ആനയുടെ നാലിരട്ടി വരുന്ന കാണ്ടാമൃഗം!

By Web TeamFirst Published Jun 18, 2021, 2:23 PM IST
Highlights

ഈ ജന്തുവിന്റെ ഭാരം 24 ടണ്ണാണ്. ആഫ്രിക്കന്‍ ആനയേക്കാള്‍ നാലിരട്ടി വരുമിത്. പേരും, രൂപവും കേട്ട് ഞെട്ടണ്ട ആള്‍ വെറുമൊരു പാവം സസ്യഭുക്കാണ്

കരയിലെ ഏറ്റവും വലിയ മൃഗം ആനയാണെന്ന് നമുക്കറിയാം. എന്നാല്‍ പണ്ട് കാലത്ത് ആനയേക്കാള്‍ ഭീകരനായ ഒരു മൃഗം ഭൂമിയില്‍ ജീവിച്ചിരുന്നു. നമ്മുടെ ഇന്നത്തെ കാണ്ടാമൃഗത്തിന്റെ പൂര്‍വ്വികരായിട്ട് വരും. 26.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലാണ് അത്തരമൊരു മൃഗം ജീവിച്ചിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഗവേഷകര്‍ പറയുന്നതനുസരിച്ച്, 26 അടി നീളവും 16 അടി ഉയരവുമുള്ള അത് എക്കാലത്തെയും വലിയ കര സസ്തനിയായിരുന്നു.  

പാരസെരത്തേറിയം ലിന്‍ക്‌സിയന്‍സ് എന്നാണ് അതിനെ വിളിക്കുന്നത്. ഈ ജന്തുവിന്റെ ഭാരം 24 ടണ്ണാണ്. ആഫ്രിക്കന്‍ ആനയേക്കാള്‍ നാലിരട്ടി വരുമിത്. പേരും, രൂപവും കേട്ട് ഞെട്ടണ്ട ആള്‍ വെറുമൊരു പാവം സസ്യഭുക്കാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്നത്തെ കണ്ടാമൃഗത്തിനെപോലെ അതിന് കൊമ്പുകളില്ലായിരുന്നു. തെക്കു കിഴക്കേ ഏഷ്യയിലും തെക്കേ അമേരിക്കയിലും മാത്രം കണ്ടു വരുന്ന ചെറിയ തുമ്പിക്കൈയുള്ള പന്നിയെപ്പോലെയുള്ള ഒരു ജന്തുവുണ്ട്. ടാപ്പര്‍ എന്നാണ് അതിനെ വിളിക്കുന്നത്. ഈ ജീവി ഏകദേശം അതേ പോലെയാണ് കാണാന്‍.  

 

ചൈനീസ് ഗവേഷകര്‍ ഫോസിലുമായി.
 

വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സുവില്‍ നിന്നാണ് ഈ ഭീമാകാരമായ മൃഗത്തിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. കമ്മ്യൂണിക്കേഷന്‍സ് ബയോളജി എന്ന ശാസ്ത്ര ജേണലിലാണ് ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകര്‍ ഈ വിവരം വെളിപ്പെടുത്തിയത്. 

ഏകദേശം 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ 23 ദശലക്ഷം വര്‍ഷം മുമ്പ് വരെയുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കൊമ്പില്ലാത്ത കാണ്ടാമൃഗങ്ങളുടെ ഇനമാണിത്. പാകിസ്താന്‍, ചൈന, മംഗോളിയ, കസാക്കിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ ഭീമന്‍ കാണ്ടാമൃഗം ഉണ്ടായിരുന്നത്.

ഈ വിചിത്രമായ മൃഗത്തിന് നേര്‍ത്ത തലയോട്ടിയും, അസാധാരണ നീളവും പേശികളുമുള്ള കഴുത്തും ഉണ്ടായിരുന്നു എന്ന് ചൈനീസ് ഗവേഷകര്‍ പറയുന്നുു. അതിന് കഴുത്ത് വരെ 16 അടിയിലധികം ഉയരവും, കഴുത്തിന് ഏഴടി നീളവും ഉണ്ടായിരുന്നു. ഹിമയുഗത്തിലെ ഏറ്റവും ആകര്‍ഷണീയമായ മൃഗങ്ങളില്‍ ഒന്നാണ് ഈ ഭീമന്‍ കാണ്ടാമൃഗം. കാലാവസ്ഥാ വ്യതിയാനം, രോഗങ്ങള്‍, മനുഷ്യ വേട്ട എന്നിവ മൂലമായിരിക്കാം അത് ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. അതേസമയം അതിന്റെ ഉത്ഭവം ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു.  

click me!