സമോസയും കച്ചോരിയും വാങ്ങാൻ ട്രെയിൻ നിർത്തിയിട്ടോ? ആ വൈറൽ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ!

Published : Jul 08, 2026, 10:07 PM ISTUpdated : Jul 08, 2026, 10:33 PM IST
viral

Synopsis

പലഹാരം വാങ്ങാൻ വേണ്ടി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയോ? സോഷ്യൽ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

റെയിൽവേ ട്രാക്കിന് സമീപമുള്ള കടയിൽ നിന്നും സമോസയും കച്ചോരിയും വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി പശ്ചിമ റെയിൽവേ. ട്രെയിൻ നിർത്തിയിട്ടത് ഭക്ഷണം വാങ്ങാനല്ലെന്നും കൃത്യമായ ഒഫീഷ്യൽ സിഗ്നൽ കാത്ത് കിടന്ന സമയത്താണ് ജീവനക്കാരൻ ഭക്ഷണം വാങ്ങിയതെന്നും റെയിൽവേ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ഒരു റെയിൽവേ ജീവനക്കാരൻ ട്രാക്കിന് സമീപമുള്ള കടയിൽ നിന്നും പലഹാരങ്ങൾ വാങ്ങി ട്രെയിനിലേക്ക് കയറിപ്പോകുന്ന വീഡിയോ വലിയ രീതിയിൽ വൈറലായത്. 'ഇപ്പോഴാണ് ട്രെയിൻ വൈകുന്നതിന്റെ കാരണം മനസ്സിലായത്, ലോക്കോ പൈലറ്റിന് ഇവിടുത്തെ സമോസ ഭയങ്കര ഇഷ്ടമാണ്, അതിനാണ് ഈ നിർത്തിയിടൽ' എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ പങ്കുവെച്ചത്. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന തരത്തിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രത്‌ലം റെയിൽവേ ഡിവിഷൻ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദങ്ങൾ തികച്ചും തെറ്റാണെന്ന് വെസ്റ്റേൺ റെയിൽവേ എക്സിലെ പോസ്റ്റിലൂടെ വ്യക്തമാക്കി. 'റാവു (RAU) യാർഡിൽ റെയിൽവേ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ജോലികൾ നടക്കുകയായിരുന്നു. ഈ കാരണം കൊണ്ട് ചരക്കുതീവണ്ടി റാവു ഹോം സിഗ്നലിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിനിലെ റിസർവ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ട്രാക്കിനടുത്തുള്ള കടയിൽ നിന്ന് സമോസയും കച്ചോരിയും വാങ്ങിയത്. അല്ലാതെ ഭക്ഷണം വാങ്ങാൻ വേണ്ടി മാത്രം ട്രെയിൻ ഒരിടത്തും നിർത്തിയിട്ടിട്ടില്ല' - റെയിൽവേ അധികൃതർ അറിയിച്ചു.

 

 

കൂടാതെ, ഇതൊരു ഇൻഡോർ - മൗ പാസഞ്ചർ ട്രെയിൻ ആണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. എന്നാൽ, ഇത് യാത്രക്കാരുള്ള ട്രെയിനല്ല, മറിച്ച് ഒരു ഗുഡ്സ് ട്രെയിൻ ആണെന്നും റെയിൽവേ വ്യക്തത വരുത്തി. വീഡിയോയിലെ ദൃശ്യങ്ങൾ ചിലർ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് എഡിറ്റ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വസ്തുതകൾ ബോധ്യപ്പെട്ട ശേഷം മാത്രമേ ഇത്തരം വാർത്തകൾ പൊതുജനങ്ങൾ ഷെയർ ചെയ്യാവൂ എന്നും റെയിൽവേ അഭ്യർത്ഥിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ എന്റെ മാനേജരെ വെറുക്കുന്നു'; അധികം പണിയെടുപ്പിക്കും, ഒറ്റപ്പൈസ തരില്ല, അനുഭവം പങ്കുവച്ച് യുവാവ്
രാത്രി 2 മണിക്ക് ഫോൺ വിളി, ജീവനക്കാരന്റെ അമ്മയ്ക്ക് മാനേജ്‌മെന്റിന്റെ 'സ്പെഷ്യൽ ക്ലാസ്'; വൻ വിമർശനം