Stephanie Matto : അധോവായു കുപ്പിയിലാക്കി വിറ്റ് ആഴ്ചയിൽ 38 ലക്ഷം വരെ സമ്പാദിച്ച യുവതി, ഒടുവിൽ വിരമിക്കുന്നു

By Web TeamFirst Published Jan 6, 2022, 2:46 PM IST
Highlights

ആശുപത്രിയിൽ പോകുന്നതിന് മുന്നത്തെ ദിവസം ഏകദേശം മൂന്ന് പ്രോട്ടീൻ ഷേക്കുകളും ഒരു വലിയ പാത്രം ബ്ലാക്ക് ബീൻ സൂപ്പും അകത്താക്കിയതായി അവൾ പറയുന്നു. എന്നാൽ, അന്ന് വൈകുന്നേരം കട്ടിലിൽ കിടക്കുമ്പോൾ, അവൾക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ശ്വസിക്കാൻ ബുദ്ധിമുട്ടായി. 

അധോവായു(Farts) കുപ്പിയിലാക്കി വിറ്റ് മാസം ലക്ഷങ്ങൾ സമ്പാദിച്ചിരുന്ന യുഎസ് റിയാലിറ്റി ഷോ താരം സ്റ്റെഫാനി മാറ്റോ(Stephanie Matto)യ്ക്ക് ഒടുവിൽ വിരമിക്കേണ്ടി വന്നു. അധോവായു വിറ്റ്‌ ഓരോ ആഴ്‌ചയും ഏകദേശം 38 ലക്ഷം രൂപയാണ് സ്റ്റെഫാനി സമ്പാദിച്ചിരുന്നത്. എന്നാൽ, ഇനി ഈ രീതിയിൽ പണം സമ്പാദിക്കാൻ താനില്ലെന്ന് അവൾ തുറന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ, എന്താണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണം? അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ പണം സമ്പാദിക്കാനുള്ള ആർത്തിയിൽ അധോവായു തുടർച്ചയായി വിട്ട്, ഒടുവിൽ അവർ ആശുപത്രി കിടക്കയിൽ എത്തിച്ചേർന്നു.

ഇതോടെ ഭയന്നുപോയ അവർ അതിൽ നിന്ന് ഇപ്പോൾ പിന്മാറിയിരിക്കയാണ്. അടുത്തിടെയാണ് സ്റ്റെഫാനി വാർത്തകളിൽ ഇടം നേടിയത്. പണം സമ്പാദിക്കാൻ ആളുകൾ എല്ലാത്തരം ഭ്രാന്തുകളും കാണിക്കുന്നു. 31 -കാരി സ്റ്റെഫാനിയും അങ്ങനെയായിരുന്നു. കണക്ടികട്ട് സ്വദേശിയായ അവൾ ഏതാനും മാസങ്ങൾക്കു മുൻപാണ് അധോവായു വിറ്റ് പണം സമ്പാദിക്കാൻ തുടങ്ങിയത്. തന്റെ അധോവായു ചെറിയ ജാറിലാക്കി അതിൽ ഒന്നോ രണ്ടോ റോസാ ഇതളുകളും, ഒരു ചെറിയ കുറിപ്പും ചേർത്താണ് അവൾ വിറ്റിരുന്നത്. എന്നാൽ, ജോലി ആരംഭിച്ചപ്പോൾ തന്നെ വിരമിക്കേണ്ട അവസ്ഥയിൽ എത്തി നിൽക്കയാണ് സ്റ്റെഫാനി. അടുത്തിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ‌തനിക്ക് ഹൃദയാഘാതമാണ് എന്നാണ് അവൾ ആദ്യം കരുതിയത്. താൻ മരിച്ചുപോകുമെന്ന് തന്നെ അവൾ തീർച്ചപ്പെടുത്തി.

തുടർന്ന് നടന്ന രക്തപരിശോധനയിലും, ഇലക്‌ട്രോകാർഡിയോഗ്രാം ടെസ്റ്റിലും അവൾക്ക് ഹൃദയാഘാതമല്ലെന്ന് കണ്ടെത്തി. അധോവായു വിടാനായി തുടർച്ചയായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ബീൻസ്, മുട്ട, ഏത്തപ്പഴം പ്രോട്ടീൻ ഷേക്ക് എന്നിവയിൽ നിന്നുള്ള ഗ്യാസായിരുന്നു ഈ നെഞ്ചുവേദനയ്ക്ക് കാരണം. അവളുടെ അധോവായുവിന് ഡിമാൻഡ് കൂടിയപ്പോൾ, ആഴ്‌ചയിൽ 50 ജാർ വരെ അവൾ വിൽക്കാൻ ശ്രമിച്ചു. ഇതിനായി ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഷേക്കുകൾ ഉൾപ്പെടുത്തി. ഇതോടെ ഗ്യാസ് കയറി വയർ ആകെ പ്രശ്‌നമായി. 

ആശുപത്രിയിൽ പോകുന്നതിന് മുന്നത്തെ ദിവസം ഏകദേശം മൂന്ന് പ്രോട്ടീൻ ഷേക്കുകളും ഒരു വലിയ പാത്രം ബ്ലാക്ക് ബീൻ സൂപ്പും അകത്താക്കിയതായി അവൾ പറയുന്നു. എന്നാൽ, അന്ന് വൈകുന്നേരം കട്ടിലിൽ കിടക്കുമ്പോൾ, അവൾക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ശ്വസിക്കാൻ ബുദ്ധിമുട്ടായി. ഓരോ തവണ ശ്വസിക്കുമ്പോഴും, ഹൃദയത്തിൽ കൊളുത്തി പിടിക്കുന്ന പോലെ വേദന അനുഭവപ്പെട്ടു. ഒടുവിൽ ഒരു സുഹൃത്ത് അവളെ ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴാണ് കാരണം വ്യക്തമായത്. ഇതോടെ ആ പണിയോട് ഗുഡ് ബൈ പറഞ്ഞിരിക്കയാണ് അവൾ. ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ച പുതിയ ഭക്ഷണക്രമവും, ഗ്യാസ് മാറാനുള്ള  മരുന്നുകളും കഴിക്കുകയാണ് അവൾ.  

click me!