടനം ദക്ഷിണാഫ്രിക്കൻ ചലച്ചിത്രകാരനായ റോജർ ഹോറോക്സ് ‘മുതലകൾക്കൊപ്പം നീന്തുന്ന മനുഷ്യൻ’ എന്ന വീഡിയോ ഡോക്യുമെന്ററിയിൽ പകർത്തിയിട്ടുണ്ട്. അവർ പരസ്പരം വളരെ അടുത്തിരുന്നുവെന്ന് റോജർ പറയുന്നു. പോച്ചോ വെള്ളത്തിൽ വച്ച് വായ തുറന്ന് ഗിൽബെർട്ടോയുടെ അടുത്തേയ്ക്ക് പാഞ്ഞുവരുമായിരുന്നു. ഇനിയെന്ത് സംഭവിക്കുമെന്ന് ഓർത്ത് എല്ലാവരും ഭയത്തോടെ നോക്കിനിൽക്കും. എന്നാൽ അദ്ദേഹത്തിനടുത്തെത്തുമ്പോൾ അവൻ വായ പൂട്ടി, ഉമ്മയ്ക്കായി തല നീട്ടും. അദ്ദേഹം അവന്റെ മൂക്കിൽ ഉമ്മ വയ്ക്കുമ്പോൾ അവൻ അനങ്ങാതെ നിൽക്കുന്ന കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തും. 2011 ഒക്ടോബർ 12 -ന് ഗിൽബെർട്ടോയുടെ വീടിന് പുറത്തുള്ള കുളത്തിൽ പോച്ചോ സ്വാഭാവിക കാരണങ്ങളാൽ മരണമടഞ്ഞു. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അദ്ദേഹം മുതലയുടെ 'കൈ' പിടിച്ച് അവസാനമായി അതിന് പാട്ടു പാടികൊടുത്തപ്പോൾ ചുറ്റും നിന്നവരുടെ കണ്ണ് നിറഞ്ഞു. പോച്ചോയുടെ അവശിഷ്ടങ്ങൾ ഇന്നും സിക്വിറസ് ടൗൺ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്.  


 

click me!