12 സ്ത്രീകളെയും 3 പുരുഷന്മാരെയും മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തി; ഡോക്ടർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ജർമ്മൻ കോടതി

Published : Jul 09, 2026, 03:24 PM IST
 injection

Synopsis

ബെർലിനിൽ 15 ഓളം രോഗികളെ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ ജർമ്മൻ പാലിയേറ്റീവ് കെയർ ഡോക്ടർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രോഗികളുടെ സമ്മതമില്ലാതെ മാരകമായ മരുന്ന് കൂട്ട് കുത്തിവയ്ക്കുകയായിരുന്നു ഇയാളുടെ രീതി. വേദനയിൽ നിന്ന് മോചിപ്പിക്കാനാണ് ഇത് ചെയ്തതെന്ന് പ്രതി വാദിച്ചെങ്കിലും, കോടതി ഈ വാദം തള്ളുകയായിരുന്നു.

 

ഡോക്ടർമാരെയും നോഴ്സുമാരെയും അമിതമായി വിശ്വസിക്കുന്ന ഒരു സമൂഹമാണ് ലോകമെങ്ങുമുള്ളത്. പുതിയ പുതിയ രോഗങ്ങൾ മനുഷ്യനെ കീഴടക്കുമ്പോൾ അങ്ങനെയല്ലാതെ മറ്റെന്താണ് വഴിയെന്ന ചോദ്യവും സാധാരണം. എന്നാൽ, ഈ അമിത വിശ്വാസം മുതലെടുത്ത് 15 ഓളം, ചിലപ്പോൾ അതിൽ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരു ജർമ്മൻ ഡോക്ടർ കുറ്റവാളിയാണെന്ന് ഒടുവിൽ ജർമ്മൻ കോടതി വിധിച്ചു. ഏറെ നാളായി നടക്കുന്ന കേസിന്‍റെ വിചാരണക്കൊടുവിലാണ് കോടതി വിധി. ജർമ്മൻ പാലിയേറ്റീവ് കെയർ ഡോക്ടറായ പ്രതിക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

25 -നും 94 -നും ഇടയിൽ പ്രായമുള്ള ഇരകൾ

ബർലിനിൽ പ്രാക്റ്റീസ് ചെയ്യുകയായിരുന്ന 41 -കാരനായ ഡോക്ടർ ജോന്നാസ് എമ്മാണ് പ്രതി. 2021 സെപ്റ്റംബറിനും 2024 ജൂലൈയ്ക്കും ഇടയിൽ 12 സ്ത്രീകളെയും 3 പുരുഷന്മാരെയും ഇയാൾ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. എന്നാൽ, കേസ് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് സംശയമുള്ളതായി അധികൃതർ പറഞ്ഞു. ജോന്നാസ് എം ഉൾപ്പെട്ട മറ്റ് ഡസൻ കണക്കിന് കേസുകൾ അന്വേഷിക്കുകയാണെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചെന്നും റിപ്പോർട്ടിലുണ്ട്. 25 -നും 94 -നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഡോക്ടരുടെ ഇരകളെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെയെല്ലാം അവസ്ഥ ഗുരുതരമാണെന്നും എന്നാൽ മരണം ആസന്നമായിരുന്നില്ലെന്നും കോടതി പറഞ്ഞു. രോഗികളുടെ വീടുകൾ സന്ദർശിക്കുമ്പോൾ, ഡോക്ടർ ഇവരുടെ സമ്മതമില്ലാതെ വിവിധ മരുന്നുകളുടെ മാരകമായ കൂട്ടുണ്ടാക്കി രോഗികളിൽ കുത്തിവയ്ക്കുകയായിരുന്നു.

കൊല്ലാൻ മരുന്നുകളുടെ വിഷക്കൂട്ട്

രോഗികളിൽ വിഷക്കൂട്ട് കുത്തിവച്ച ശേഷം തെളിവ് നശിപ്പിക്കാനായി തീയിടുന്ന പതിവ് ഡോക്ടർക്കുണ്ടായിരുന്നു. 2024 ജൂലൈയിൽ, അറസ്റ്റിന് തൊട്ടുമുമ്പ്, ഡോക്ടർ ഒരു ദിവസം രണ്ട് രോഗികളെ കൊന്നതായി പ്രോസിക്യൂട്ടർമാർ വാദിച്ചു. സെൻട്രൽ ബെർലിനിലെ വീട്ടിൽ വച്ച് 75 വയസ്സുള്ള ഒരാളെയും, ഏതാനും മണിക്കൂറുകൾക്ക് ശേഷം, തൊട്ടടുത്തുള്ള ജില്ലയിലെ 76 വയസ്സുള്ള ഒരു സ്ത്രീയെയും ഇയാൾ വിഷം കൂത്തിവച്ച് കൊലപ്പെടുത്തി.

76 കേസുകൾ അന്വേഷണത്തിൽ

ഒരു വർഷത്തോളമാണ് വിചാരണാ നടപടികൾ നീണ്ടത്. എന്നാൽ, വിചാരണയ്ക്കിടെ ഡോക്ടർ ഒന്നും പറയാൻ തയ്യാറായില്ല. ഒടുവിൽ കഴിഞ്ഞ മാസം താൻ 12 ഓളം രോഗികളെ മരുന്ന് കുത്തിവച്ച് കൊല്ലാൻ ശ്രമിച്ചതായി അദ്ദേഹം കോടതിയിൽ സമ്മതിച്ചു. ഒപ്പം താൻ അവരെ കൊല്ലുകയായിരുന്നില്ലെന്നും മറിച്ച് അവരെ കഷ്ടപ്പാടിൽ നിന്നും വേദനയിൽ നിന്നും രക്ഷിക്കുകയായിരുന്നെന്നും അവരെ സംബന്ധിച്ച് അതാണ് എറ്റവും നല്ല വഴിയെന്ന് താൻ കരുതിയതായും ഇയാൾ കോടതിയിൽ പറഞ്ഞു. അതേസമയം ഇയാൾക്കെതിരെയുള്ള 76 കേസുകൾ കൂടി അന്വേഷണത്തിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

14 വർഷത്തെ സേവനത്തിന് ശേഷം പെട്ടെന്നൊരുനാൾ പിരിച്ചുവിട്ടു, 56 -കാരൻ ഇപ്പോൾ ഡെലിവറി റൈഡര്‍
സമോസയും കച്ചോരിയും വാങ്ങാൻ ട്രെയിൻ നിർത്തിയിട്ടോ? ആ വൈറൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ!