മരിച്ചെന്ന് കരുതിയ കോടീശ്വരൻ റഷ്യൻ കാമുകിക്കൊപ്പം മോസ്കോയിൽ? തകൃതിയായി അന്വേഷണം 

By Web TeamFirst Published Apr 19, 2024, 3:55 PM IST
Highlights

മാറ്റർഹോൺ കൊടുമുടിക്ക് സമീപത്ത് വെച്ച് ​ദുരൂഹമായി ഹാബ് അപ്രത്യക്ഷനായതിന് ശേഷം ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട വൻസംഘം ആറ് ദിവസത്തോളം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഹൗബിനെ കണ്ടെത്താനായില്ല.

2018 ഏപ്രിലിൽ ദൂരൂഹ സാ​ഹചര്യത്തിൽ അപ്രത്യക്ഷനാവുകയും പിന്നീട് മരണപ്പെട്ടുവെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിക്കുകയും ചെയ്ത ജർമ്മൻ കോടീശ്വരൻ ജീവനോ‌ടെയുണ്ടെന്ന് റിപ്പോർട്ട്. 

ടെംഗൽമാൻ ഗ്രൂപ്പിൻ്റെ മുൻ മാനേജിംഗ് ഡയറക്ടർ കാൾ-എറിവാൻ ഹാബിനെയാണ് സ്വിറ്റ്‌സർലൻഡിലെ മാറ്റർഹോൺ കൊടുമുടിക്ക് സമീപം സ്കീ റേസിനായി തയ്യാറെടുക്കുന്നതിനിടെ ദുരൂഹസാ​ഹചര്യത്തിൽ കാണാതായത്. എന്നാൽ ഇയാൾ ഇപ്പോഴും ജീവനോടെയുണ്ടെന്നും തന്റെ റഷ്യൻ കാമുകിക്കൊപ്പം മോസ്കോയിൽ താമസിക്കുകയാണെന്നുമാണ് ജർമ്മൻ ടെലിവിഷൻ ചാനലായ ആർടിഎൽ (RTL) റിപ്പോർട്ട് ചെയ്യുന്നത്. ചാനൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.

മാറ്റർഹോൺ കൊടുമുടിക്ക് സമീപത്ത് വെച്ച് ​ദുരൂഹമായി ഹാബ് അപ്രത്യക്ഷനായതിന് ശേഷം ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട വൻസംഘം ആറ് ദിവസത്തോളം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും ഹൗബിനെ കണ്ടെത്താനായില്ല. മലമുകളിലേക്ക് ഇയാൾ ഒറ്റയ്ക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ലഭ്യമായിരുന്ന ഏക കാര്യം. പിന്നീട് മൂന്ന് വർഷത്തിന് ശേഷം അദ്ദേഹം മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എന്നാൽ, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ജർമ്മൻ ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ടുകൾ കഥയിൽ ഞെട്ടിക്കുന്ന വഴിത്തിരിവാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതുപ്രകാരം ഇപ്പോൾ ഹൗബ് മോസ്കോയിൽ തൻ്റെ റഷ്യൻ കാമുകി വെറോണിക്ക എർമിലോവയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. 

ഈ വാർത്ത പുറത്ത് വന്നതോടെ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് ഹൗബിന്റെ സഹോദരൻ ക്രിസ്റ്റ്യൻ ഹൗബിനെതിരെ കൊളോൺ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചി‌ട്ടുണ്ട്. സംഭവത്തിൽ ക്രിസ്റ്റ്യൻ ഹൗബിന് പങ്കുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. കാണാതായ സഹോദരനെക്കുറിച്ച് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിനുള്ള വിശ്വസനീയമായ തെളിവുകൾ ക്രിസ്റ്റ്യൻ ഹൗബിന്റെ പക്കലുണ്ടാകാമെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് സൂചിപ്പിക്കുന്നു. 

എന്നിരുന്നാലും, കാൾ-എറിവാൻ്റെ മരിച്ചിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ തക്കതായ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വെറോണിക്ക എർമിലോവയും നിഷേധിച്ചിട്ടുണ്ട്. ബിസിനസ്പ‍രമായ ബന്ധത്തിനപ്പുറം തനിക്ക്  കാൾ-എറിവാൻ ഹൗബുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.
 

tags
click me!