1 കോടി വാർഷിക വരുമാനവും 1.7 കോടി വരെ ബജറ്റുമുണ്ടായിട്ടും ഗുഡ്ഗാവിൽ അനുയോജ്യമായ വീട് കണ്ടെത്താനാകുന്നില്ല. നിരാശനായി യുവാവ്. പൂനെ, നോയിഡ പോലുള്ള നഗരങ്ങളിൽ കുറഞ്ഞ വിലയ്ക്ക് മികച്ച വീടുകൾ ലഭിക്കുമ്പോൾ, ഗുഡ്ഗാവില്‍ എല്ലാം മോശം വീടുകളാണ് എന്നും യുവാവ്.
ഒരുകോടി രൂപ വാർഷിക വരുമാനമുണ്ട്, ഒരുകോടി വീടിന് നൽകാൻ തയ്യാർ, എന്നിട്ടും പറ്റിയ വീട് കണ്ടെത്താനാകുന്നില്ല. ഗുഡ്ഗാവിലെ റിയൽ എസ്റ്റേറ്റ് വിപണി തങ്ങളെ പൂർണമായും പരാജയപ്പെടുത്തിയിരിക്കുന്നു എന്ന് യുവാവിന്റെ പോസ്റ്റ്. 1.7 കോടി രൂപ വരെ ബജറ്റുള്ള ഒരു വീട് അന്വേഷിച്ച് മാസങ്ങളോളം ചെലവഴിച്ചു. എങ്കിലും, ഒട്ടും നന്നായി നിർമ്മിക്കാത്തതും നിലവാരമില്ലാത്തതും ഒക്കെയായ വീടുകളാണ് കാണാനായത് എന്നാണ് ഇവർ പറയുന്നത്. പൂനെ, നോയിഡ തുടങ്ങിയ നഗരങ്ങളിൽ ഒരു കോടി രൂപയിൽ താഴെ വിലയുള്ള ഗുണമേന്മയുള്ള വീടുകൾ കിട്ടുമ്പോൾ, ഗുഡ്ഗാവ് ഒരു തകർന്ന വിപണിയായി മാറിയിരിക്കുന്നു, അവിടെ വിലകൾ ഉയർന്നതാണ്, എന്നാൽ അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും വളരെ താഴ്ന്ന നിലയിലാണ് എന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം കുറിച്ചിരിക്കുന്നത്. കാശുണ്ടെങ്കിലും ഒരുകോടി നൽകാൻ തയ്യാറായിട്ടും മെച്ചപ്പെട്ട ഒരു വീട് കിട്ടാനില്ലാത്തതിന്റെ നിരാശയാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്. നല്ല ഒരു വീട് പോലും ഇത്രയും പണം നൽകിയിട്ടും കിട്ടാനില്ല. എല്ലാം മോശം അവസ്ഥയിലുള്ള വീടുകളാണ്. നല്ല വീടുകൾക്ക് അതിലും വലിയ തുക നൽകണം. മറ്റ് നഗരങ്ങളിൽ അങ്ങനെ അല്ല. ഇവിടെ എന്താണ് ഇത്ര പ്രത്യേകത എന്നും യുവാവ് ചോദിക്കുന്നു. പൂനെയിലെയും നോയിഡയിലെയും തന്റെ മിക്ക സുഹൃത്തുക്കളും ഇതിനകം 1 കോടിയിൽ താഴെയുള്ള നല്ല വീടുകൾ വാങ്ങിയിട്ടുണ്ട്. ഒരു സുഹൃത്ത് പാരമ്പര്യ സ്വത്ത് കൂടിയുണ്ടായിരുന്നതിനാൽ 2 കോടിയുടെ ഒരു അപ്പാർട്ട്മെന്റ് വാങ്ങി. അതേസമയം, തനിക്ക് ഗുഡ്ഗാവിൽ അതിനൊന്നും സാധിച്ചില്ല എന്നാണ് യുവാവ് പറയുന്നത്.
നല്ല അടിസ്ഥാന സൗകര്യങ്ങളില്ല, മലിനീകരണവും വെള്ളപ്പൊക്കവും ഉണ്ട് എന്നിട്ടും എന്തുകൊണ്ടാണ് ഗുഡ്ഗാവിൽ വീടുകൾക്ക് ഇത്രയും വില എന്നാണ് യുവാവ് ചോദിക്കുന്നത്. ബെംഗളൂരും പൂനെയും വച്ച് നോക്കുമ്പോൾ വളരെ മോശമാണ് ഇവിടുത്തെ അവസ്ഥ. ഐടി പ്രൊഫഷണലുകൾ നല്ല ജീവിതസാഹചര്യം തേടി മറ്റ് നഗരങ്ങളിലേക്ക് കുടിയേറുമെന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. മറ്റ് നഗരങ്ങളിലേക്ക് കുടിയേറാനും അല്ലെങ്കിൽ ഒരുകോടി വരുമാനമുള്ള സ്ഥിതിക്ക് ഒരു മൂന്നുകോടിക്ക് മുകളിലെങ്കിലുമുള്ള വീട് നോക്കാനുമാണ് പലരും യുവാവിനെ ഉപദേശിച്ചത്.
