
കണക്റ്റിക്കട്ടിലെ ഷെൽട്ടണിൽ നിന്നുള്ള 92 വയസ്സുള്ള ഒരു മുത്തശി(grandmother)യാണ് ലിൽ ഡ്രോണിയാക്ക്(Lill Droniak). 2019 നവംബറിൽ തന്റെ കൊച്ചുമകനോടൊപ്പം ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ മുത്തശ്ശി സാമൂഹ്യമാധ്യമങ്ങളിൽ ഒരു താരമായി മാറി. ഇപ്പോൾ അമ്മൂമ്മയുടെ ഒരു പുതിയ ടിക്ക് ടോക്ക് വീഡിയോ വളരെ വൈറലാവുകയാണ്. തന്റെ ശവസംസ്‌കാരത്തിന് പാലിക്കേണ്ട നിയമങ്ങളെ കുറിച്ചാണ് തന്റെ ഏറ്റവും പുതിയ ക്ലിപ്പിൽ അവർ പറയുന്നത്. "ഇത് ഉടനെ ഒന്നും ഉണ്ടാകില്ല, എന്നാലും മറക്കരുത്" എന്ന രസകരമായ അടിക്കുറിപ്പോടെയാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. മുത്തശ്ശിയുടെ വീഡിയോ കണ്ട് ആളുകൾ ചിരി അടക്കാൻ പാടുപെടുകയാണ്.
വീഡിയോ പോസ്റ്റ് ചെയ്ത ദിവസത്തിൽ തന്നെ അതിന് 12 മില്യൺ വ്യൂസ് ലഭിച്ചു. "എന്റെ ശവസംസ്കാര ചടങ്ങിലെ നിയമങ്ങൾ ഇവയാണ്" എന്ന് പറഞ്ഞാണ് ടിക്‌ടോക്കിൽ ഡ്രോണിയാക് പുതിയ വീഡിയോ ആരംഭിക്കുന്നത്. എന്നിട്ട് അവൾ ഉറക്കെ പറയുന്നു: "ശ്രദ്ധിക്കൂ!"
“നിങ്ങൾക്ക് കരയാം. പക്ഷേ ഓവറാക്കി ചളമാക്കരുത്. സ്വയം ഒരു വിഡ്ഢിയാകരുത്" എന്നതാണ് അവരുടെ ആദ്യത്തെ നിർദേശം. രണ്ടാമത്തേത് “ബെർത്തയെ ക്ഷണിച്ചിട്ടില്ല. അവളെ അകത്തേക്ക് കയറ്റരുത്" എന്നതാണ്. തന്റെ ബഹുമാനാർത്ഥം ശവസംസ്കാരം കഴിഞ്ഞതിന് ശേഷം അതിൽ പങ്കെടുത്ത അതിഥികൾക്ക് മദ്യപിക്കാമെന്നും അവർ പറയുന്നു. "ഇത് കഴിഞ്ഞാൽ നിങ്ങൾ മര്യാദയ്ക്ക് മദ്യപിച്ചോണം, എനിക്കായി ഒരു ഷോട്ട് എടുക്കണം" ലിലിയൻ വിഡിയോയിൽ പറയുന്നു. മുത്തശ്ശിക്ക് ടിക് ടോക്കിൽ 3.8 മില്ല്യൺ ഫോളോവേഴ്സുണ്ട്. വീഡിയോയ്ക്ക് പിന്നാലെ രസകരമായ കുറെ കമന്റുകളും വന്നിട്ടുണ്ട്. ശവസംസ്കാര വേളയിൽ മദ്യപിക്കാമോ എന്ന് ആരോ ചോദിച്ചപ്പോൾ, "തീർച്ചയായും" എന്നായിരുന്നു ലിലിയന്റെ ക്ലാസിക് മറുപടി.
അതേസമയം പലർക്കും ബെർത്തയെ കുറിച്ചാണ് അറിയേണ്ടത്. ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് ബെർത്തയുടെ കഥ അറിയണം!!! അവൾ ആരാണ്, എന്തുകൊണ്ടാണ് അവളെ ക്ഷണിക്കാത്തത്!?” ബെർത്ത വന്നാൽ, രണ്ട് ശവസംസ്കാര ചടങ്ങുകൾ ഉണ്ടാകുമെന്നും മറ്റൊരാൾ തമാശയായി പറയുന്നു.
"മുത്തശ്ശിയുടെ ശവസംസ്കാര നിയമങ്ങൾ ആരാധകരോട് പറയാൻ ഞാനാണ് മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചത്. കേട്ടപ്പോൾ നല്ല തമാശ തോന്നി" ലിലിയന്റെ മാനേജരും ചെറുമകനുമായ കെവിൻ ഡ്രോണിയാക് ദി ഇൻഡിപെൻഡന്റിനോട് പറഞ്ഞു. മരണത്തെക്കുറിച്ച് വളരെയധികം തമാശ പറയുന്ന ഒരാളാണ് അമ്മൂമ്മയെന്നും, അതിനെ ഭയക്കുന്ന ഒരാളല്ല അവരെന്നും അദ്ദേഹം പറഞ്ഞു. "എല്ലാവരും ഒരു ദിവസം മരിക്കുമെന്ന് അവർക്കറിയാം. അവർക്ക് പ്രായമായതിനാൽ, ഈ വിഷയത്തെക്കുറിച്ച് ആളുകൾ കൂടുതലായി അവരോട് അഭിപ്രായങ്ങൾ ചോദിക്കുന്നു. എന്നാൽ, ആർക്കും എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന് അമ്മൂമ്മ പറയും" അദ്ദേഹം കൂട്ടിച്ചേർത്തു. ടിക് ടോക്കിന് പുറമെ ഇൻസ്റ്റാഗ്രാമിലും അവർക്ക് 366,000 ഓളം ഫോളോവേഴ്‌സുമുണ്ട്.