Positive Story : ആരും തളര്‍ന്നുപോവുന്ന ഒരു രോഗത്തെ കൂളായി കീഴടക്കിയ ഒരു പെണ്‍കുട്ടി

Web Desk   | Asianet News
Published : Jan 01, 2022, 03:22 PM ISTUpdated : Jan 01, 2022, 03:54 PM IST
Positive Story : ആരും തളര്‍ന്നുപോവുന്ന ഒരു രോഗത്തെ കൂളായി കീഴടക്കിയ ഒരു പെണ്‍കുട്ടി

Synopsis

ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് സൗമ്യ. ബാഹ്യ സൗന്ദര്യത്തിന്റെ പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തോട് മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് അവള്‍ പറയുന്നു.  

വെല്ലുവിളികളെ നേരിടാന്‍ എപ്പോഴും തയ്യാറുള്ള, ഒരിക്കലും തോറ്റു പോകാന്‍ മനസ്സില്ലാത്ത ധീരയായ ഒരു പെണ്‍കുട്ടിയാണ് സൗമ്യ ജെയിന്‍. കാരണം ജീവിത നല്‍കിയ കയ്‌പ്പേറിയ പാഠങ്ങളാണ് അവള്‍ക്ക് വഴികാട്ടി. വെറും ഒന്‍പത് വയസ്സിലാണ് മാരകമായ രോഗത്തിന്റെ ലക്ഷണങ്ങള്‍ അവളില്‍ കണ്ടു തുടങ്ങിയത്. രക്തക്കുഴലുകള്‍ അസാധാരണമായി വളര്‍ന്നു തൊലിപ്പുറത്ത് ക്യാന്‍സറല്ലാത്ത മുഴകള്‍ ഉണ്ടാകുന്ന ഹെമാന്‍ജിയോമയായിരുന്നു അവള്‍ക്ക്. രോഗത്തോടുള്ള നിരന്തരമായ പോരാട്ടമായിരുന്നു തുടര്‍ന്നുള്ള 14 വര്‍ഷം. ഒടുവില്‍ അവള്‍ അതിനെ തോല്‍പ്പിക്കുക തന്നെ ചെയ്തു. ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് സൗമ്യ. ബാഹ്യ സൗന്ദര്യത്തിന്റെ പിന്നാലെ പായുന്ന ഇന്നത്തെ സമൂഹത്തോട് മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് അവള്‍ പറയുന്നു.

സൗമ്യയുടെ അച്ഛന്‍ ഒരു അഭിഭാഷകനാണ്. അമ്മ ഒരു ഗൃഹനാഥയും. അവള്‍ക്ക് ഒരു ജ്യേഷ്ഠനുമുണ്ട്. ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു അവളുടെ മാതാപിതാക്കള്‍ക്ക് അവളുടെ ജനനം വലിയ സന്തോഷം നല്‍കി. തങ്ങളുടെ ജീവിതത്തിലേയ്ക്ക് ദൈവം അയച്ച മാലാഖയാണ് അവളെന്ന് അമ്മ എപ്പോഴും അവളോട് പറയാറുണ്ട്. ചുവന്ന് തുടുത്ത കവിളുകളുള്ള, എപ്പോഴും ചിരിക്കുന്ന അവള്‍ എല്ലാവരുടെയും മനസ്സ് കീഴടക്കി. അവളുടെ കളികളും, സംസാരവും എല്ലാവരും ആസ്വദിച്ചു. ചെറുപ്പം മുതലേ അവള്‍ക്ക് നൃത്തത്തിനോടായിരുന്നു പ്രിയം. നൃത്ത പരിപാടികളില്‍ പങ്കെടുത്തിരുന്ന അവള്‍ മത്സരങ്ങളില്‍ എപ്പോഴും ഒന്നാമതെത്തി.  

1997 -ലാണ് അവളുടെ മുഖത്ത് മാറ്റങ്ങള്‍ വന്ന് തുടങ്ങിയത്. ചര്‍മ്മം കത്തുന്ന പോലെ അവള്‍ക്ക് അനുഭവപ്പെട്ടു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍, ഹെമാന്‍ജിയോമയാണെന്ന് കണ്ടെത്തി. അതിന്റെ ലക്ഷണങ്ങള്‍ വലതു കവിളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അന്ന് അവള്‍ക്ക് ഒമ്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീടുള്ള 14 വര്‍ഷക്കാലം ആശുപത്രി കിടക്കയിലായിരുന്നു അവള്‍ ചിലവഴിച്ചത്. 1997 മുതല്‍ 2011 വരെയുള്ള കാലയളവില്‍ എണ്ണമറ്റ തവണ അവള്‍ മരണത്തെ മുഖാമുഖം കണ്ടു. ജീവന്‍ അപകടപ്പെടുത്തുന്ന ആ അവസ്ഥയില്‍ നിന്ന്, ഒരുപാട് നാളത്തെ വേദനയില്‍ നിന്ന്, ഒടുവില്‍ അവള്‍ കരകയറി. നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം 2011 -ല്‍ അവള്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു. എന്നാല്‍ ഈ പ്രയാസങ്ങളെയെല്ലാം അതിജീവിക്കാന്‍ അവള്‍ക്ക് കരുത്തായത് മാതാപിതാക്കളുടെ സ്‌നേഹമാണ്. 'നീ ഞങ്ങളുടെ പുലികുട്ടിയാണ്. നിനക്ക് ഒന്നും സംഭവിക്കില്ല,'  അച്ഛന്‍ എപ്പോഴും അവളോട് പറയുമായിരുന്നു. അവരുടെ പിന്തുണ കാരണമാണ് താന്‍ കരയാതെയും പേടിക്കാതെയും ഓപ്പറേഷന്‍ തിയറ്ററുകളില്‍ കയറിയിട്ടുള്ളതെന്ന് അവള്‍ പറയുന്നു.  

 


 പിന്നീട്, കൈവിട്ട ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍. അതിന്റെ ആദ്യ ചുവട് വെയ്പ്പായി വീണ്ടും നൃത്തം അഭ്യസിക്കാന്‍ അവള്‍ ആരംഭിച്ചു. അപ്പോഴും അവള്‍ക്ക് ആളുകളില്‍ നിന്ന് തിക്തമായ അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. മാസ്റ്റേഴ്‌സ് ചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ അവള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നു. അതുപോലെ, ഒരു ദിവസം അവള്‍ അവളുടെ സുഹൃത്തുമായി ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയി. അഭിമുഖം ചെയ്യുന്നയാള്‍ അവളെ തള്ളി അവളുടെ സുഹൃത്തിനെ തിരഞ്ഞെടുത്തു. സുഹൃത്തിന് അവളെക്കാള്‍ കഴിവുണ്ടായിരുന്നിട്ടല്ല, മറിച്ച് അവളുടെ മുഖമായിരുന്നു അവര്‍ക്ക് പ്രശ്നം. അതോടെ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ അവള്‍ തീരുമാനിച്ചു.

 

 

 

അങ്ങനെ കണ്ടന്റ് റൈറ്റിംഗിന്റെ ഒരു കമ്പനി അവള്‍ ആരംഭിച്ചു. 4 വര്‍ഷത്തിന് ശേഷം, 2020 ല്‍, കോവിഡ് -19 കാരണം രാജ്യം ലോക്ക്ഡൗണ്‍ നേരിടുമ്പോള്‍, അവള്‍ തന്റെ പിതാവിനൊപ്പം ഒരു യൂട്യൂബ് വീഡിയോ ഉണ്ടാക്കി അപ്ലോഡ് ചെയ്തു. ഇന്‍സ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അവളുടെ നൃത്തത്തിന്റെ കൂടുതല്‍ വീഡിയോകള്‍ അവള്‍ പോസ്റ്റ് ചെയ്തു. അത് വൈറലാകുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. മാധുരി ദീക്ഷിത്, നേഹ കക്കര്‍, അലി ഗോണി തുടങ്ങിയ സെലിബ്രിറ്റികള്‍ പോലും അവളുടെ നൃത്തത്തെ പ്രശംസിക്കുകയും വീഡിയോകള്‍ പങ്കിടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി താനാണെന്ന് അവള്‍ വിശ്വസിക്കുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് മുഖത്തിന്റെ എണ്‍പത് ശതമാനവും വികൃതമായപ്പോഴും അവള്‍ പതറിയില്ല. പിന്നീട് പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം മുഖം തിരികെ കിട്ടിയപ്പോഴും അവള്‍ അതെ ആത്മവിശ്വാസത്തോടെ തന്നെ ലോകത്തെ സമീപിച്ചു. 'ആളുകള്‍ സ്വയം സ്‌നേഹിക്കാനും തങ്ങളുടെ കുറവുകള്‍ അംഗീകരിക്കാനും പഠിക്കണം. സൗന്ദര്യത്തിന് കാഴ്ചയുമായി യാതൊരു ബന്ധവുമില്ല. സൗന്ദര്യം ഉള്ളില്‍ നിന്ന് വരേണ്ട ഒന്നാണ്,' അവള്‍ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ