'ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാകും എന്ന് പറയും, എനിക്കത് രണ്ടുപേരാണ്'; കണ്ണ് നനയിക്കും ഈ കുറിപ്പ്

Published : Apr 06, 2026, 09:50 AM IST
Abhijay Arora

Synopsis

ഐഐടി പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട അഭിജയ് അറോറ എന്ന യുവാവ് താന്‍ എങ്ങനെയാണ് ഒടുവില്‍ യൂട്യൂബ് പ്രൊഡക്ട് മാനേജരായി മാറിയത് എന്ന് വിവരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്‍റെ അമ്മയോടും ഭാര്യയോടുമാണ് അഭിജയ് നന്ദി പറയുന്നത്. 

ഐഐടി പ്രവേശനം സ്വപ്നം കാണുന്ന ഒരുപാട് യുവാക്കളുണ്ട്. അങ്ങനെ സ്വപ്നം കണ്ട് പരാജയപ്പെട്ട ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ പ്രൊഡക്റ്റ് മാനേജറായി മാറിയിരിക്കുകയാണ് അഭിജയ് അറോറ എന്ന യുവാവ്. ഹ്യുമൻസ് ഓഫ് ബോംബെ പങ്കുവച്ചിരിക്കുന്ന ഈ പോസ്റ്റിൽ പറയുന്നത് അഭിജയ് എന്ന യുവാവിന്റെ കഥ മാത്രമല്ല, അദ്ദേഹത്തെ വിശ്വസിച്ച രണ്ട് സ്ത്രീകളുടെ കഥ കൂടിയാണ്. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും.

പോസ്റ്റ് വായിക്കാം;

1997 -ൽ, എന്നെയും സഹോദരനെയും തനിയെ വളർത്താൻ അമ്മ തീരുമാനിച്ചു. അമ്മയുടെ സർക്കാർ ജോലി കാരണം ഓരോ രണ്ട് വർഷം കൂടുമ്പോഴും ഞങ്ങൾക്ക് താമസം മാറേണ്ടി വന്നു. എങ്കിലും എന്റെ ജീവിതത്തിലെ ഓരോ പരീക്ഷാസമയത്തും, എൽ.കെ.ജി മുതൽ ഐഐടി പ്രവേശന പരീക്ഷയ്ക്ക് പഠിക്കുന്നത് വരെ അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. അമ്മ അർഹിക്കുന്ന ഒരു ജീവിതം അവർക്ക് നൽകുക എന്നതായിരുന്നു എന്റെ കുട്ടിക്കാലത്തെ സ്വപ്നം.

പക്ഷേ 2012 -ൽ എന്റെ ലോകം തകർന്നുപോയി. ഐഐടി ഫലം വന്നപ്പോൾ എന്റെ പേരിന് നേരെ 'ഫെയിൽഡ്' എന്ന് കണ്ടപ്പോൾ അമ്മയുടെ ഓരോ ത്യാഗത്തെയും ഞാൻ വഞ്ചിച്ചതുപോലെ എനിക്ക് തോന്നി. എങ്കിലും തളർന്നുപോകാൻ ഞാനൊരുക്കമല്ലായിരുന്നു. അങ്ങനെ ഞാൻ മറ്റൊരു വഴി തിരഞ്ഞെടുത്തു – ഐഐഐടി ബാംഗ്ലൂർ. അവിടെ വെച്ച് ഒരു ഹാക്കത്തോൺ വിജയിക്കുകയും മലേഷ്യയിൽ ജോലി ലഭിക്കുകയും ചെയ്തു. നല്ല വരുമാനമുണ്ടായിരുന്നെങ്കിലും എവിടെയോ ഞാൻ കുടുങ്ങിക്കിടക്കുന്നതായി എനിക്ക് തോന്നി.

എന്റെ ഡ്രീം കമ്പനിയായ ഗൂഗിളിൽ ഒട്ടേറെ ഐഐടിക്കാർ ജോലി ചെയ്യുന്നത് കണ്ടപ്പോൾ, ഒരു ഐവി ലീഗ് എംബിഎ നേടുക എന്നതായി എന്റെ ലക്ഷ്യം. എന്നാൽ, ഐഐടി ബിരുദമില്ലാതെ ഹാർവാർഡ് അസാധ്യമാണെന്ന് പറഞ്ഞ് കൺസൾട്ടന്റുമാർ എന്നെ പരിഹസിച്ചു. ഞാനവരെ അവഗണിച്ചു, അവിടെ പ്രവേശനം നേടി; ഒരു കോടി രൂപ ലോണെടുത്താണ് ഞാൻ ആ സ്വപ്നത്തിന് പിന്നാലെ പോയത്.

പഠനം കഴിഞ്ഞിറങ്ങിയപ്പോഴും പോരാട്ടം അവസാനിച്ചില്ല. തകർച്ചയിലായിരുന്ന തൊഴിൽ വിപണിയിൽ, 90 ദിവസത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടി വരും എന്ന അവസ്ഥയായിരുന്നു. ആഴ്ചയിൽ നൂറോളം ജോലികൾക്ക് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ആ സമയത്താണ് എന്റെ ജീവിതത്തിലെ രണ്ടാമത്തെ നെടുംതൂൺ എനിക്കൊപ്പം നിന്നത്; എന്റെ ഭാര്യ. ജോലിയില്ലാത്ത സമയത്താണ് അവൾ എന്നെ വിവാഹം കഴിച്ചത്. ഞാൻ നിരന്തരം പരാജയങ്ങൾ നേരിട്ടുകൊണ്ടിരുന്നപ്പോൾ വീട്ടുചെലവുകൾ നോക്കിയതും എനിക്ക് തുണയായതും അവളായിരുന്നു. അവളുടെ മാറാത്ത വിശ്വാസമാണ് പുതിയതായി എന്തെങ്കിലും ചെയ്യുന്ന കാര്യത്തിൽ എനിക്കൊരു വ്യക്തത തരുന്നത്.

പരമ്പരാഗതമായ രീതിയിൽ ഫലമൊന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ, റെസ്യൂമെ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു എഐ (AI) ടൂൾ ഞാൻ തന്നെ വികസിപ്പിച്ചു. ഒപ്പം റെസ്യൂമെകൾ മെച്ചപ്പെടുത്താൻ എഐ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വീഡിയോകൾ ചെയ്യാനും തുടങ്ങി. ഒടുവിൽ ആ വീഡിയോകൾ ഗൂഗിൾ ടീമിന്റെ ശ്രദ്ധയിൽപ്പെടുകയും എനിക്ക് ആ അവസരം ലഭിക്കുകയും ചെയ്തു.

ഇന്ന് ഞാൻ യൂട്യൂബിൽ പ്രൊഡക്റ്റ് മാനേജറാണ്. 6 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു കമ്മ്യൂണിറ്റിയും എനിക്കുണ്ട്. കൂടാതെ സിലിക്കൺ വാലിയിലെ എഐ നിർമ്മാതാക്കളായ പ്രമുഖർ പങ്കെടുക്കുന്ന 'ഷോർട്ട്കാസ്റ്റ്' എന്ന പോഡ്‌കാസ്റ്റിന്റെ അവതാരകൻ കൂടിയാണ് ഞാൻ.

അടുത്തിടെ അമ്മ അമേരിക്കയിൽ വരികയും എന്റെ കൂടെ ഗൂഗിൾ ഓഫീസിലേക്ക് വരികയും ചെയ്തു. എന്റെ ഡെസ്കും ചുവരിലെ യൂട്യൂബ് ലോഗോയും നോക്കി കണ്ണുനിറഞ്ഞുകൊണ്ട് അമ്മ മന്ത്രിച്ചു, 'നിന്നെയോർത്ത് അഭിമാനിക്കുന്നു മോനേ...' ആ നിമിഷം, ഞാൻ നേരിട്ട ഓരോ അവഗണനയ്ക്കും ഉറക്കമില്ലാത്ത രാത്രികൾക്കും അർത്ഥമുണ്ടായി.

ഒരാളുടെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന് പറയാറുണ്ട്; എനിക്ക് ഭാഗ്യത്തിന് രണ്ട് പേരുണ്ട്. എനിക്ക് ഒരു തുടക്കം നൽകാൻ സർവ്വതും ത്യാഗം ചെയ്ത അമ്മയും, ലക്ഷ്യസ്ഥാനത്ത് എത്താൻ എല്ലാം പണയം വെച്ച് കൂടെ നിന്ന ഭാര്യയും.'

 

 

 

നിരവധിപ്പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. ശരിക്കും അഭിജയ് ഒരു പ്രചോദനമാണ് എന്നാണ് ആളുകൾ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

28 കൊല്ലം സർക്കാർ സർവീസിൽ, ശമ്പളം ഇത്രയും കുറവ്, രാജിവയ്ക്കുകയാണെന്ന് ചെന്നൈ ഡോക്ടർ
റെസിഡൻഷ്യൽ ഫ്ലാറ്റുകളിൽ ചിതാഭസ്മം സൂക്ഷിക്കരുതെന്ന് ചൈനീസ് സർക്കാർ, ശ്മശാനങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കൂവെന്ന് ജനങ്ങൾ