Nuclear Energy : ഭാവി ലക്ഷ്യമിട്ട് വന്‍ തീരുമാനം; ജര്‍മനി ആണവനിലയങ്ങള്‍ അടച്ചുപൂട്ടി

Web Desk   | Asianet News
Published : Jan 01, 2022, 05:45 PM IST
Nuclear Energy : ഭാവി ലക്ഷ്യമിട്ട് വന്‍ തീരുമാനം; ജര്‍മനി ആണവനിലയങ്ങള്‍ അടച്ചുപൂട്ടി

Synopsis

ബാക്കിയുള്ളവ ഈ വര്‍ഷം അവസാനത്തോടെ അടച്ചുപൂട്ടും. ആണവോര്‍ജ കമ്പനികള്‍ക്ക് മൂന്ന് ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഇവ അടച്ചുപൂട്ടുന്നത്. 

പതിറ്റാണ്ടുകളായി പ്രവര്‍ത്തനം തുടരുന്ന ആറു ആണവനിലയങ്ങളില്‍ പകുതിയും ജര്‍മനിയും അടച്ചുപൂട്ടി. ബാക്കിയുള്ളവ ഈ വര്‍ഷം അവസാനത്തോടെ അടച്ചുപൂട്ടും. ആണവോര്‍ജ കമ്പനികള്‍ക്ക് മൂന്ന് ബില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഇവ അടച്ചുപൂട്ടുന്നത്. 

ഫോണില്‍ ഇന്ധനങ്ങളില്‍നിന്നും പുനരുപയോഗ ഇന്ധന സ്രോതസ്സുകളിലേക്ക് മടങ്ങാനും ഊര്‍ജാവശ്യത്തിന് ആണവനിലയങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിഞ്ഞ വര്‍ഷം ജര്‍മനി തീരുമാനിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മൂന്ന് ആണവനിലയങ്ങള്‍ ഇപ്പോള്‍ ജര്‍മനി അടച്ചുപൂട്ടിയത്. 

1980-കളില്‍ ജര്‍മനിയില്‍ പ്രവര്‍ത്തനമാരംഭിച്ച മൂന്ന് ആണവനിലയങ്ങളാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. 40 വര്‍ഷമായി ജര്‍മ്മനിയുടെ ഊര്‍ജ ആവശ്യത്തിനുള്ള വലിയ പങ്കും നല്‍കിയിരുന്നത് ഈ ആണവനിലയങ്ങളായിരുന്നു. 1986-ല്‍ സോവിയറ്റ് യൂനിയനില്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവനിലയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയ ബ്രോക്‌ഡോര്‍ഫ് ആണവനിലയവും അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടുന്നു.  ഹംബര്‍ഗില്‍നിന്നും 40 കിലോമീറ്റര്‍ അകലെ എല്‍ബി നദിയുടെ കരയിലാണ് വിവാദമായ ഈ ആണവനിലയം സ്ഥിതിചെയ്യുന്നത്. പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ അന്ന് പ്രവര്‍ത്തനം തുടര്‍ന്ന ബ്രോക്‌ഡോര്‍ഫ് ആണവനിലയം പുതിയ സാഹചര്യം കണക്കിലെടുത്താണ് അടച്ചുപൂട്ടിയത്.

ദക്ഷിണ ഹാനവറില്‍നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള ഗ്രോന്ദെ ആണവനിലയം, പടിഞ്ഞാറന്‍ മ്യൂണിച്ചില്‍നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഗ്രന്ദര്‍മിന്‍ജന്‍ ആണവനിലയം എന്നിവയാണ് അടച്ചുപൂട്ടിയ മറ്റു രണ്ട് നിലയങ്ങള്‍. ജര്‍മനിയിലെ ബാക്കിയുള്ള  മൂന്ന് ആണവനിലയങ്ങള്‍ 2022 അവസാനത്തോടെ അടച്ചുപൂട്ടാനാണ് തീരുമാനം. 

2002-ല്‍ ജെറാര്‍ഡ് ഷ്രോഡറിന്റെ നേതൃത്വത്തിലുള്ള മധ്യ-ഇടതുപക്ഷ സര്‍ക്കാറാണ് ആണവനിലയങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അതിന്റെ തുടര്‍ച്ചയായാണ്, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ആഞ്ചലാ മെര്‍ക്കല്‍, 2022-ഓടെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്. 2011-ല്‍ ജപ്പാനിലുണ്ടായ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആണവനിലയങ്ങളുടെ പ്രവര്‍ത്തനം തുടരാനുള്ള തന്റെതന്നെ മുന്‍തീരുമാനം മെര്‍ക്കല്‍ തിരുത്തിയത്. 

ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നതിന് എതിരെയും ജര്‍മനിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍, 2045-ഓടെ കാലാവസ്ഥാ സൗഹൃദ സമ്പദ്‌വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് ജര്‍മന്‍ ഭരണകൂടം ഉറപ്പിച്ചു പ്രഖ്യാപിക്കുകയായിരുന്നു. 2022-ഓടെ ആണവനിലയങ്ങള്‍ പൂട്ടുക, 2030 ഓടെ കല്‍ക്കരി നിലയങ്ങള്‍ അവസാനിപ്പിക്കുക എന്നീ തീരുമാനങ്ങള്‍ ഈ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഇങ്ങനെ ചെയ്യുന്നത് രാജ്യത്ത് ഉര്‍ജപ്രതിസന്ധിക്ക് കാരണമാവില്ലെന്നും കാലാവസ്ഥയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വേണ്ടിയുള്ള മന്ത്രി റോബര്‍ട്ട് ഹെബെക് പറഞ്ഞു. പുനരുപയോഗ ഊര്‍ജസ്രോതസ്സുകളുടെ ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചും വൈദ്യുതി ഗ്രിഡ് വ്യാപനത്തിലടെയും പുതിയ പ്രതിസന്ധി മറികടക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.  

ജര്‍മ്മനിക്കു പുറമേ നിരവധി മറ്റു രാജ്യങ്ങളും ആണവനിലയങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ അത്തരമൊരു തീരുമാനം കൈക്കൊള്ളുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍, യൂറോപ്പില്‍ തന്നെയുള്ള മറ്റു ചില രാജ്യങ്ങള്‍ ഇതിനു വിപരീതമായി ആണവോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള തീരുമാനങ്ങളാണ് എടുക്കുന്നത്. ഫ്രാന്‍സ് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോവുന്നത് യൂറോപ്പിലെ രാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസത്തിനു കാരണമായിട്ടുണ്ട്. 

ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നതോടെ ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെ 2030 വരെ ഈ നിലയങ്ങള്‍ അടച്ചുപൂട്ടുന്നതിനു ശേഷമുള്ള കാര്യങ്ങളിലേക്ക് മാറ്റും.  അടച്ചുപൂട്ടുന്നതിന് നഷ്ടപരിഹാരമായി ആണവോര്‍ജ കമ്പനികള്‍ക്ക് മൂന്ന് ബില്യന്‍ ഡോളറാണ് ജര്‍മന്‍ സര്‍ക്കാര്‍ നല്‍കിയത്. 

അതിനിടെ, നിലയങ്ങള്‍ പൂട്ടുന്നതോടെ ബാക്കിയാവുന്ന ആയിരക്കണക്കിന് ടണ്‍ ആണവ അവശിഷ്ടങ്ങള്‍ എവിടെ സൂക്ഷിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബാക്കിയാവുന്ന അവശിഷ്ടങ്ങളില്‍ പെട്ട ചില റേഡിയോ ആക്ടീവ് വസ്തുക്കള്‍ 35000 തലമുറകളോളം അണുവികിരണം തുടരുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.  
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ