
കൊല്‍ക്കത്തയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ വടക്ക് മാറി ബരാസത്ത് എന്നൊരിടമുണ്ട്. അവിടെയാണ് അമാനതി മസ്ജിദ്. കാഴ്ചയ്ക്ക് ഒരു സാധാരണ മുസ്‌ലിം പള്ളി. എന്നാല്‍, ആ പള്ളിയുടെ കഥ അസാധാരണമാണ്.
പള്ളിയ്ക്ക് ചുറ്റും ഒരു മുസ്ലീം വീട് പോലുമില്ല. മാത്രമല്ല, അവിടെ പ്രാര്‍ത്ഥിക്കാനായി എത്തുന്നവരില്‍ മുസ്‌ലിംകള്‍ മാത്രമല്ല, മറ്റ് മതക്കാരും ഉള്‍പ്പെടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലും അതിശയകരമായ കാര്യം, ഈ പള്ളി പരിപാലിക്കുന്നത് ഒരു ഹിന്ദുകുടുംബമാണ് എന്നതാണ്. കുടുംബനാഥന്റെ പേര് പാര്‍ത്ഥസാരഥി ബസു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭൂമിയിലാണ് ഈ പള്ളി. ആ കുടുംബമാണ് 50 വര്‍ഷത്തിലേറെയായി പള്ളി നോക്കി നടത്തുന്നത്. എല്ലാ വര്‍ഷവും റമദാന്‍ കാലത്ത് അവര്‍ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം നോമ്പ് മുറിക്കുന്നു.
വിദ്വേഷ പ്രസംഗങ്ങളുടെ കഥകള്‍ പലയിടത്തു നിന്ന് ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍, ബംഗാളിലെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ഈ കഥ അതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. 1964-ല്‍ നടന്ന കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു ഹിന്ദു കുടുംബമാണ് ബസുവിന്റേത്. ബസുവിന്റെ മുത്തച്ഛന്‍ തന്റെ പൂര്‍വ്വിക ഭൂമി ബരാസത്തിലെ ഒരു മുസ്‌ലിം കുടുംബത്തിന്റെ ഭൂമിയുമായി കൈമാറ്റം ചെയ്തു. തുടര്‍ന്ന് ബരാസത്തിലെത്തി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍, ഭൂമിയില്‍ ഒരു അനാഥമായ ഒരു മുസ്‌ലിം പള്ളി കണ്ടെത്തി. ഭൂമിയെ സംബന്ധിക്കുന്ന രേഖകളില്‍ ഒന്നും പള്ളിയെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലാതിരുന്നത് അവരെ അത്ഭുതപ്പെടുത്തി. 500 വര്‍ഷം പഴക്കമുള്ള ആ മുസ്‌ലിം പള്ളി ആകെ പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിരുന്നു. അവര്‍ ഹിന്ദുക്കളായതിനാല്‍ പള്ളി പൊളിച്ചുമാറ്റാന്‍ അയല്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടു.
ബസുവും മകനും
എന്നാല്‍ ബസുവിന്റെ അമ്മയ്ക്ക് പള്ളിയുമായി എന്തോ ഒരു അടുപ്പം തോന്നി. എല്ലാവര്‍ക്കുമായി ഒരു ആരാധനാലയം ഉണ്ടാക്കണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. വര്‍ഗീയ കലാപങ്ങള്‍ക്കും, പീഡനങ്ങള്‍ക്കും ഇടയില്‍ നിന്ന് പലായനം ചെയ്യുന്ന തന്നെ പോലുള്ള ആളുകള്‍ക്ക് ഈ പള്ളി ഒരു പ്രതീക്ഷയാകും എന്നവര്‍ കരുതി. തുടര്‍ന്ന്, പള്ളിയ്ക്ക് ചുറ്റുമുള്ള ഭൂമി അവര്‍ വൃത്തിയാക്കി. മുളകൊണ്ടുള്ള വേലി കെട്ടി. പള്ളി പുനര്‍നിര്‍മ്മിച്ചു. പള്ളിയുടെ പ്രവേശന കവാടത്തില്‍ ബംഗാളി ഭാഷയില്‍ സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുക എന്ന് എഴുതി. ബംഗ്ലാദേശില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഫക്കീര്‍ അമാനത് ഷായുടെ സ്മരണയ്ക്കായി കുടുംബം പള്ളിക്ക് അമാനതി എന്ന് പേരും നല്‍കി. തുടര്‍ന്ന്, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള വിശ്വാസികള്‍ പള്ളിയില്‍ നമസ്‌കരിക്കാനായി വന്നു തുടങ്ങി.
അമാനതി മസ്ജിദ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബസുവിന്റെ കുടുംബം സാമുദായിക സൗഹാര്‍ദത്തിന്റെ പ്രതീകമായി തുടരുകയാണ്. റമദാന്‍ മാസത്തിലെ എല്ലാ ദിവസവും ബസു മുടങ്ങാതെ നോമ്പ് എടുക്കുന്നു. ആ ദിവസങ്ങളില്‍ രാത്രി ഭക്ഷണം പാകം ചെയ്യാന്‍ ഭാര്യ പാപ്പിയ പുലര്‍ച്ചെ 2 മണിക്ക് ഉണരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹത്തിന്റെ അച്ഛനും ഇത് തന്നെയാണ് ചെയ്തിരുന്നത്.
ഈദ് വേളയില്‍, ബസു പള്ളിക്ക് പുറത്ത് ബിരിയാണിയും ആട്ടിന്‍കറിയും ഉണ്ടാക്കി വിരുന്നൊരുക്കുന്നു. ആഘോഷത്തില്‍ 200-ലധികം ആളുകളാണ് പങ്കെടുക്കാറുള്ളത്. അദ്ദേഹവും പിതാവും സഹോദരന്മാരും ചേര്‍ന്നാണ് പള്ളി പരിപാലിക്കുന്നത്. ''ഞാനും എന്റെ കുടുംബവും അടിയുറച്ച ഒരു ഹിന്ദുമത വിശ്വാസിയാണ്. തലമുറകളായി ഞങ്ങള്‍ ഈ പള്ളിയില്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനമാണ്,'' ബസു പറഞ്ഞു.