ഘാനയിലെ ഗോത്രരാജാവാണ്, പക്ഷേ, ജോലി കാനഡയിലെ തോട്ടത്തില്‍!

By Web TeamFirst Published May 20, 2022, 3:40 PM IST
Highlights

രാജാവായി ഗോത്രത്തില്‍ വാഴാന്‍ എന്നാല്‍, എറിക്കിന് അധികസമയമുണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം, അദ്ദേഹം കാനഡയിലേക്ക് തിരിച്ചുവന്നു. മുന്‍പ് ചെയ്തുകൊണ്ടിരുന്ന ലാന്റ് സ്‌കേപപിംഗ്, പൂന്തോട്ടപരിപാലനം എന്നീ ജോലികള്‍ അദ്ദേഹം തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷമാണ് എറിക് മാനു ഘാനയിലെ തന്റെ ഗോത്രത്തിന്റെ രാജാവായത്. അതു കഴിഞ്ഞ് കുറച്ചു മാസങ്ങള്‍. അയാള്‍ പഴയ ജോലിയിലേക്ക് മടങ്ങിപ്പോയി. എറിക് മാനു ഇപ്പോള്‍ കാനഡയിലെ ഒരു തോട്ടത്തില്‍ തോട്ടക്കാരനായി ജോലി ചെയ്യുകയാണ്. എന്നാല്‍, പഴയതുപോലെയല്ല, പുതിയ ലക്ഷ്യങ്ങളോടെയാണ് അയാളിപ്പോള്‍ ജോലി ചെയ്യുന്നത്. 

ഘാനയിലെ അഡാന്‍സി അബോബോ നമ്പര്‍ 2 എന്ന ഗ്രാമത്തിലെ അകാന്‍ ഗോത്രത്തിലെ അംഗമാണ് എറിക്. മൂന്നു വര്‍ഷമായി ഭാര്യയും മകനുമൊത്ത് കാനഡയില്‍ താമസിക്കുകയായിരുന്നു എറിക്. അവിടെ 'ദി ലാന്‍ഡ്സ്‌കേപ്പ് കണ്‍സള്‍ട്ടന്‍സ്' എന്ന സ്ഥാപനത്തിലാണ് ഇദ്ദേഹം തോട്ടക്കാരനായി ജോലി നോക്കുന്നത്. 

അതിനിടെയാണ്, അപ്രതീക്ഷിതമായി എറിക് രാജാവായി മാറിയത്. ഗോത്രത്തിന്റ രാജാവായിരുന്ന അമ്മാവന്‍ ഡാറ്റ് മരിച്ചതിനെ തുടര്‍ന്നാണ് കിരീടം എറിക്കിലേക്ക് എത്തിയത്. തുടര്‍ന്നാണ് കുടുംബസമേതം എറിക് മാനു കഴിഞ്ഞ വര്‍ഷം തെക്കന്‍ ഘാനയിലേക്ക് വന്നത്. 'ആവേശത്തോടെ സ്വീകരിക്കേണ്ട മഹത്തായ ഒരനുഭവമാണത്. എന്റെ സംസ്‌കാരം, പൈതൃകം, പാരമ്പര്യം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒന്ന്.'- എറിക് പറഞ്ഞു.

 

 

രാജാവായി ഗോത്രത്തില്‍ വാഴാന്‍ എന്നാല്‍, എറിക്കിന് അധികസമയമുണ്ടായിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം, അദ്ദേഹം കാനഡയിലേക്ക് തിരിച്ചുവന്നു. മുന്‍പ് ചെയ്തുകൊണ്ടിരുന്ന ലാന്റ് സ്‌കേപപിംഗ്, പൂന്തോട്ടപരിപാലനം എന്നീ ജോലികള്‍ അദ്ദേഹം തുടര്‍ന്നു. അദ്ദേഹത്തെ ടിവിയില്‍ കണ്ട ആളുകള്‍ അത്ഭുതത്തോടെ എന്തിനാണ് ഇപ്പോഴും എറിക് ലാന്‍ഡ് സ്‌കേപ്പിങ് ചെയ്യുന്നത് എന്ന് അന്വേഷിക്കാറുണ്ട്. 'ആ ചോദ്യം അപമാനകരമാണ്.  എന്റെ ബോസിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ..''-എറിക് പറയുന്നു.

പുതിയൊരു ലക്ഷ്യത്തോടെയാണ് എറിക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തന്റെ ഗോത്രത്തിലെ 6,000 അംഗങ്ങളുടെ ആരോഗ്യ പരിപാലന പദ്ധതി. അതിനുള്ള ഫണ്ട് സ്വരൂപിക്കാനായി പൂര്‍വാധികം ആവേശത്തോടെ പണിയെടുക്കുകയാണിപ്പോള്‍ എറിക് മാനു.

 

കമ്പനിയുടമ സൂസന്‍ വാട്‌സന് ഒപ്പം എറിക്
 

അദ്ദേഹം ജോലി ചെയ്യുന്ന ദി ലാന്‍ഡ്സ്‌കേപ്പ് കണ്‍സള്‍ട്ടന്‍സിന്റെ ഉടമ സൂസന്‍ വാട്‌സന് എറിക്കിനെ കുറിച്ച് നല്ലതേ പറയാനുള്ളൂ. എറിക്കിന്റെ സ്ഥാനാരോഹണ ചടങ്ങിനായി സൂസന്‍ ഘാനയിലേക്ക് പോയിരുന്നു. ആ അനുഭവത്തെ പറ്റി അവര്‍ പറഞ്ഞത് ഇങ്ങനെയാണ്: 'ആ മനുഷ്യര്‍ അകത്തും പുറത്തും സൗന്ദര്യമുള്ളവരാണ്, പക്ഷെ അവര്‍ക്ക് സ്വന്തമെന്നു പറയാന്‍ ഒന്നുമില്ല.'' 

ഘാനയിലെ പരിതാപകരമായ സ്ഥിതിഗതികള്‍ കണ്ടു നടുങ്ങിയ സൂസന്‍ തുടര്‍ന്ന്, എറിക്കിനെ സഹായിക്കാനായി 'റ്റു ദി മൂണ്‍ ആന്‍ഡ് ബാക്ക്' എന്ന പേരില്‍ ഒരു ഫൗണ്ടേഷന്‍ സ്ഥാപിക്കുകയും യുവ രാജാവിന് സ്‌കൂള്‍ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ്പുകള്‍, മെഡിക്കല്‍ സപ്ലൈകള്‍ എന്നിവ അയച്ചു കൊടുക്കുകയും ചെയ്തു.
 

click me!