George Floyd : ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിനുനേര്‍ക്ക് വെടിവെപ്പ്; നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Jan 6, 2022, 7:54 PM IST
Highlights

അപാര്‍ട്ട്‌മെന്റിലെ മുകളിലെ നിലയിലുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഈ നാലുവയസ്സുകാരി. പിതാവടക്കമുള്ളവര്‍ അടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. അതിനിടെയാണ് ഏറെ സമയം നീണ്ടുനിന്ന വെടിവെപ്പു നടന്നത്.

കഴുത്തില്‍ മുട്ടമര്‍ത്തിവെച്ച വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കൈയാല്‍ ക്രൂരമായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിനോടുള്ള പക, മരിച്ചിട്ടും തീരുന്നില്ല. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബം താമസിക്കുന്ന 
ദക്ഷിണ ഹൂസ്റ്റണിലെ അപ്പാര്‍ട്ട്‌മെന്റിനു നേരെ വെളുപ്പിന് നടന്ന വെടിവെപ്പില്‍ നാലുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഫ്‌ളോയിഡിന്റെ സഹോദരന്റെ മകളായ ആറിയാന ഡിലെനാണ് വെടിയേറ്റത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. 

ഫ്‌ളോയിഡിന്റെ ഓര്‍മ്മയ്ക്കായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ന്യൂജഴ്‌സിയിലെ നൊവാര്‍ക്കില്‍ സ്ഥാപിച്ച പടുകൂറ്റന്‍ പ്രതിമയ്ക്കു നേരെ നാലുമാസങ്ങള്‍ക്കു മുമ്പ് ആക്രമണം നടന്നിരുന്നു. അക്രമി സംഘം അന്ന് പ്രതിമ വികൃതമാക്കുകയായിരുന്നു. 

അപാര്‍ട്ട്‌മെന്റിലെ മുകളിലെ നിലയിലുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഈ നാലുവയസ്സുകാരി. പിതാവടക്കമുള്ളവര്‍ അടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. അതിനിടെയാണ് ഏറെ സമയം നീണ്ടുനിന്ന വെടിവെപ്പു നടന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിട്ടും നാലു മണിക്കൂറിനു ശേഷമാണ് പൊലീസ് സംഘം എത്തിയത്. പൊലീസ് എത്തുന്നതിനു മുമ്പു തന്നെ ഒരു കാറില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കരളിനും ശ്വാസകോശത്തിനുമാണ് പരിക്കേറ്റതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.  

പുലര്‍ച്ചെ വെടിവപ്പുണ്ടായപ്പോള്‍ തന്നെ പൊലീസിനെ വിവരമറിയിച്ചിട്ടും അവര്‍ നാലു മണിക്കൂര്‍ വൈകിയെത്തിയത് രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലീസ് മനപൂര്‍വം വൈകിച്ചതാണെന്നും പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമമമെന്നും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനം കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളുടെ സാഹചര്യത്തില്‍ ഹൂസ്റ്റണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വൈകിയെത്തിയ കാര്യം സ്ഥിരീകരിച്ച ഹൂസ്്റ്റണ്‍ പൊലീസ് ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്ന കാര്യം അന്വേഷിക്കുമെന്ന് അറിയിച്ചു. ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. 

കുടുംബത്തെ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വ്വമായ ആക്രമണമാണ് നടന്നതെന്ന് കുട്ടിയുടെ പിതാവ് ഡെറിക് ഡിലെയിന്‍ പറഞ്ഞു. കുട്ടിയ്ക്ക് വെടിയേറ്റത് അബദ്ധത്തിലാവാം. മുതിര്‍ന്നവരെയായിരിക്കും അക്രമികള്‍ ലക്ഷ്യമിട്ടിരിക്കുക. ആസൂത്രിത ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പ്രതികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. 

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം അമേരിക്കയെയും ലോകത്തെയും ഇളക്കി മറിച്ചിരുന്നു. ഫ്‌ലോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ക്രൂരമായി കൊലപ്പെടുത്തിയ പൊലീസ്? ഓഫിസര്‍ ഡെറിക് ഷോവിനെ പിന്നീട് 20 വര്‍ഷം കഠിനതടവിന് വിധിച്ചിരുന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്‌ലോയിഡിന്റെ അവസാന വാചകങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭം അമേരിക്കയെ ഇളക്കിമറിച്ചിരുന്നു. ഉറങ്ങിക്കിടക്കെ വെടിയേറ്റ നാലുവയസ്സുകാരിയും ആ പ്രക്ഷോഭത്തില്‍ പങ്കാളിയായിരുന്നു. 

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. എട്ട് മിനുട്ട് 46 സെക്കന്റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം വ്യക്തമാക്കുന്നു.

2020 മെയ് 25 -നാണ് സംഭവം നടന്നത്. കൈവിലങ്ങ് ഉപയോഗിച്ച് പുറകിലേക്ക് കൈകള്‍ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഫ്‌ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയതിനെ തുടര്‍ന്ന് വന്‍പ്രതിഷേധങ്ങളാണ് അമേരിക്കയില്‍ നടന്നത്. 

click me!