അതൊരു കൊവിഡ് ദുരഭിമാനക്കൊല ആയിരുന്നോ?

By Web TeamFirst Published May 17, 2021, 7:19 PM IST
Highlights

എന്റെ കൊവിഡ് ദിനങ്ങള്‍. ജസീന റഹിം എഴുതുന്ന കൊവിഡ് അനുഭവക്കുറിപ്പുകള്‍ ആറാം ഭാഗം

ഈ കുറിപ്പ് എഴുതി കൊണ്ടിരിക്കുമ്പോഴാാണ് സുഖവിവരമന്വേഷിച്ച് മറ്റൊരു സുഹ്യത്തിന്റെ ഫോണ്‍ കോള്‍ വന്നത്. സംസാരത്തിനിടയിലാണ്,  അപ്പോള്‍ നടന്ന ഒരു കോവിഡ് മരണത്തെക്കുറിച്ച് സുഹ്യത്ത് പറഞ്ഞത്. കൊവിഡ് ദുരഭിമാനക്കൊല എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു മരണം.  

 


''പ്രിയപ്പെട്ട ജസീന, നിന്റെ കൊവിഡ് പൂര്‍ണ്ണമായും ഭേദമായിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. നിന്റെ കോവിഡ് അനുഭവങ്ങള്‍ വായിച്ചു. നന്നായി പറയുന്നുണ്ട്....ഒരു കാര്യം നിന്നോട് പറയാനുണ്ട്. എന്റെ മനസ്സിനെ പിടിച്ചുലച്ച ഒരു സംഭവം. കഴിയുമെങ്കില്‍ അത് നീയൊന്ന് എഴുതണേ.. അതൊരിക്കലും ഒരു ഫ്രെയിമിലാക്കി എഴുതാന്‍ എനിക്കറിയില്ല. ഞാന്‍ അനുഭവിച്ച ഇമോഷന്‍സ് നിന്റെ കുറിപ്പിലൂടെ പുറം ലോകം കാണണമെന്നാണ് ആഗ്രഹം.''

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ തുടര്‍ച്ചയായി വന്ന് കൊണ്ടിരിക്കുന്ന 'എന്റെ കൊവിഡ് ദിനങ്ങള്‍' പരമ്പര വായിച്ചതിന് ശേഷം ത്യശൂര്‍ കാനാട്ട്കരയില്‍ നിന്നും ബാബു അയച്ചതായിരുന്നു ഈ വോയിസ് മെസേജ്. 

പിസി എസ് ജെ സാക്ഷരതാ പ്രവര്‍ത്തകര്‍ക്കായി എറണാകുളത്ത് നടത്തിയ ഒരു മാസം ദൈര്‍ഘ്യമുള്ള  കോഴ്‌സില്‍ സഹപാഠിയായിരുന്നു ബാബു. ഇപ്പോള്‍ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറാണ്. 

കൊവിഡ് രോഗത്തിന്റെ ഇടവേളയില്‍ ആശുപത്രി ബെഡില്‍ കിടക്കുന്നതിനിടെ, വാട്ട്‌സപ്പില്‍ വീണ്ടും ബാബുവിന്റെ വോയിസ് മെസേജ് വന്നു. 

''ഒക്‌ടോബറില്‍ പന്ത്രണ്ട ദിവസം ഞാന്‍ ത്യശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ട്രീറ്റ്‌മെന്റിലായിരുന്നു. അവിടെ വെച്ച് ധാരാളം കോവിഡ് അനുഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായി. ആളുകള്‍ ഇങ്ങനെ മരിച്ചുപോവുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വന്നു.''-ബാബു പറയുന്നു. 

ബാബുവിന്റെ മേല്‍വിലാസം ഉറക്കത്തില്‍ നിന്നുണര്‍ത്തിയാല്‍ പോലും കൂളായി പറയാനാവും വിധം എനിക്ക് മനപാഠമായിരുന്നു. അതിനുശേഷം, യാതൊരു കോണ്‍ടാക്ടുമില്ലാതിരുന്ന ബാബുവിനെ നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കാണ് കണ്ടെത്തി നല്‍കിയത്. 

ബാബുവിന്റെ ഒരു മെസേജ് കൂടി അല്‍പ നിമിഷത്തിനകം വന്നു.  

''പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള റഷീദും, എഴുപത്തിയെട്ട് വയസ്സായ പീറ്ററേട്ടനും തലേ നാള്‍ കിടന്നുറങ്ങിയത് എന്റെ വാര്‍ഡില്‍, എന്റെ അടുത്ത ബെഡുകളിലായിരുന്നു. പിറ്റേ ദിവസം ഉണര്‍ന്നപ്പോള്‍ അവരെ കാണാനില്ല. അന്വേഷിച്ചപ്പോള്‍, ലെതര്‍ പാക്കറ്റിലാക്കിയ അവരുടെ ചേതനയറ്റ ശരീരമാണ് കണ്ടത്. ആ നടുക്കം ഇനിയുമെന്നെ വിട്ട് മാറിയിട്ടില്ല. പക്ഷേ ഇതിനെല്ലാം അപ്പുറമാണ്, നീയെഴുതണമെന്ന് ഞാനാദ്യം പറഞ്ഞ ആ സംഭവം. അത് ഷാഹുലിന്റെ കഥയാണ്.''

പറയൂ, എന്താണ് ഷാഹുലിന്റെ കഥ? 

അവശതയ്ക്കിടയിലും ഞാന്‍ ബാബുവിന് മറുപടി മെസേജ് അയച്ചു. അല്‍പ്പ നിമിഷത്തിനകം മറുപടിയായി അല്‍പ്പം ദീര്‍ഘമായ ഒരു വോയിസ് മെസേജ്-അല്ല ജീവിതം-എന്നെത്തേടി വന്നു. 

''അന്നൊക്കെ കോവിഡ് പോസിറ്റീവായ രോഗികള്‍ക്കൊപ്പം, വേണ്ടത്ര മുന്‍കരുതലോടെ കൂട്ടിരുപ്പുകാരെ അനുവദിച്ചിരുന്നു. ആ സമയത്താണ് ഏകദേശം എഴുപത്തിയെട്ട് വയസ്സോളം പ്രായമുള്ള ഷാഹുല്‍ എന്ന വ്യദ്ധനെ വീല്‍ ചെയറില്‍ കൊവിഡ് വാര്‍ഡിലേക്ക് കൊണ്ട് വന്നത്. തീര്‍ത്തും അനാഥനെന്ന പോലെ ക്ഷീണിതനായിരുന്നു അദ്ദേഹം. ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞെന്ന് പറഞ്ഞറിഞ്ഞു. എന്നാലും അതിന്റെ ക്ഷീണമൊന്നും ആ മുഖത്തില്ല. 

എനിക്ക് അല്‍പ്പം സമാധാനമുള്ള സമയമായിരുന്നു. ആ മനുഷ്യനെ സഹായിക്കാന്‍ ഞാന്‍ റെഡിയായി. 

രണ്ടാം ദിവസം ഞാനയാളോട് ചോദിച്ചു, 'നിങ്ങളെ കൂടെയാരുമില്ലേ?' 

ഒരു ചിരിയോടെ 'ഓളപ്പുറമുണ്ടല്ലോ' എന്ന് മൂപ്പര് മറുപടി പറഞ്ഞു. എന്തോ ഒരു ശരിയില്ലായ്മ ഉള്ള മറുപടി. 

മൂന്നാം ദിവസം, അദ്ദേഹത്തിനോടൊപ്പം കൂട്ടിരിക്കാനെത്തിയവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ഞാനറിഞ്ഞു.

'ഓള്‍' അപ്പുറമുണ്ട് എന്നദ്ദേഹം പറഞ്ഞത് ശരിയായിരുന്നു, രണ്ടു ദിവസം മുമ്പു വരെ. കടുത്ത കൊവിഡ് ബാധിച്ച അവരെയും അദ്ദേഹത്തോടൊപ്പം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, കോവിഡ് മരണ പട്ടികയില്‍ രണ്ടു ദിവസം മുമ്പു അവരുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു.  

തീര്‍ന്നില്ല, ജസീനാ...ഭാര്യ പോയതറിയാതെ, പിറ്റേന്ന് മൂപ്പരും മരിച്ചു.''

ഉപമയോ അലങ്കാരങ്ങളോ ഒന്നുമില്ലാതെ, നേര്‍ക്കുനേരെ, കിറുകൃത്യമായി സംസാരിക്കുന്നയാളാണ് ബാബു. ആ ബാബുവിന്റെ ശബ്ദത്തില്‍ പോലും, സങ്കടത്തിന്റെ വേലിയേറ്റം വൈകാരികമായ കടലിളക്കമുണ്ടാക്കിയിരുന്നു.  
 

..............................

Read more: പ്രിയപ്പെട്ട കൊറോണാ, നീയൊന്ന് പോവാമോ?
..............................

 

ഈ കുറിപ്പ് എഴുതി കൊണ്ടിരിക്കുമ്പോഴാാണ് സുഖവിവരമന്വേഷിച്ച് മറ്റൊരു സുഹ്യത്തിന്റെ ഫോണ്‍ കോള്‍ വന്നത്. സംസാരത്തിനിടയിലാണ്,  അപ്പോള്‍ നടന്ന ഒരു കോവിഡ് മരണത്തെക്കുറിച്ച് സുഹ്യത്ത് പറഞ്ഞത്. കൊവിഡ് ദുരഭിമാനക്കൊല എന്ന് വേണമെങ്കില്‍ പറയാവുന്ന ഒരു മരണം.  

സാമ്പത്തികമായി വളരെ മെച്ചപ്പെട്ട അവസ്ഥയിലുള്ള കുടുംബം. ആ വീട്ടിലെ ഗ്യഹനാഥന് കോവിഡ് ബാധിച്ചു. എന്നാല്‍, അക്കാര്യം പുറത്തറിയാതിരിക്കാന്‍ അവര്‍ ശ്രമിക്കുന്നു. രോഗിയുടെ നില മോശമാവുന്നു. ഓക്‌സിജന്‍ നില കുറയുന്നു. എന്നിട്ടും ആരും പുറം ലോകത്തെ അറിയിച്ചില്ല. ചികില്‍സ കിട്ടിയില്ല. ഒട്ടും സമയമെടുത്തില്ല, പ്രാണവായു കിട്ടാതെ മരിച്ചു, അദ്ദേഹം. തുടക്കത്തിലേ ക്യത്യമായ ചികിത്സ കിട്ടിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന മരണം. മരിച്ചു കഴിഞ്ഞാല്‍ പിന്നെ പണവും പ്രതാപവും ഒക്കെ എന്തിനാണ്? 

തൊട്ടടുത്തു നിന്നും മനുഷ്യരെ കൊവിഡിന്റെ രൂപത്തില്‍ മരണം കൊണ്ടുപോവുന്ന വാര്‍ത്തകള്‍ എത്ര സാധാരണമായിരിക്കുന്നു. 

എല്ലാ ചൊവ്വാഴ്ചകളിലും അതിരാവിലെ മാത്യഭൂമി ആഴ്ച്ചപതിപ്പ് ഞങ്ങളുടെ മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടറിനടിയില്‍ തിരുകി വെച്ചിട്ട് പോകുമായ പത്രം ഏജന്റ് കൂടിയായിരുന്ന മഞ്ഞിപ്പുഴ ഇക്ക 'കുടുംബ പേരില്‍ അറിയപ്പെട്ടിരുന്നതിനാല്‍ ശരിക്കുമുള്ള പേര് എനിക്കിന്നും അജ്ഞാതം), ഞങ്ങളുടെ പ്രദേശത്തൊന്നാകെ നാടന്‍ പാലെത്തിക്കുകയും പശുക്കളെ പൊന്നോമനകളായി കരുതുകയും ചെയ്തിരുന്ന ഹസ്സന്‍ കുഞ്ഞ് എന്ന ബോട്ടിക്ക, ചുറുചുറുക്കിന്റെ  പര്യായമായിരുന്ന അയല്‍ക്കാരന്‍ ഷറഫിക്ക....അങ്ങനെ എത്രപേര്‍. 

ഷറഫിക്കയുടെ മരണം ഇന്നും അവിശ്വസനീയമായി തോന്നുന്നു. അതിനെ ശരിവെക്കും വിധം ഇന്നലെ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ ഇന്നലെ വരെ ഞാന്‍ കാണാതെ പോയൊരു ഫ്രണ്ട് റിക്വസ്റ്റ് കണ്ടു. ഷറഫിക്കയുടെ റിക്വസ്റ്റ്...എട്ട് മാസങ്ങള്‍ക്ക് മുന്‍പയച്ച ആ ഫ്രണ്ട് റിക്വസ്റ്റ് ഞാന്‍ അക്സപ്റ്റ് ചെയ്തത് ഇനി ഒരിക്കലും ഷറഫിക്ക അറിയില്ലല്ലോ!

 

(അടുത്ത ഭാഗം നാളെ)

 

ആദ്യ ഭാഗം: കൊറോണയെ കണ്ട നിമിഷം  അന്തരിച്ചുപോയ ഒരു ലോക്കല്‍ വൈറസ്!

രണ്ടാം ഭാഗം: സുശീല ചേച്ചിയുടെ കൊറോണ മാതാവ്! 

മൂന്നാം ഭാഗം: 'അമ്മാ, നിങ്ങള് കഴിഞ്ഞ ജന്‍മത്തില് പെരിയ സൂപ്പര്‍ സ്റ്റാര്‍'

നാലാം ഭാഗം:  സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

അഞ്ചാം ഭാഗം: അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു! 


 

click me!