
രസകരമായി നടത്തിയ ഒരു ഡിഎൻഎ ടെസ്റ്റ് യുഎസ്സിലെ ഒരു കുടുംബത്തിൽ സൃഷ്ടിച്ചത് വൻ ആഘാതം. 47 -കാരിയായ ഡോണ ജോൺസണും അവളുടെ ഭർത്താവ് വാന്നറും ചേർന്നാണ് തമാശക്കായി രണ്ടു മക്കളുടെയും ഡിഎൻഎ ടെസ്റ്റ് നടത്തിയത്. 18 -കാരനായ മൂത്തമകൻ വാനർ ജൂനിയറിന്റെയും 12 -കാരനായ ടിമ്മിന്റെയും ഡിഎൻഎ ടെസ്റ്റാണ് നടത്തിയത്. പക്ഷേ, ഫലം വരുമ്പോൾ അത് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും എന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ഇളയ മകൻ ടിമ്മിന് വാനറുമായി ജീവശാസ്ത്രപരമായി ബന്ധമില്ലെന്നായിരുന്നു ഡിഎൻഎ ടെസ്റ്റിന്റെ റിസൾട്ട്.
ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനുശേഷം വാനറിന് ഹെർണിയ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു രണ്ടാമത്തെ മകൻ ടിം ജനിച്ചത്. 2008 ഓഗസ്റ്റിൽ ആയിരുന്നു ടിമ്മിന്റെ ജനനം. ഏറെ സന്തോഷത്തോടെയാണ് ഇരുവരും ടിമ്മിനെ സ്വാഗതം ചെയ്തത്. എന്നാൽ, 12 വർഷങ്ങൾക്ക് ശേഷം ഇത്തരത്തിൽ ഒരു വാർത്ത തങ്ങളെ തേടിയെത്തുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഏറെ ആശങ്കയോടെയാണ് ഡോണയും വാനറും ഈ ജീവരഹസ്യം ടിമ്മിനോട് വെളിപ്പെടുത്തിയത്. ജീവശാസ്‌ത്രം പരിഗണിക്കാതെ കുടുംബത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ടിമ്മിന്റെ പക്വമായ പ്രതികരണം തങ്ങൾക്കിപ്പോൾ ആശ്വാസം നൽകുകയാണ് എന്നാണ് ഡോണ പറയുന്നത്. 2019 -ലാണ് കുടുംബത്തെ ആകെ ഞെട്ടിച്ച ഡിഎൻഎ ടെസ്റ്റ് ഫലം വന്നത്. ഏറെ നാളത്തെ ആലോചനകൾക്ക് ശേഷം 2020 -ലാണ് ഇരുവരും ചേർന്ന് ടിമ്മിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ റിസൾട്ടുകൾക്കും അപ്പുറം ടിമ്മിനെ തങ്ങളുടെ മകനായി കാണാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ഡോണ പറയുന്നത്. വർഷങ്ങൾക്കുശേഷം ഇപ്പോൾ ഇക്കാര്യങ്ങൾ തൻറെ സോഷ്യൽ മീഡിയ പേജിലൂടെ വെളിപ്പെടുത്തിയതും ഡോണ തന്നെയാണ്.