
കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ കണ്ടുമുട്ടുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ജോർജിയ മെലോണിയ മുറിയിലേക്ക് കയറി വന്നതും ഔപചാരിക അഭിവാദനത്തിന് പകരം മാർക്ക് കാർണി തൻറെ ഇരിപ്പിടത്തിന് അടുത്തുനിന്ന് ഒരു ഉറ്റ സുഹൃത്തിനെ കണ്ടുമുട്ടുന്ന സന്തോഷത്തോടെ തുള്ളിച്ചാടി അവരെ സ്വീകരിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഏറെ സന്തോഷത്തോടെ മെലോണിയയെ സ്വീകരിക്കുന്ന കാർണി ചെറുപുഞ്ചിരിയോടെ അവരെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ടാണ് തുടർന്ന് ഉഭയകക്ഷി ചർച്ചയിലേക്ക് അവരെ സ്വാഗതം ചെയ്തത്. മാർക്ക് കാർണിയുടെ ഈ അഭിവാദനമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മെലോണി മുറിയിലേക്ക് പ്രവേശിച്ചപ്പോഴാണ് കാർണി പെട്ടെന്ന് സന്തോഷത്തോടെ ഒന്ന് തുള്ളിച്ചാടി പുഞ്ചിരിച്ചുകൊണ്ട് അവരെ സ്വീകരിച്ചത്. അതോടൊപ്പം തന്നെ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും കവിളിൽ ചുംബിക്കുകയും ചെയ്തു. ഇത് പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ പരസ്പരം അഭിവാദനം ചെയ്യുമ്പോൾ നടത്തുന്ന തീർത്തും സാധാരണമായ സാമൂഹിക ആംഗ്യമാണ്.
വീഡിയോയിൽ തന്‍റെ ഇരിപ്പിടത്തിന് പിന്നിൽ കനേഡിയൻ പതാകയും മാർക്ക് കാർണിയുടെ ഇരിപ്പിടത്തിന് പിന്നിൽ ഇറ്റാലിയൻ പതാകയും കണ്ട് മെലോണി ആദ്യം അമ്പരക്കുന്നതും വീഡിയോയിൽ കാണാം. പതാകകൾ ഇങ്ങനെ പരസ്പരം മാറ്റി സ്ഥാപിച്ചതിനെക്കുറിച്ച് അവർ മാർക്ക് കാർണിയോട് തമാശ രൂപേണ ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്‍റെ പ്രതീകമായാണ് ഇത്തരത്തിൽ പതാകകൾ മാറ്റി സ്ഥാപിച്ചത് എന്നായിരുന്നു കാർണിയുടെ മറുപടി.
ചർച്ചയിൽ, സംഘടിത കുറ്റകൃത്യങ്ങൾ, രാജ്യാന്തര അടിച്ചമർത്തൽ, വിദേശ ഇടപെടൽ എന്നിവയ്‌ക്കെതിരെയുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ നേതാക്കൾ സമ്മതിച്ചതായാണ് കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. ഏതായാലും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതേസമയം ടീച്ചറെ കണ്ട കുട്ടിയെ പോലെ കാർണി അറ്റന്‍ഷന്‍ നിന്നാണെന്ന് ചിലര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു.