ഗണിതാധ്യാപകനിൽ നിന്ന് ഹിസ്ബുൾ കമാൻഡറിലേക്ക്, സൈന്യം വധിച്ച റിയാസ് നായ്കൂ എന്ന കൊടുംഭീകരന്റെ പരിണാമം ഇങ്ങനെ

By Web TeamFirst Published May 6, 2020, 4:44 PM IST
Highlights

പൊലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നായ്കൂ പുറത്തിറങ്ങിയ അന്നുമുതൽ ഹിസ്‌ബുളിന്റെ ഓവർ ഗ്രൗണ്ട് വർക്കർ ആയി മാറുകയായിരുന്നു. 

ഹന്ദ്‍വാരയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് ജീവൻ നഷ്ടമായതിനു പിന്നാലെ, ഇന്ത്യൻ സൈന്യം നടത്തിയ ഒരു വളരെ നിർണായകമായ പ്രത്യാക്രമണത്തിൽ വധിക്കപ്പെട്ടിരിക്കുന്നത് തലയ്ക്ക് 12 ലക്ഷം വിലയുള്ള ഒരു കൊടും ഭീകരനാണ്.  ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന നിരോധിത ഭീകരസംഘടനയുടെ അധികാര ശ്രേണിയിൽ, സുരക്ഷാ സേന A++  കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള,  ഹിസ്‌ബുളിലെ ഏറ്റവും ഉന്നതരായ നാലു കമാൻഡർമാരിൽ ഒരാളാണ് കൊല്ലപ്പെട്ടിരിക്കുന്ന റിയാസ് നായ്കൂ എന്ന ഈ തീവ്രവാദി. ബെയ്‌ഗ്‌പോറയിൽ നടന്ന ഈ ജോയിന്റ് ഓപ്പറേഷനിൽ  റിയാസ് കൊല്ലപ്പെട്ടത് താഴ്വരയിലെ ഹിസ്‌ബുളിന്റെ ഭീകരവാദത്തിനേറ്റ വലിയ ഒരു പ്രഹരമാണ്. റിയാസിനെ വലയിലാക്കാനുള്ള ജമ്മു കശ്മീർ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വർഷങ്ങൾ നീണ്ട ഏറെ ശ്രമകരവും സ്തുത്യർഹവുമായ പരിശ്രമങ്ങളാണ് ഇപ്പോൾ ഈ എലിമിനേഷനോടെ സഫലീകൃതമായിരിക്കുന്നത്.

 

1985 -ൽ പുൽവാമയിലെ അവന്തിപുര തെഹ്‌സിലിലെ, ബെയ്‌ഗ്‌പോറ ഗ്രാമത്തിൽ ജനിച്ച റിയാസ് നായ്കൂ, തീവ്രവാദത്തിലേക്ക് തിരിയും മുമ്പ് വീടിനടുത്തുള്ള സ്‌കൂൾ കുട്ടികൾക്ക് മാത്‍സ് ട്യൂഷനും മറ്റും എടുത്തുകൊടുത്തിരുന്ന ഒരു സാധാരണക്കാരനായ അധ്യാപകനായിരുന്നു. എന്നാൽ, പാക് അധീന കാശ്മീരിൽ നിന്ന് പരിശീലനം നേടി തിരിച്ചെത്തി മുഴുവൻ സമയ തീവ്രവാദിയായ ശേഷം നിരവധി പേരുടെ കൊലപാതകങ്ങൾക്ക് റിയാസ്  പദ്ധതിയിട്ടു. റിയാസിനാൽ വധിക്കപ്പെട്ടവരിൽ പല പൊലീസ് ഇൻഫോർമർമാരും ഒരു പൊലീസ് ഇൻസ്പെക്ടറും ഉണ്ടായിരുന്നു. ഇടയ്ക്കിടെ സ്വന്തം സ്വരത്തിൽ ഭീഷണി സന്ദേശങ്ങളും മറ്റും പുറപ്പെടുവിക്കുന്ന പതിവുമുണ്ടായിരുന്നു റിയാസിന്. 

പൊലീസിനെതിരെയുള്ള പ്രതിഷേധങ്ങളിൽ തുടക്കം

2010 -ൽ, പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കശ്മീരി കൊല്ലപ്പെട്ടതിനെത്തുടർന്ന് താഴ്വരയിലുണ്ടായ പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച്, പൊലീസിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ റിയാസ് നായ്കൂ അറസ്റ്റിലാകുന്നു. പിന്നീട്, 2016 -ൽ അന്നത്തെ കമാൻഡർ ആയിരുന്ന ബുർഹാൻ വാണിയെ സൈന്യം വധിച്ച ശേഷമാണ് നായ്കൂ ഹിസ്‌ബുളിന്റെ തലപ്പത്ത് എത്തുന്നത്. 2012 -ൽ മോചിതനായ റിയാസ് അന്നുതൊട്ട്, ജനങ്ങൾക്കിടയിൽ തന്നെ താമസിച്ചുകൊണ്ട് രഹസ്യമായി  ഹിസ്ബുളിനെ പിന്തുണച്ചു പ്രവർത്തിക്കുന്നവരിൽ (Over Ground Workers - OGWs) ഒരാൾ ആവുകയായിരുന്നു. കശ്മീർ താഴ്‌വരയിലെ ഓവർ ഗ്രൗണ്ട് വർക്കർമാർക്കിടയിൽ റിയാസിനുണ്ടായിരുന്ന സ്വാധീനം അപാരമായിരുന്നു.

 

 

2017 -ൽ സക്കീർ മൂസ എന്ന ടോപ് ഹിസ്ബുൾ കമാണ്ടർ സംഘടനയിൽ നിന്ന് വിഘടിച്ച് സ്വന്തമായി അൻസാർ ഗസ്‌വത്ത്‌ ഉൾ ഹിന്ദ് എന്ന പുതിയ ഭീകരസംഘടന രൂപീകരിച്ചതിനു ശേഷം റിയാസാണ് താഴ്വരയിലെ ഹിസ്‌ബുളിന്റെ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂസയുടെ പുതിയ സംഘടനാ അൽ ക്വയ്‌ദയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ, അത് ഏറെക്കാലം തുടരാൻ മൂസക്ക് സാധിച്ചില്ല. ത്രാളിൽ വെച്ച് സൈന്യം മൂസയെ തങ്ങളുടെ തോക്കിനിരയാക്കി. അന്നുതൊട്ടേ സേന റിയാസിനെയും തേടിക്കൊണ്ടുതന്നെ ഇരിക്കുകയായിരുന്നു. കഴിഞ്ഞ എട്ടുവർഷമായി പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു നായ്കൂ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച്, കയ്യിൽ എകെ 47 യന്ത്രത്തോക്കുമേന്തിയാണ് റിയാസ് സദാ നടന്നിരുന്നത്.

2018 -ൽ കശ്മീർ പൊലീസിലെ ഓഫീസർമാരുടെ 11 ബന്ധുക്കളെ തട്ടിക്കൊണ്ടുപോയ ഹിസ്ബുൾ ഓപ്പറേഷന്റെ പിന്നിലെ ബുദ്ധികേന്ദ്രം റിയാസ് നായ്കൂ ആയിരുന്നു. അന്ന് നായ്കൂവിന്റെ അച്ഛനെ വിട്ടയച്ചതിനു ശേഷമാണ് ബന്ദികളാക്കിയ പോലീസുകാരുടെ ബന്ധുക്കളെ ഹിസ്ബുൾ വിട്ടയച്ചത്. ഈ ഓപ്പറേഷൻ ഹിസ്ബുളിന് അന്ന് പൊലീസിനുമേൽ താത്കാലികമായെങ്കിലും, മാനസികമായ ഒരു മേൽക്കൈ ഉണ്ടാക്കിയിരുന്നു. അതിനു ശേഷം പലവട്ടം കൊല്ലാൻ വളഞ്ഞു പിടിച്ചിട്ടുണ്ട് സേന നായ്കൂവിനെ. അന്നൊക്കെ അവസാന നിമിഷം തലനാരിഴയ്ക്ക് റിയാസ് രക്ഷപെടുകയായിരുന്നു. അതുകൊണ്ടുതന്നെ, ഇത്തവണ റിയാസിനെപ്പറ്റിയുള്ള ഇന്റലിജൻസ് വിവരം കിട്ടിയ നിമിഷം തൊട്ടുതന്നെ ഡിജിപി ദിൽബാഗ് സിങ് നേരിട്ടാണ് ഓപ്പറേഷന് ചുക്കാൻ പിടിച്ചതും എല്ലാം അവസാനം വരെയും തികഞ്ഞ കൃത്യതയോടെ തന്നെ നടക്കുന്നുണ്ട് എന്നുറപ്പിച്ചതും. റിയാസ് നായ്കൂ കൊല്ലപ്പെട്ടതോടെ ദക്ഷിണ കാശ്മീരിൽ നിന്ന് ഹിസ്ബുൾ തുടച്ചു നീക്കപ്പെട്ട സാഹചര്യമാണുള്ളത് എന്ന് ജമ്മു പൊലീസ് വൃത്തങ്ങൾ പറയുന്നു. 
 

click me!