14 വർഷത്തെ സേവനത്തിന് ശേഷം പെട്ടെന്നൊരുനാൾ പിരിച്ചുവിട്ടു, 56 -കാരൻ ഇപ്പോൾ ഡെലിവറി റൈഡര്‍

Published : Jul 08, 2026, 10:34 PM IST
viral post

Synopsis

14 വർഷം ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്ത ശേഷം പിരിച്ചുവിട്ടു. കുടുംബം പുലര്‍ത്താനായി 56-കാരൻ, ഡെലിവറി റൈഡറായി. വൈറലായി ഒരു പോസ്റ്റ്.

കോർപ്പറേറ്റ് കമ്പനികളിലെ പിരിച്ചുവിടലുകളും പ്രായമേറിയ ഉദ്യോഗസ്ഥർ ജോലിസ്ഥലങ്ങളിൽ നേരിടുന്ന അവഗണനകളും വീണ്ടും ചർച്ചയാക്കി ഒരു പ്രവാസിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്. ഒരു ഇൻഷുറൻസ് കമ്പനിയിൽ 14 വർഷത്തോളം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്ത ശേഷം പിരിച്ചുവിടപ്പെട്ട 56 -കാരനായ മനോജ് എന്നയാളുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നോവായി മാറുന്നത്. സംരംഭകനായ കിരൺ വർമ്മ പങ്കുവെച്ച ഈ കുറിപ്പ് ഇതിനകം തന്നെ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

നോയിഡയിൽ വെച്ച് കേവലം 40 രൂപ നിരക്കിൽ ഒരു കത്ത് അടിയന്തിരമായി അയക്കാൻ 'പോർട്ടർ' എന്ന ഡെലിവറി ആപ്പ് ബുക്ക് ചെയ്തപ്പോഴാണ് കിരൺ വർമ്മ മനോജിനെ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. കത്ത് വാങ്ങാനായി എത്തിയത് പ്രായമായ ഒരു വ്യക്തിയായിരുന്നു. ഒന്നാം നിലയിലായിരുന്ന കിരൺ, അദ്ദേഹത്തോട് മുകളിലേക്ക് വരാൻ ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും പടികൾ കയറി മുകളിലെത്തിയ മനോജ്, കുടിക്കാൻ നൽകിയ വെള്ളം സ്നേഹത്തോടെ നിരസിച്ച് പുഞ്ചിരിയോടെ പാക്കറ്റ് കൈപ്പറ്റി.

'ഇന്ന് ഒട്ടും പണിയുണ്ടായിരുന്നില്ല, ഒരു ഡെലിവറി എങ്കിലും കിട്ടാൻ കാത്തിരിക്കുകയായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞ വാചകം കിരണിന്റെ മനസ്സിൽ തങ്ങിനിന്നു. നല്ല വസ്ത്രധാരണവും മാന്യമായ പെരുമാറ്റവുമുള്ള ആ വ്യക്തിയെ കൂടുതൽ അറിയാൻ കിരൺ അദ്ദേഹത്തെ അകത്തേക്ക് ക്ഷണിച്ച് ഇരുത്തുകയായിരുന്നു. തുടർന്ന് സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഭൂതകാലം വെളിപ്പെട്ടത്. പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിൽ 14 വർഷത്തോളം ജോലി ചെയ്ത വ്യക്തിയായിരുന്നു മനോജ്. എന്നാൽ 2023 -ൽ കമ്പനി നടത്തിയ വൻതോതിലുള്ള ജീവനക്കാരുടെ വെട്ടിച്ചുരുക്കലിന്റെ ഭാഗമായി അദ്ദേഹത്തിന് ജോലി നഷ്ടപ്പെടുകയായിരുന്നു. തന്റെ പിരിച്ചുവിടലിനെക്കുറിച്ച് മനോജ് പറഞ്ഞത് ഇങ്ങനെ: 'കറി വെക്കുമ്പോൾ നമ്മൾ ആദ്യം ചട്ടിയിലേക്ക് ഇടുന്നത് കറിവേപ്പിലയാണ്. എന്നാൽ, കറി കൂട്ടി ചോറുണ്ണാൻ ഇരിക്കുമ്പോൾ നമ്മൾ ആദ്യം എടുത്തു മാറ്റുന്നതും ഇതേ കറിവേപ്പില തന്നെയാണ്'.

ജോലി നഷ്ടപ്പെട്ട ശേഷം പ്രായവും ആരോഗ്യപ്രശ്നങ്ങളും കാരണം മറ്റൊരു കമ്പനിയും അദ്ദേഹത്തിന് ജോലി നൽകാൻ തയ്യാറായില്ല. കുടുംബം പുലർത്താൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് ഈ 56 -ാം വയസ്സിൽ അദ്ദേഹം ഡെലിവറി ബോയ് ആയി കഠിനാധ്വാനം ചെയ്യാൻ തുടങ്ങിയത്. ഡെലിവറി ചാർജിനേക്കാൾ വലിയൊരു തുക മനോജിന് സമ്മാനിച്ചാണ് കിരൺ അദ്ദേഹത്തെ യാത്രയാക്കിയത്. 'നമ്മൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുമ്പോഴും, അതിന് കൊള്ളില്ലെന്ന് ജീവിതം നമ്മളോട് പറയുന്ന അവസ്ഥയാണ് ഏറ്റവും കഠിനമായ കാര്യം' എന്ന് കിരൺ വർമ്മ കുറിച്ചു.

പോസ്റ്റ് വൈറലായതോടെ ഡെലിവറി കമ്പനിയായ 'പോർട്ടർ' ഔദ്യോഗികമായി പ്രതികരണവുമായി രംഗത്തെത്തി. തങ്ങളുടെ ജീവനക്കാരന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചതിനും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചതിനും കമ്പനി കിരണിന് നന്ദി അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

100 രൂപയുമായി 6 വയസുകാരി ജ്വല്ലറിയിലേക്ക്, അമ്മയ്‍ക്കൊരു പിറന്നാൾ സമ്മാനം വേണം, പിന്നെ നടന്നത്
ഇന്ത്യൻ ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ക്ഷാമം, പരിഹാരമായി സ്റ്റാർലിങ്ക്; വാദവുമായി ഇലോൺ മസ്ക്