
വിദേശത്തേക്ക് പോകുന്നത് വലിയ സ്വപ്നമായി കാണുന്ന പലരും ഇന്നുണ്ട്. അതിൽ ചിലർ കൂടുതൽ സൗകര്യപ്രദമായ ജീവിതം തേടിയാണ് പോകുന്നതെങ്കിൽ മറ്റ് ചിലർക്ക് ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്നും രക്ഷ നേടാനുള്ള ഒരു മാർഗമാണ് വിദേശത്തേക്കുള്ള ഇത്തരം യാത്രകൾ. അതുപോലെ ഒരു യുവാവ് ഷെയർ ചെയ്ത വീഡിയോയാണ് വൈറലായി മാറുന്നത്. ബറേലിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ളയാളാണ് അഭിഷേക് മൗര്യ. നിലവിൽ കാനഡയിൽ താമസിക്കുന്ന അഭിഷേക് യുഎസ് വിസ ലഭിച്ചതിലുള്ള തന്റെ സന്തോഷമാണ് പ്രകടിപ്പിക്കുന്നത്. വൈറലായിരിക്കുന്ന വീഡിയോയിൽ കാണുന്നത് യുഎസ് വിസയുമായി നിൽക്കുന്ന അഭിഷേകിനെയാണ്.
സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ അഭിഷേക് പറയുന്നത്, തന്റെ കുടുംബത്തിന്റെ സ്വപ്നമായിരുന്നു ഈ യുഎസ് വിസ എന്നാണ്. തന്റെ അച്ഛൻ കുടുംബത്തെ നോക്കാനായി ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നും അമ്മ കുട്ടികൾക്ക് ട്യൂഷനെടുത്തിരുന്നു എന്നും അഭിഷേക് പറയുന്നത് കാണാം. തന്നെ പോലെ ചെറിയ ഗ്രാമങ്ങളിൽ നിന്നും വരുന്നവർക്ക് യുഎസ്, അല്ലെങ്കിൽ കാനഡ വിസ എന്തുമാത്രം പ്രധാനപ്പെട്ടതാണ് എന്നും വീഡിയോയിൽ അഭിഷേക് പറയുന്നു.
തന്റെ കയ്യിലിരിക്കുന്നത് യുഎസ് വിസയാണ്, ദൈവത്തിന് എനിക്ക് വേണ്ടി ഇങ്ങനെയൊരു പദ്ധതിയുണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നതല്ല എന്നും അഭിഷേക് പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് അഭിഷേക് ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേരാണ് അഭിഷേക് ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും.
ഒരുപാടുപേർ യുവാവിനെ അഭിനന്ദിച്ചുകൊണ്ട് കമന്റുകൾ നൽകിയിട്ടുണ്ട്. ഇത് ഓരോ മിഡിൽ ക്ലാസ് യുവാക്കളുടേയും സ്വപ്നമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലർ, ഇനിയും ഒരുപാടു ദൂരം പോകാനുണ്ട് എന്നും കമന്റുകൾ നൽകി.