'ഭയക്കേണ്ട ഒന്നും സംഭവിക്കില്ല', മക്കളെ  ആശ്വസിപ്പിച്ചതിന് പിന്നാലെ, ഗാസയിലെ ആ പിതാവ് കൊല്ലപ്പെട്ടു

By Web TeamFirst Published May 19, 2021, 10:03 PM IST
Highlights

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അഹമ്മദ് സ്വന്തം യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തു. അതു കഴിഞ്ഞ് മൂന്നാം ദിവസം. 'ഭയക്കേണ്ട' എന്ന് കുട്ടികളെ സമാധാനിപ്പിച്ച അയാള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വിമാനങ്ങളില്‍നിന്നുതിര്‍ത്ത ബോംബുകള്‍ അയാളെ ഇല്ലാതാക്കി. 

ഗാസ: പെരുന്നാള്‍ ദിവസമാണ് അഹമ്മദ് മക്കള്‍ക്ക് ആ കളിപ്പാട്ടം വാങ്ങിക്കൊടുത്തത്. ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ തീ തുപ്പുന്ന ഗാസയിലാണ് അഹമ്മദിന്റെ വീട്. ആകാശത്താകെ ബോംബര്‍ വിമാനങ്ങള്‍ നിറയുന്നതും മനുഷ്യര്‍ കൊല്ലപ്പെടുന്നതും കണ്ട് ആധി കേറിയ കുട്ടികളുടെ ശ്രദ്ധ അല്‍പ്പനേരത്തേക്ക് മാറ്റാനായിരുന്നു ആ പിതാവിന്റെ ശ്രമം. അതു വിജയിച്ചു. കുട്ടികള്‍, എന്നത്തെയും പോലെ കാന്തം കൊണ്ടുള്ള പാവയ്ക്കു മുന്നിലിരുന്നു. 

എന്നാല്‍, അന്നേരവും കേള്‍ക്കാമായിരുന്നു യുദ്ധവിമാനങ്ങളുടെ ഹുങ്കാരം. സൈറണ്‍ മുഴങ്ങി. കുട്ടികള്‍ നിലവിളി തുടങ്ങി. അവരെ സമാധാനിപ്പിച്ചു, ആ പിതാവ്.  'പേടിക്കണ്ട, നിങ്ങള്‍ കളിച്ചോ, ഇതൊക്കെ ഇപ്പോ തീരും'-അയാള്‍ പറഞ്ഞു. 

ആര്‍ക്കുമത് വിശ്വസിക്കാനാവില്ലായിരുന്നു. ഡാഡി എന്ന് അലറിവിളിച്ച് കുട്ടികള്‍ തലയണകള്‍ക്കടിയില്‍ മുഖം പൂഴ്ത്തി. അവര്‍  കൂട്ടക്കരച്ചില്‍ തുടങ്ങി. 

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അഹമ്മദ് സ്വന്തം യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തു. അതു കഴിഞ്ഞ് മൂന്നാം ദിവസം. 'ഭയക്കേണ്ട' എന്ന് കുട്ടികളെ സമാധാനിപ്പിച്ച അയാള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വിമാനങ്ങളില്‍നിന്നുതിര്‍ത്ത ബോംബുകള്‍ അയാളെ ഇല്ലാതാക്കി. 

യൂ ട്യൂബര്‍ എന്ന നിലയിലാണ് അഹമ്മദ് കുറച്ചു നാളായി സ്വയം പരിഗണിച്ചിരുന്നത്.  നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കി ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തിനും പകരം ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തുവിടുന്ന റോക്കറ്റുുകള്‍ക്കുമിടയില്‍ ഗാസയില്‍ സാധാരണ മനുഷ്യര്‍ എങ്ങനെയാണ് ജീവിക്കുന്നത്? ഇക്കാര്യമാണ് യൂ ട്യൂബിലൂടെ അഹമ്മദ് പറയാന്‍ ശ്രമിച്ചത്. 

 

 

ഗാസ ചീന്തിലെ താമസക്കാരനാണ് അഹമദ് അല്‍ മന്‍സി എന്ന 35 -കാരന്‍. രണ്ട് പെണ്‍മക്കളാണ്. സാറയ്ക്ക് 12 വയസ്സ്. ഹലായ്ക്ക് ആറു വയസ്സ്. അവരുടെ കണ്ണിലൂടെ ഗാസയിലെ അവസ്ഥകളെ വിവരിക്കുന്നതാണ്  അറബ് ഭാഷയിലുള്ള ആ യൂ ട്യൂബ് ചാനല്‍. നാലു മാസമായി അയാള്‍ അവിടെ സജീവമായിരുന്നു. 

അതിനിടയ്ക്കാണ് ഒമ്പതു ദിവസമായി തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണം. ഏതു നിമിഷവും കൊല്ലപ്പെടുമെന്ന സാദ്ധ്യതയാണ് അത് ഫലസ്തീനിലുണ്ടാക്കിയത്. ആകാശമാകെ ബോംബര്‍ വിമാനങ്ങളാണ്. അതെവിടെയും ബോംബിടാം. താഴെയുള്ളവര്‍ കത്തിച്ചാമ്പലാവാം. ആ ഭയത്തിനിടയില്‍ കുടുങ്ങിയ സ്വന്തം മക്കളുടെ ആധി മാറ്റാനാണ് മറ്റെല്ലാ രക്ഷിതാവിനെയും പോലെ അഹമ്മദും ശ്രമിച്ചത്. 

ബുധനാഴ്ചയാണ് കുട്ടികളെ സമാധാനിപ്പിക്കുന്ന വീഡിയോ അഹമ്മദ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ശനിയാഴ്ച കഥ മാറി. ആകാശത്തിലെ ബോംബ് അതിന്റെ പണിയെടുത്തു. നാലു മാസമായി യൂട്യൂബിലൂടെ ഗാസയിലെ വര്‍ത്തമാനങ്ങള്‍ ലോകത്തോടു പറഞ്ഞ ആ ചെറുപ്പക്കാരന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മക്കളോട് ഭയക്കേണ്ടെന്ന് പറയുന്ന ആ വീഡിയോ അയാളുടെ അവസാനത്തെ ദൃശ്യമായിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 213 പേരില്‍ വെറുമൊരു അക്കമായി അഹമ്മദ് മാറി. എന്നാല്‍ അതിന് മുന്‍പ് തന്റെ മക്കളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റാന്‍ ആ പിതാവിന് കഴിഞ്ഞു.

'കൊല്ലപ്പെടുന്നതിന്റെ തലേന്ന് അഹമ്മദ് ഇളയ മകള്‍ ഹാലയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു'-ഗാസയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും അഹമ്മദിന്റെ ജ്യേഷ്ഠനുമായ ഹമദ് ബ്രിട്ടനിലെ 'ദ് ഇന്‍ഡിപെന്‍ഡന്റ്' ചാനലിനോട് പറഞ്ഞു. 'മക്കളെ സന്തോഷിപ്പിക്കുന്നതിനും ശ്രദ്ധതിരിക്കാനും അവരുടെ ഭയം മാറ്റാനും അവന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്തു,'' ഹമദ് കൂട്ടിച്ചേര്‍ക്കുന്നു. 

പിറ്റേന്ന്, വ്യോമാക്രമണം ശക്തമായതിനിടെ ഭാര്യയെയും മക്കളെയും അഹമ്മദ് അവിടെനിന്നും മാറ്റി. തുടര്‍ന്ന്, അയാള്‍ സേഹാദരനായ ഹമദിനെ സഹായിക്കാന്‍ ചെന്നു. ഒപ്പം, മറ്റൊരു സഹോദരന്‍ യൂസഫുമുണ്ടായിരുന്നു. ''നിലവിളിക്കുന്ന കുട്ടികളെ എങ്ങനെയോ ഹമദ് മറ്റൊരിടത്തേക്കു മാറ്റി. തുടര്‍ന്ന് വീട്ടിലേയ്ക്ക് വന്നുകൊണ്ടിരുന്ന ഹമദിനെ കാത്ത് തെരുവില്‍ നില്‍ക്കുകയായിരുന്നു യൂസഫും അഹമ്മദും. പെട്ടെന്നാണ് ഒരു മിസൈല്‍ വന്നുവീണത്. ഹമദ് എത്തുമ്പോള്‍ അവര്‍ പാതി ജീവനോടെ തെരുവില്‍ കിടക്കുകയായിരുന്നു. ആംബുലന്‍സിനായി ഹമീദ് നിലവിളിച്ചെങ്കിലും റോക്കറ്റുകളുടെയും യുദ്ധവിമാനങ്ങളുടെയും ശബ്ദത്തില്‍ ആരും കേട്ടില്ല'-പറയുന്നത്  ഹനീന്‍. ഹമദിന്റെ ഭാര്യ. 

പേടിപ്പെടുത്തുന്ന ആ ദിവസം ഹനീന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ''എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കണമായിരുന്നു. അതാണ് ഞാനവ ഷൂട്ട് ചെയ്തത്.''-ഹനീന്‍ പറയുന്നു.

ആ ദൃശ്യങ്ങളില്‍ ചിലതും അഹമ്മദ് പകര്‍ത്തിയ ചിത്രങ്ങളും 'ദ് ഇന്‍ഡിപ്പന്‍ഡന്റ്' ഒരു വീഡിയോയായി പുറത്തുവിട്ടിട്ടുണ്ട്. മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണ് ആ ദൃശ്യങ്ങള്‍. 

ആ വീഡിയോ ഇവിടെ കാണാം.

click me!