
ഇന്ത്യയിലെ ഡാൻസ് ഫ്ലോറുകളിൽ മുഴങ്ങുന്നത് പോപ്പ് ഹിറ്റുകളോ ഇഡിഎം മോ അല്ല; മറിച്ച്, "ഹരേ കൃഷ്ണ ഹരേ രാമ" എന്ന കീർത്തനങ്ങളാണ്, മെട്രോ നഗരങ്ങളിലെ ജെൻ സി ഇപ്പോൾ തിരയുന്നതും ഇതുതന്നെ. ഭക്തിയും സംഗീതവും ആധുനിക ബീറ്റുകളുമായി സംയോജിപ്പിച്ച് പുതിയൊരു ഊർജ്ജം നൽകുന്ന 'ഭജൻ ക്ലബ്ബിംഗ്' ആണ് ഇപ്പോൾ ട്രെൻഡ്. പാർട്ടികളുടെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തിയെഴുതുകയാണ് ഇത്.
മുംബൈയിലും, കൊൽക്കത്തയിലുമായി 'ഭജൻ ക്ലബ്ബിംഗിന്' പിന്നിൽ ശ്രദ്ധേയരായ ഒരു കൂട്ടം കലാകാരന്മാരുണ്ട്. അതിലൊന്ന് 'ബാക്ക്സ്റ്റേജ് സിബ്ലിംഗ്സ്' സംഗീത കൂട്ടായ്മയാണ്. പ്രാചി, രാഘവ് എന്നി രണ്ട് സഹോദരങ്ങളാണ് ഈ സംഗീത കൂട്ടായ്മക്ക് പിന്നിൽ.
പരമ്പരാഗതമായി ക്ഷേത്രങ്ങളിലോ, ഭക്തിസംഗമങ്ങളിലോ കേട്ട് പരിചയിച്ച ഭജനകളും, കീർത്തനങ്ങളും ആധുനിക ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിന്റെ ബീറ്റുകളുമായി ചേരുമ്പോഴാണ് 'കീർത്തൻ ബീറ്റ്സ്' എന്ന പുത്തൻ സംഗീതാനുഭവം പിറവിയെടുക്കുന്നത്. മദ്യമോ മയക്കുമരുന്നോ ഇല്ലാത്ത, ശുദ്ധമായ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലഹരി മണിക്കൂറുകളോളം ആസ്വദിക്കാൻ ജെൻ സികൾക്ക് ഇതിലുടെ സാധിക്കുന്നു.
ഒരു സാധാരണ ക്ലബ്ബിന്റെ അന്തരീക്ഷം, വർണ്ണാഭമായ ലൈറ്റുകൾ, മികച്ച സൗണ്ട് സിസ്റ്റം, എല്ലാവരും നൃത്തം ചെയ്യുന്ന ഒരു ഡാൻസ് ഫ്ലോർ അവിടെ മുഴങ്ങുന്നത് 'ഹരേ രാമ ഹരേ കൃഷ്ണ' പോലുള്ള പാട്ടുകൾ. ഇതാണ് ഭജൻ ക്ലബ്ബിംഗിന്റെ കാതൽ.
മാനസികാരോഗ്യത്തിനും സൗഖ്യത്തിനും പ്രാധാന്യം നൽകുന്നവരാണ് ജെൻ സി തലമുറ. സാധാരണ ക്ലബ്ബുകളിലെ 'ഹാങ്ഓവർ' നൽകുന്ന ലഹരിക്ക് പകരം, കീർത്തനങ്ങളുടെ ആഴത്തിലുള്ള വരികളും ബീറ്റുകളും ചേർന്ന് ഒരുതരം ആത്മീയ ഉണർവ് നൽകുന്നു. ഇത് വെറുമൊരു പാർട്ടിയല്ല, മറിച്ച് നൃത്തത്തിലൂടെയുള്ള ഒരുതരം ധ്യാനമാണ്.
പാട്ടും നൃത്തവും ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം യുവതലമുറയ്ക്ക് സ്ട്രെസ് കുറയ്ക്കാനും സന്തോഷം കണ്ടെത്താനും സഹായിക്കുന്നു. ഒരേ താളത്തിൽ, ഒരേ മനസ്സോടെ ആത്മീയമായ ഒരു അനുഭവം പങ്കിടുമ്പോൾ ഉണ്ടാകുന്ന സാമൂഹിക ബന്ധങ്ങൾ ഈ പരിപാടികളുടെ മറ്റൊരു ഹൈലൈറ്റാണ്. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകളും ഹോട്ടലുകളും ഇപ്പോൾ ഇത്തരം 'ഭക്തി ഡിജെ നൈറ്റുകൾ'ക്ക് വേദിയാകുന്നുണ്ട്. ഇന്ത്യയിലെ രാത്രി ജീവിതത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് ഈ 'കീർത്തൻ ബീറ്റ്സ്' തരംഗം.