ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസംമുട്ടിച്ചുകൊന്ന വര്‍ണ്ണവെറിയന്‍മാര്‍ക്ക് താക്കീതായി കൂറ്റന്‍ പ്രതിമ!

By Web TeamFirst Published Jun 18, 2021, 4:01 PM IST
Highlights

'ഭയാനകമാമൊരു മഹാമാരിയുടെ സമയത്ത് എന്തിനാണ് ഒരു ജനത മാര്‍ച്ച് നടത്തിയതെന്ന് ഓര്‍മിക്കാന്‍ ഈ പ്രതിമ കാരണമാകും

ന്യൂയോര്‍ക്ക്: 2020 മെയ് 25 നാണ്, അമേരിക്കന്‍ പൊലീസിന്റെ ക്രൂരതയ്ക്ക് ഇരയായി ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന 46 -കാരന്‍ കൊല്ലപ്പെട്ടത്.  പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ്ജിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി അദ്ദേഹത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. 'ശ്വാസം മുട്ടുന്നു'വെന്ന് അദ്ദേഹം പിടഞ്ഞ് പറഞ്ഞ ആ നേരം നൊന്തത് ലോകത്തിനാണ്. അദ്ദേഹത്തെ പോലെ കാലങ്ങളായി അടിമത്തമെന്ന ചങ്ങല മനസ്സില്‍ പേറി ഇപ്പോഴും അവിടെ ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ തീരാ നോവായിരുന്നു ആ വാക്കുകളില്‍ കൂടി പുറത്തേയ്ക്ക് വന്നത്. അദ്ദേഹം ഒരു വ്യക്തിയല്ല, മറിച്ച് നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്ന ഒരു ജനതയുടെ അപമാനത്തിന്റെ, ദുരിതത്തിന്റെ, കണ്ണുനീരിന്റെ പ്രതീകമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഉണ്ടായ പ്രക്ഷോഭത്തില്‍ നാട് വിറച്ചു, ലോകം വിറങ്ങലിച്ചു. കറുത്തവരുടെ നിലച്ചു പോയ ശ്വാസം വീണ്ടെടുത്ത, കരുത്തുറ്റ പ്രതിരോധമായി മാറി അത്.

ഇന്ന് വര്‍ണ്ണവിവേചനത്തിനെതിരെയുളള പ്രതിഷേധത്തിന്റെ പ്രതിരൂപമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അതിന്റെ ഓര്‍മ്മപ്പെടുത്തലായി ഇപ്പോള്‍ ന്യൂജേഴ്സിയിലെ നെവാര്‍ക്കില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ 700 പൗണ്ട് വരുന്ന വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കയാണ്. മേയര്‍ റാസ് ബരാക, നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിയോണ്‍ പിക്‌നി, ആര്‍ട്ടിസ്റ്റ് സ്റ്റാന്‍ലി വാട്ട്‌സ് എന്നിവരാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബുധനാഴ്ച നടന്ന ഔദ്യോഗിക ചടങ്ങിലാണ് നെവാര്‍ക്ക് സിറ്റി ഹാളിന് മുന്നില്‍ അത് സ്ഥാപിക്കപ്പെട്ടത്. ഒരു വര്‍ഷമെങ്കിലും പ്രതിമ അവിടെ തുടരുമെന്ന് അധികൃതര്‍ പറയുന്നു. വംശീയ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇത് പ്രചോദനമാകുമെന്ന് മേയര്‍ റാസ് ബരാക പറഞ്ഞു.

ശില്‍പ്പത്തിന് പണം മുടക്കിയത്  ലിയോണ്‍ പിക്‌നിയാണ്. പ്രതിമ നിര്‍മ്മിച്ചത് ശില്‍പ്പിയായ സ്റ്റാന്‍ലി വാട്സ്. വംശീയ നീതിക്കുവേണ്ടിയുള്ള നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരിക്കുമിതെന്ന് പിക്‌നി പറഞ്ഞു. ''ഭയാനകമാമൊരു മഹാമാരിയുടെ സമയത്ത് എന്തിനാണ് ഒരു ജനത മാര്‍ച്ച് നടത്തിയതെന്ന് ഓര്‍മിക്കാന്‍ ഈ പ്രതിമ കാരണമാകും. പഴയതൊന്നും ആവര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,'' -അദ്ദേഹം പറഞ്ഞു. പാര്‍ക്കിലെ ബെഞ്ചില്‍ ജോര്‍ജ്ജ് ഇരിക്കുന്നതായിട്ടാണ് ശില്പം. 

ലോകത്തിന് ശാന്തനായ ഒരു ജോര്‍ജിനെയാണ് ആവശ്യമെന്ന് ശില്‍പ്പിയായ സ്റ്റാന്‍ലി വാട്ട്‌സ് പറഞ്ഞു. ''അതുകൊണ്ടാണ് പാര്‍ക്കിലെ ബെഞ്ചില്‍ ശാന്തനായി ഇരിക്കുന്ന ജോര്‍ജ്ജിനെ രൂപകല്‍പന ചെയ്തത്. സാധാരണ മനുഷ്യനെക്കാള്‍ വലുപ്പം അദ്ദേഹത്തിന് നല്‍കി. കാരണം മരണശേഷവും ജോര്‍ജ്ജ് ഓര്‍മ്മിക്കപ്പെടും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കന്‍ ഐക്യനാടുകളിലെ അടിമത്തത്തിന്റെ അന്ത്യം കുറിക്കുന്ന ദിനമായ ജുനെതീന്തിനോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. 

click me!