
ഓഫീസ് എന്നാൽ കേവലം ഒരു ജോലിസ്ഥലം മാത്രമല്ല, ജീവനക്കാർക്ക് വൈകാരിക പിന്തുണ കൂടി നൽകേണ്ട ഒരിടമാണ്. എന്നാൽ, എല്ലാ മാനുഷിക മൂല്യങ്ങളെയും കാറ്റിൽ പറത്തുന്ന ഒരു ഇന്ത്യൻ മാനേജറിൻ്റെ ക്രൂരമായ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുത്തശ്ശൻ മരിച്ചതിനെ തുടർന്ന് അവധിക്ക് അപേക്ഷിച്ച ജീവനക്കാരന്, "അവധി എടുത്തോളൂ, പക്ഷേ ക്ലയിൻ്റ് ഇൻഡക്ഷൻ കോളിൽ പങ്കെടുക്കണം, അതിനാൽ വാട്ട്സ്ആപ്പിൽ സജീവമായിരിക്കണം" എന്ന് ആവശ്യപ്പെട്ട മാനേജരുടെ മറുപടിയാണ് ലഭിച്ചത്. ജീവനക്കാരൻ, മാനേജരുമായുള്ള ഈ സംഭാഷണത്തിൻ്റെ സ്ക്രീൻഷോട്ടുകൾ 'IndianWorkplace' എന്ന റെഡ്ഡിറ്റ് ഫോറത്തിലാണ് പങ്കുവെച്ചത്.
തന്‍റെ മുത്തശ്ശൻ്റെ മരണത്തെ തുടർന്നാണ് ഒരു ദിവസത്തെ അവധിക്കായി ജെൻ സി ജീവനക്കാരൻ മാനേജർത്ത് വാട്ട്സ്ആപ്പിലൂടെ ലീവ് റിക്വസ്റ്റ് നൽകിയത്. എന്നാൽ, ക്ലയിൻ്റ് മീറ്റിംഗ് ഉണ്ട്, അതിനാണ് കൂടുതൽ പ്രധാനമെന്ന് പറഞ്ഞുകൊണ്ട് ബോസ് അതിൽ പങ്കെടുക്കുവൻ ജീവനക്കാരനോട് ആവശ്യപ്പെടുകയും, "നിങ്ങളുടെ അച്ഛനോ അമ്മയോ അല്ലല്ലോ മരിച്ചത്," എന്ന മറുപടിയും നൽകി.
എല്ലാ അതിരുകളും ലംഘിച്ച ബോസിനോട്, ജെൻ സി ജീവനക്കാരൻ പ്രതികരിച്ചത് ഇങ്ങനെ "മരണം ഒരു മരണമാണ്. അത് എൻ്റെ കുടുംബത്തിലെ പ്രധാന അംഗമായാലും, അല്ലാത്തവരായാലും എൻ്റെ ദുഃഖത്തിന് വിലയുണ്ട്. നിങ്ങൾ നിങ്ങളുടെ ജോലിയേക്കാൾ 'മനുഷ്യരെ' എങ്ങനെ പരിഗണിക്കണം എന്ന് പഠിക്കണം," എന്നായിരുന്നു ആ തീപ്പൊരി മറുപടി . ഈ മറുപടിക്ക് ശേഷം ബോസ് നിശ്ശബ്ദനായി.
ഈ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ജീവനക്കാരൻ തൻ്റെ നിസ്സഹായത തുറന്നെഴുതി. "കഴിഞ്ഞ രണ്ട് വർഷമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സ്റ്റാഫിനെ പിരിച്ചുവിട്ടതിനെ തുടർന്ന് എൻ്റെ ജോലിഭാരം വർദ്ധിപ്പിച്ചപ്പോഴും ഞാൻ പരാതി പറഞ്ഞില്ല. എന്നാൽ, എൻ്റെ ജോലി നോക്കാൻ വേറെ ആരുമില്ലാത്തത് എൻ്റെ പ്രശ്‌നമാണോ? ഞങ്ങൾ യന്ത്രങ്ങളല്ല, മനുഷ്യരാണ്" എന്നാണ്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മാനുഷിക വികാരങ്ങൾക്കോ കുടുംബബന്ധങ്ങൾക്കോ ഒരു വിലയും കൽപ്പിക്കാതെ, ലാഭത്തെ മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളുടെ സമീപനമാണ് ഈ വാട്ട്‌സ്ആപ്പ് ചാറ്റിലൂടെ പുറത്തുവന്നത്. തൊഴിലിടത്തെ ഈ വിഷലിപ്തമായ സമീപനത്തെ ഈ ജെൻ സി ജീവനക്കാരൻ ധൈര്യത്തോടെ ചോദ്യം ചെയ്തതിനെ സോഷ്യൽ മീഡിയയിൽ കൈയ്യാടികൾ ലഭിക്കുന്നുണ്ടെങ്കിലും, ഒരു ചോദ്യം ബാക്കിയാണ്: ജീവനക്കാരുടെ മാനുഷികതയെ അവഗണിക്കുകയും, അവധി നിഷേധിക്കുകയും ചെയ്യുന്ന ഈ കോർപ്പറേറ്റ് ചിന്താഗതികൾ മാറാൻ ഇനിയും എത്ര 'Death is a death' മറുപടികൾ വേണ്ടിവരും.