വാക്സിനെടുത്താൽ വാഷിം​ഗ് മെഷീനും മിക്സിയുമടക്കം സമ്മാനങ്ങൾ, വ്യത്യസ്തതയുമായി തമിഴ് നാട്ടിലെ ഈ ജില്ല

By Web TeamFirst Published Oct 8, 2021, 1:52 PM IST
Highlights

നറുക്കെടുപ്പിൽ വാഷിംഗ് മെഷീനാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം വെറ്റ് ഗ്രൈൻഡറും മൂന്നാം സമ്മാനം മിക്സർ ഗ്രൈൻഡറുമായിരിക്കും. പ്രഷർ കുക്കറുകൾ ഉൾപ്പെടെ 24 സമ്മാനങ്ങൾ വേറെയും ഉണ്ടായിരിക്കും. 

കൊവിഡ് -19 വിട്ടൊഴിയാത്ത സാഹചര്യത്തിൽ, ആളുകളെ കൊണ്ട് വാക്സിൻ എടുപ്പിക്കാനുള്ള തിരക്കിലാണ് സർക്കാരുകളും സംഘടനകളും. ഭയം മൂലം പല പൗരന്മാരും ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല. എന്നാൽ, പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കരൂർ ജില്ലാ ഭരണകൂടം വലിയ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞായറാഴ്ച നടത്തുന്ന മെഗാ വാക്‌സിൻ ഡ്രൈവിൽ വാക്സിനേഷൻ എടുക്കുന്ന ആളുകൾക്ക് സമ്മാനങ്ങളായി ലഭിക്കാൻ പോകുന്നത് വാഷിംഗ് മെഷീൻ, വെറ്റ് ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, പ്രഷർ കുക്കർ, പാത്രങ്ങൾ എന്നിവയാണ്.  

സംസ്ഥാനത്ത് നടത്തുന്ന അഞ്ചാമത്തെ മെഗാ വാക്സിൻ ഡ്രൈവാണ് ഇത്. കുത്തിവയ്പ് നടത്തുന്ന എല്ലാവർക്കുമായി ജില്ലയിലെ വാക്സിൻ കേന്ദ്രങ്ങളിൽ അഡ്മിനിസ്ട്രേഷൻ ഒരു നറുക്കെടുപ്പ് നടത്തും. ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളായിരിക്കും വിജയികളെ കാത്തിരിക്കുന്നത്. കരൂർ ജില്ലാ കളക്ടർ ടി.പ്രബു ശങ്കർ വ്യാഴാഴ്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. “തമിഴ്‌നാട് സർക്കാരിന്റെ മെഗാ വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഞായറാഴ്ച വാക്സിനേഷൻ എടുക്കുന്ന എല്ലാവർക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകും" അദ്ദേഹം പറഞ്ഞു. ക്യാമ്പുകളിലേക്ക് വാക്സിനേഷനായി ആളുകളെ കൊണ്ടുവരുന്ന സന്നദ്ധപ്രവർത്തകർക്ക് അഞ്ച് രൂപ പ്രോത്സാഹനം നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

നറുക്കെടുപ്പിൽ വാഷിംഗ് മെഷീനാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം വെറ്റ് ഗ്രൈൻഡറും മൂന്നാം സമ്മാനം മിക്സർ ഗ്രൈൻഡറുമായിരിക്കും. പ്രഷർ കുക്കറുകൾ ഉൾപ്പെടെ 24 സമ്മാനങ്ങൾ വേറെയും ഉണ്ടായിരിക്കും. കൂടാതെ, 100 പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. 25 -ലധികം പേരെ ക്യാമ്പിലേക്ക് കൊണ്ടുവരുന്ന സന്നദ്ധപ്രവർത്തകരുടെ പേരുകളും നറുക്കെടുപ്പിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരൂർ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സംസ്ഥാന ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ അഭിനന്ദിച്ചു. “ഇതൊരു നല്ല പദ്ധതിയാണ്. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും നൽകിയ പിന്തുണയാണ് വാക്സിനേഷൻ ക്യാമ്പുകളുടെ വിജയം" മന്ത്രി പറഞ്ഞു.
 

click me!