
ജോലിസ്ഥലത്ത് ഉറങ്ങുകയും ഭക്ഷണം കഴിക്കാൻ നൽകിയ പാത്രത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതിന് ചൈനയിലെ പോലീസ് നായക്ക് വർഷാവസാന ബോണസ് നഷ്ടമായി. ചൈനയിലെ ആദ്യത്തെ കോർഗി പോലീസ് നായ ആയി അറിയപ്പെടുന്ന ഫുസായ്ക്കാണ് അച്ചടക്ക ലംഘനത്തെ തുടർന്ന് ബോണസ് നഷ്ടമായത്.
സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 2023 ഓഗസ്റ്റ് 28-ന് ജനിച്ച കനൈൻ കോപ്പ് ആയ ഫുസായ് വടക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പോലീസ് നായ പരിശീലന കേന്ദ്രത്തിൽ എന്നാണ് പരിശീലനം പൂർത്തിയാക്കിയത്. തുടർന്ന് നാലുമാസം പ്രായമുള്ളപ്പോൾ 2024 ജനുവരിയിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തൽ വിദഗ്ധനായി ജോലി ആരംഭിച്ചു.
അതേ വർഷം തന്നെ മാർച്ചോടെ ഫുസായി ഒരു ഇൻ്റർനെറ്റ് സെൻസേഷനായി മാറിയിരുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലുള്ള ഫുസായിയുടെ പ്രാവീണ്യവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവവും ചെറിയ കാലുകളോടു കൂടിയ അതിൻറെ ശരീര പ്രകൃതിയുമായിരുന്നു നെറ്റിസൺമാരെ ആകർഷിച്ചത്.
രണ്ട് മാസം പ്രായമുള്ളപ്പോൾ യഥാർത്ഥ ഉടമയ്ക്കൊപ്പം പാർക്കിലെത്തിയ ഫുസായിയുടെ കഴിവ് തിരിച്ചറിഞ്ഞത് അവിടെ ഉണ്ടായിരുന്ന പോലീസ് ഡോഗ് ട്രെയിനറായ ഷാവോ ക്വിൻഷുവായ് ആണ്. തുടർന്ന് ഫുസായിയെ ഉടമ പോലീസ് നായ പരിശീലന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയായിരുന്നു. 2024 ഒക്ടോബറിൽ ആണ്, ഫുസായി അതിൻ്റെ റിസർവ് പദവിയിൽ നിന്ന് ബിരുദം നേടി, പൂർണ്ണ യോഗ്യതയുള്ള ഒരു പോലീസ് നായയായത്.
വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇപ്പോൾ ഫുസായ്ക്ക് ബോണസ് നഷ്ടമായ കഥ പങ്കുവെച്ചത്. ഈ അക്കൗണ്ടിന് 384,000-ലധികം അനുയായികളുണ്ട്, കൂടാതെ ഫുസായിയുടെയും മറ്റ് പോലീസ് നായ്ക്കളുടെയും ദൈനംദിന ജീവിതത്തെയും പ്രൊഫഷണൽ പരിശീലനത്തെയും കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഈ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പതിവായി നൽകുന്നുണ്ട്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ജനുവരി 19 -ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, 2024 -ൽ ഫുസായ് മികച്ച പ്രകടനം കാഴ്ചവെച്ചതായും നിരവധി സുരക്ഷാ ജോലികൾ പൂർത്തിയാക്കുകയും ചെയ്തതിനാൽ അവന് സമ്മാനമായി ഒരു ചുവന്ന പുഷ്പവും ഏതാനും ഭക്ഷണസാധനങ്ങളും സമ്മാനമായി നൽകാൻ തീരുമാനിച്ചതായാണ് പറയുന്നത്.
എന്നാൽ, അടുത്തിടെയായി ഫുസായ് ചില അച്ചടക്ക ലംഘനങ്ങൾ കാണിച്ചതിനാൽ ഭക്ഷണസാധനങ്ങൾ തിരികെ എടുക്കുന്നു എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ വീഡിയോയിൽ വ്യക്തമാക്കുന്നത്. ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായതോടെ ഫുസായിയുടെ നിരവധി ആരാധകരാണ് അവൻ്റെ ബോണസ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.