
കളികൾക്ക് ഒരു ഭാഷയെ ഉള്ളൂ. അത് കളിയുടെ ഭാഷയാണ്. അവിടെ മറ്റ് മനുഷ്യ സൃഷ്ടമായ ഭാഷകളെല്ലാം അപ്രസക്തമാകുന്നു. ഇതൊരു സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ മാച്ചിൽ മാത്രമല്ല. രണ്ട് ദേശങ്ങളിലിരുന്നു മൊബൈലിൽ ഓണ്‍ലൈൻ ഗെയിം കളിക്കുന്നവരിലും ബാധകമാണ്. 26 -കാരിയായ ഒരു ജർമ്മൻ ഡോക്ടർ പാകിസ്ഥാനിലെ മണ്ടി ബഹാവുദ്ദീൻ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലേക്ക് വിമാനം പിടിച്ച് പോയതും ഇതേ ഭാഷയുടെ ലഹരിയിലാണ്.
പാകിസ്ഥാനിലെ മണ്ടി ബഹാവുദ്ദീൻ ജില്ലയിലെ 22 -കാരനായ മുഹമ്മദ് അക്മലിനെ വിവാഹം കഴിക്കാൻ 26 -കാരിയും ഡോക്ടറും ജർമ്മൻ, ബോസ്നിയൻ ഇരട്ട പൗരത്വവുമുള്ള സെൽമ പറന്നു. ഇരുവരും ആദ്യം കണ്ട് മുട്ടിയത് ഒരു ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ് ഫോമിലായിരുന്നു. റോബ്ലോക്സ് എന്ന ഓൺലൈൻ കളിക്കിടെയിലാണ് ഇരുവരും ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി സ്ഥിരമായി സന്ദേശങ്ങൾ കൈമാറാറുണ്ടായിരുന്നെന്നും മുഹമ്മദ് അക്മൽ പറയുന്നു. ആദ്യമൊക്കെ കാഷ്വൽ ചാറ്റുകളായിരുന്നു. പിന്നീട് ഏകദേശം അഞ്ച് മാസത്തെ സംഭാഷണങ്ങളിലൂടെ ഇരുവരും വൈകാരികമായി അടുത്തു.
സെൽമയോട് താൻ വളരെ നേരത്തെ തന്നെ വിവാഹാഭ്യർത്ഥന നടത്തിയിരുന്നുവെന്നും കുറച്ച് കാലത്തിന് ശേഷം അവർ അതിന് സമ്മതിക്കുകയും വിവാഹത്തിനായി പാകിസ്ഥാനിലേക്ക് വരികയായിരുന്നെന്ന് മൈ ന്യൂസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അക്മ പറഞ്ഞു. അക്മലിന് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു. അതിനാൽ ആദ്യമൊക്കെ ഒറ്റ വാക്കിലായിരുന്നു മറുപടി. "OK". എന്നാൽ പിന്നീട് ആ സംഭാഷണങ്ങൾ തങ്ങളെ അടുപ്പിച്ചെന്ന് സെൽമ കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ ഗ്രാമീണ ജീവിതവും വീട്ടിലെ ദൈനംദിന കാര്യങ്ങളും തന്നെ അത്ഭുതപ്പെടുത്തിയെന്നും കൈകൊണ്ട് വസ്ത്രങ്ങളും പാത്രങ്ങളും കഴുകുക, റൊട്ടി ഉണ്ടാക്കുക തുടങ്ങിയ ജോലികൾ തനിക്ക് തീർത്തും പുതിയതായിരുന്നുവെന്നും അവർ പറഞ്ഞു. ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയും പിന്തുണയോടെയുമായിരുന്നു വിവാഹം. സെൽമയുടെ യാത്രാ ചെലവുകളും ചടങ്ങുകളും ഉൾപ്പെടെ വിവാഹത്തിന്‍റെ ആകെ ചെലവ് ഏകദേശം 4.5 മില്യൺ പാകിസ്ഥാൻ രൂപയായി (ഏകദേശം 14 ലക്ഷം ഇന്ത്യൻ രൂപ). അക്മലിനൊപ്പം പാകിസ്ഥാനിൽ സ്ഥിരതാമസമാക്കാനാണ് സെൽമയ്ക്കും ആഗ്രഹം. ഭർത്താവിന്‍റെ കുടുംബവുമായും പ്രാദേശിക സമൂഹവുമായും കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനായി പഞ്ചാബിയും ഉറുദുവും പഠിക്കുന്ന തിരക്കിലാണ് ഇപ്പോൾ സെൽമ.