
പ്രണയിക്കുന്നതും ഡേറ്റിംഗിന് പോകുന്നതുമെല്ലാം ഒരു കാലത്ത് വലിയ സാഹസികതയായിരുന്നു. എന്നാൽ, പുതിയ കാലത്തെ ജെൻ സി യുവക്കളിൽ ഈ 'പ്രണയ സാഹസികത'യുടെ പേര് മറ്റൊന്നാണ്: 'വൈറൽ' ആവുമോ എന്ന ഭയം... സോഷ്യൽ മീഡിയയുടെ ലോകത്ത് പ്രണയത്തിന് ഏറ്റവും വലിയ തടസ്സമായി മാറിയിരിക്കുന്നത് 'നോ-കെമിസ്ട്രി' അല്ല, മറിച്ച് 'നോ-പ്രൈവസി'യാണ്. ഒരു ചുംബനം, ഒരു സംഭാഷണം, ഒരു നോട്ടം... ഇതെല്ലാം എപ്പോൾ വേണമെങ്കിലും രഹസ്യമായി ചിത്രീകരിക്കപ്പെടാം, ട്രോളുകളായി പരിണമിക്കാം എന്നതാണ് സത്യം.
പഠനങ്ങൾ അനുസരിച്ച്, ഡേറ്റിംഗ് രംഗത്ത് ജെൻ സി യുവാക്കൾ വലിയ ഭയം നേരിടുന്നുണ്ട്. അതിന് കാരണമാകട്ടെ, തങ്ങളുടെ ഡേറ്റിംഗ് സംബന്ധിയായ കാര്യങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യപ്പെട്ട് ഇൻ്റർനെറ്റിൽ വൈറലാകുമോ എന്ന ആശങ്കയാണ്. ഒരു മോശം ഡേറ്റ് അനുഭവം, അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ഒരു വാക്ക് പോലും നിമിഷനേരം കൊണ്ട് ഓൺലൈനിൽ പ്രചരിക്കുകയും പൊതുജന വിചാരണയ്ക്ക് കാരണമാവുകയും ചെയ്യുമോ എന്ന ചിന്ത ഇവരെ വേട്ടയാടുന്നു.
VICE പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്, ഡേറ്റിംഗിന് പോയാൽ ഉണ്ടാകുന്ന ഒരൊറ്റ മോശം അനുഭവം പോലും രഹസ്യമായി ചിത്രീകരിച്ച് ഇൻ്റർനെറ്റിൽ പങ്കുവെക്കപ്പെടാം. ഇത് വ്യക്തിപരമായ നാണക്കേടിന് അപ്പുറം, തങ്ങളുടെ കരിയറിനെ പോലും ദോഷകരമായി ബാധിച്ചേക്കാം എന്ന ഭയം ജെൻ സി യുവാക്കളെ വല്ലാതെ അലട്ടുന്നു. താൻ ചെയ്യുന്ന ഒരു തെറ്റിന് അല്ലെങ്കിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒന്നിന് വിചാരണ നേരിടേണ്ടി വരുമോ എന്ന ആശങ്ക അവരെ ഡേറ്റിംഗ് ബന്ധങ്ങളിൽ നിന്ന് അകറ്റി നിർത്താൻ കാരണമാകുന്നു.
പൊതുസ്ഥലങ്ങളിൽ പോലും ആളുകൾ തങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടോ എന്ന ഭയം ഇവരിൽ കൂടുതലാണ്. മുൻ തലമുറയ്ക്ക് ഒരു ഡേറ്റിംഗിലുടാക്കുന്ന പരാജയം വ്യക്തിപരമായ അനുഭവം മാത്രമായി ഒതുങ്ങിയിരുന്നുവെങ്കിൽ, ഈ തലമുറയ്ക്ക് അത് സോഷ്യൽ മീഡിയയിൽ വഴി അവതരിപ്പിക്കപ്പെടുന്ന ഒരു 'റിയാലിറ്റി ഷോ' ആയി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡേറ്റിംഗ് പോലുള്ള വ്യക്തിപരമായ കാര്യങ്ങൾ പോലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ ജെൻ സി യുവാക്കൾ നിർബന്ധിതരാകുന്നു.
ലൈക്കുകളും ഷെയറുകളും ട്രോളുകളും തൻ്റെ ജീവിതത്തെ തകർക്കുമോ എന്ന ചിന്തയിൽ പലരും പ്രണയബന്ധങ്ങളെ പൂർണ്ണമായും ഒഴിവാക്കുകയോ, അല്ലെങ്കിൽ അത് കണിശമായി രഹസ്യമായി സൂക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു. ഈ ഡിജിറ്റൽ യുഗം യുവതലമുറയിൽ ഒറ്റപ്പെടൽ വർദ്ധിപ്പിക്കുന്നു എന്നാണ് സോഷ്യൽ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 'ഡേറ്റിംഗ് അപകടകരമാണ്' എന്ന ചിന്ത അവരിൽ ബന്ധങ്ങളോടുള്ള ഭയം വളർത്തുന്നു. പ്രണയബന്ധങ്ങൾ പോലും ഇൻ്റർനെറ്റിൽ വൈറൽ ആവുമോ എന്ന ഭയം പേറി നടക്കുന്ന ഈ ജെൻ Z തലമുറ പ്രണയിക്കാൻ മറന്നുപോകുമോ എന്ന ചോദ്യമാണ് ഇനി സോഷ്യൽ മീഡിയ ലോകത്ത് ഉയരുന്നത്.