
ജോലി കിട്ടി ആദ്യത്തെ ദിവസം മൂന്നാമത്തെ മണിക്കൂറിൽ തന്നെ അതുപേക്ഷിച്ച അനുഭവം പങ്കുവച്ച് യുവാവ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. വർക്ക് ഫ്രം ഹോം ആയിരുന്നു ജോലി. 9 മണിക്കൂറാണ് ജോലി ചെയ്യേണ്ടിയിരുന്നത്. അതിൽ അത്ര അധികം ജോലിയൊന്നും ചെയ്യേണ്ടി വരില്ല എന്നും പറഞ്ഞിരുന്നു. മാസം ശമ്പളം 12000 രൂപയായിരുന്നു. ആദ്യം ഈ ജോലി തനിക്ക് ചെയ്യാനാവുമെന്നാണ് യുവാവ് കരുതിയിരുന്നത്. എന്നാൽ, ജോലി തുടങ്ങി മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ ഇത് തന്റെ ദിവസങ്ങളിലേറെയും അപഹരിക്കുമെന്നും കരിയറിൽ തനിക്ക് വളർച്ചയൊന്നും ഉണ്ടാക്കാൻ സാധിക്കില്ല എന്നും യുവാവിന് മനസിലായി അതോടെയാണ് ജോലി രാജിവച്ചത്.
പോസ്റ്റ് ഷെയർ ചെയ്തതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. യുവാവിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റുകളുമായി വന്നു. അനുകൂലിച്ചവർ പ്രധാനമായും പറഞ്ഞത്, നമുക്ക് സന്തോഷം തരാതെ, സംതൃപ്തി തരാതെ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ജോലിയാണ് എങ്കിൽ അത് ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. നമുക്ക് സന്തോഷവും സംതൃപ്തിയും തരുന്ന മറ്റൊരു ജോലിക്ക് വേണ്ടി അന്വേഷിച്ചാൽ മതിയാവും എന്നാണ്.
അതേസമയം, എക്സ്പീരിയൻസ് എന്ന നിലയിൽ ഈ ജോലി കുറച്ചുകാലം ചെയ്ത് നോക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഒരുപാടുണ്ട്. മാത്രമല്ല, ജോലിക്ക് ചേരും മുമ്പ് ഇത്രയധികം നേരം ജോലിക്ക് വേണ്ടി ചെലവഴിക്കേണ്ടി വരും, 12000 രൂപ മാത്രമേ ശമ്പളമുള്ളൂ ഇതൊന്നും അറിയില്ലായിരുന്നോ എന്നും പലരും ചോദിച്ചു. എക്സ്പീരിയൻസ് നേടിയെടുത്ത ശേഷം പുതിയൊരു ജോലി കണ്ടെത്തുകയും അതിലേക്ക് മാറുകയും ചെയ്യുന്നതായിരുന്നില്ലേ കൂടുതൽ നല്ലത് എന്ന് ചോദിച്ചവരും ഉണ്ട്. അതേസമയം, താൻ ഒരു മത്സരപരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നും അതിനിടയിൽ പാർട് ടൈം ജോലി മാത്രമാണ് അന്വേഷിക്കുന്നത് എന്നും യുവാവ് പറയുന്നുണ്ട്.