
അധികസമയം ജോലി ചെയ്ത് കമ്പനി മേധാവികളെ പ്രീതിപ്പെടുത്തുന്ന പഴയ രീതികൾ തള്ളിപ്പറഞ്ഞ് പുതിയ തലമുറ. ജോലിക്ക് കൃത്യമായ സമയവും ജീവിതത്തിന് സ്വന്തം സ്വാതന്ത്ര്യവും വേണമെന്ന 'ജെൻ സി' (Gen Z) ജീവനക്കാരുടെ പുതിയ ഓഫീസ് ശീലങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ശീതൾ റിജ്‌വാനി എന്ന എക്സ് (ട്വിറ്റർ) യൂസർ തന്റെ ബന്ധു പങ്കുവെച്ച ഓഫീസ് അനുഭവം എക്സിൽ കുറിച്ചതോടെയാണ് ഈ വിഷയം വലിയ ചർച്ചയായത്. ബോസിനെ കാണിക്കാൻ വേണ്ടി മാത്രം അധികസമയം ജോലി ചെയ്യുന്ന 'മില്ലേനിയൽ' തലമുറയ്ക്ക് ഇതിനെതിരെ പ്രതികരിക്കാൻ ധൈര്യമില്ലെന്നും, അവർ ചൂഷണങ്ങൾ സഹിച്ച് ശീലിച്ചവരാണെന്നും പോസ്റ്റിൽ പറയുന്നു. ഓഫീസിലെ ജെൻ സി ജീവനക്കാരെല്ലാം ഒരേ ചിന്താഗതിക്കാരാണ്. ജോലിസമയം കഴിഞ്ഞാൽ ആരും മാനേജർമാരെ കാണിക്കാൻ വേണ്ടി ഓഫീസിൽ ഇരിക്കാറില്ല. എല്ലാവരും ഒന്നിച്ച് കൃത്യസമയത്ത് ഇറങ്ങും.
ജോലിസമയം കഴിഞ്ഞാലോ വാരാന്ത്യങ്ങളിലോ ഓഫീസിൽ നിന്നുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകാൻ ഇവർ തയ്യാറാകാറില്ല. മാനേജർമാർ മോശമായി പെരുമാറിയാൽ ഈ ജീവനക്കാർ നേരിട്ട് എച്ച്.ആറിന് (HR) പരാതി നൽകും. ഇവരുടെ ശക്തമായ കൂട്ടായ്മ കാരണം എച്ച്.ആറിന് മാനേജർമാർക്കെതിരെ നടപടിയെടുക്കേണ്ടി വരുന്നു. ഓഫീസിലെ എയർ കണ്ടീഷണർ പ്രവർത്തിക്കാതിരുന്ന ഒരു ദിവസം, എച്ച്.ആറിനെ വിവരമറിയിച്ച ശേഷം ഓഫീസിൽ നിന്നും പുറത്തുപോയ ജെൻ സി ജീവനക്കാർ എസി നന്നാക്കിയ ശേഷം മാത്രമാണ് ഓഫീസിലേക്ക് മടങ്ങി വന്നതെന്നും പോസ്റ്റിൽ പറയുന്നു.
യുവതിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. മില്ലേനിയലുകൾക്ക് ധൈര്യമില്ലെന്ന പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: 'മില്ലേനിയലുകൾക്ക് ഹോം ലോണുകളും കുടുംബ ഉത്തരവാദിത്തങ്ങളും ഉള്ളതിനാലാണ് അവർ ഇത്തരം റിസ്കുകൾ എടുക്കാത്തത്, അല്ലാതെ ധൈര്യമില്ലാത്തത് കൊണ്ടല്ല'.
Gen Z might actually be the generation that changes toxic work culture.
My Gen Z cousin told me they have a group at work with only Gen Z employees.
They all leave the office together, on time. Nobody stays late just to impress the manager. Nobody answers work calls on…— Sheetal Rijhwani (@RijhwaniSheetal) June 26, 2026
അതേസമയം, എ.ഐ (AI) മൂലം തൊഴിലില്ലായ്മ വർദ്ധിക്കുന്ന ഈ കാലത്ത് ഇത്തരം പിടിവാശികൾ കരിയറിനെ ബാധിക്കുമെന്നും, ജോലി കൃത്യമായി തീർക്കാൻ ചിലപ്പോഴൊക്കെ അധികസമയം നൽകേണ്ടി വരുമെന്നും ഒരുവിഭാഗം വാദിക്കുന്നു. എങ്കിലും, കൃത്യമായ വർക്ക്-ലൈഫ് ബാലൻസിന് വേണ്ടിയുള്ള ജെൻ സിയുടെ ഈ മാറ്റത്തെ ഭൂരിഭാഗം പേരും സ്വാഗതം ചെയ്യുന്നുണ്ട്.