തൂണുകള്‍ക്കിടയില്‍, അള്‍ത്താരയില്‍, വാതിലുകള്‍ക്കരികില്‍ നിറയെ പ്രേതങ്ങള്‍; ഇത് ആരും ഭയക്കുന്ന പ്രേതപ്പള്ളി

Published : Dec 05, 2019, 03:06 PM ISTUpdated : Dec 05, 2019, 03:08 PM IST
തൂണുകള്‍ക്കിടയില്‍, അള്‍ത്താരയില്‍, വാതിലുകള്‍ക്കരികില്‍ നിറയെ പ്രേതങ്ങള്‍; ഇത് ആരും ഭയക്കുന്ന പ്രേതപ്പള്ളി

Synopsis

1968 -ൽ ഒരു ശവസംസ്‍കാര വേളയിൽ മേൽക്കൂര ഇടിഞ്ഞതിനെ തുടർന്ന് പള്ളി ഉപേക്ഷിക്കപ്പെട്ടു. ഇതോടെ കെട്ടിടം പ്രേതബാധയുള്ളതും ശപിക്കപ്പെട്ടതുമായി നാട്ടുകാർ കണക്കാക്കി. 

നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ, ചെറുപട്ടണമായ ലുക്കോവയിലെ ഏറെക്കാലം ഉപേക്ഷിക്കപ്പെട്ട ഈ പള്ളി തീർച്ചയായും സന്ദർശിക്കണം. നിങ്ങളുടെ മനസ്സ് മാറിയേക്കാം. അവിടെ  തൂണുകൾക്കിടയിലും, അൾത്താരക്കടുത്തും, വാതിലുകൾക്കരികിലും അവയെ കാണാം. അവിടെച്ചെല്ലുന്നവരെയെല്ലാം ഈ പ്രേതങ്ങള്‍ അടുത്തേക്ക് വിളിക്കുന്നതുപോലെ തോന്നും. 

 

പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ പ്രേതങ്ങളുടെ വിഹാരകേന്ദ്രമായ സെന്‍റ് ജോർജ്ജ് പള്ളി, ചെക്ക് ഗ്രാമമായ ലുക്കോവയിലെ ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിനു വർഷങ്ങളായി നിലകൊള്ളുന്നുണ്ടെങ്കിലും 1968 -ൽ ഒരു ശവസംസ്‍കാര വേളയിൽ മേൽക്കൂര ഇടിഞ്ഞതിനെ തുടർന്ന് പള്ളി ഉപേക്ഷിക്കപ്പെട്ടു. ഇതോടെ കെട്ടിടം പ്രേതബാധയുള്ളതും ശപിക്കപ്പെട്ടതുമായി നാട്ടുകാർ കണക്കാക്കി. സഭയാകട്ടെ കുർബാനകളെല്ലാം കെട്ടിടത്തിന് പുറത്ത് നടത്താനും തുടങ്ങി.

ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് പള്ളി ജീർണിക്കാൻ തുടങ്ങി. നാട്ടുകാർക്ക് അത് സംരക്ഷിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അതിനായുള്ള പണമില്ലായിരുന്നു. വെറും 700 ആളുകളുള്ള ഈ പട്ടണത്തിന് പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു പള്ളി നവീകരിക്കാനുള്ള ധനം കണ്ടെത്താനായില്ല. എന്നാൽ, 2012 -ൽ അവിടെയുള്ള ഒരു കലാകാരന് ഒരു ആശയം തോണി. അങ്ങനെ പ്രേതബാധയുണ്ടെന്ന് പറയപ്പെട്ട അതേ പള്ളിയിൽ ജാക്കുബ് ഹദ്രവ എന്ന കലാകാരൻ 32 'ജീവസ്സുറ്റ പ്രേത'ങ്ങളെ നിർമ്മിച്ചു.

 

ഹദ്രവ തന്‍റെ സഹപാഠികളെയാണ് ഈ പ്രേതരൂപങ്ങള്‍ക്ക് മോഡലുകളായി ഉപയോഗിച്ചത്, അവരെ ഷീറ്റുകളാൽ മൂടുകയും ഭീതി ജനിപ്പിക്കാനായി പ്ലാസ്റ്റർ രൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. പള്ളിക്ക് അകത്തുള്ള ബെഞ്ചുകളിലും മറ്റ് സ്ഥലങ്ങളിലും അവർ ഇരുന്നു. അങ്ങനെ പേടിപ്പെടുത്തുന്ന ഒരു അന്തരീക്ഷം ഉണ്ടായി. ഒറ്റനോട്ടത്തിൽ, അവർ ഷാളുകളാൽ മൂടിയ ആളുകളാണെന്നു തോന്നും. ഈ പ്രതിമകൾ പ്രദേശത്ത് താമസിച്ചിരുന്ന ഒരു ഗോത്ര വിഭാഗമായ സുഡെറ്റൻ ജർമ്മൻ അഥവാ ജർമ്മൻ ബോഹെമിയക്കാരെ പ്രതിനിധീകരിക്കുന്നതാണത്രെ. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് (അന്ന് ചെക്കോസ്ലോവാക്യ) പുറത്താക്കപ്പെട്ട ജർമ്മൻ വംശജരാണ് സുഡെറ്റൻ ജർമ്മൻ. ചെക്ക് റിപ്പബ്ലിക്കിൽ മൂന്ന് ദശലക്ഷം സുഡെറ്റൻ ജർമ്മൻകാരുണ്ടെന്ന് വിശ്വസിക്കപ്പെട്ടുന്നു. ഒരിക്കൽ പുറത്താക്കപ്പെട്ട അവർ ജർമ്മനിയിലേക്കും ഓസ്ട്രിയയിലേക്കും മാറുകയായിരുന്നു. 

 

ഏതായാലും സെന്‍റ് ജോർജ്ജ് പള്ളിയിലെ പ്രേതങ്ങളെ കാണാൻ ലോകമെമ്പാടുമുള്ള സന്ദർശകർ എത്തുന്നുണ്ട്.  YouTube- ൽ 2013 -ൽ ഒരു വീഡിയോ അപ്‌ലോഡു ചെയ്യപ്പെട്ടിരുന്നു പള്ളിയെ കുറിച്ച്. രണ്ട് ലക്ഷത്തിലേറെപ്പേര്‍ കണ്ട ആ വീഡിയോ സഭയുടെ ജനപ്രീതി വർദ്ധിക്കാൻ കാരണമായി. പള്ളിയുടെ മേൽക്കൂര നന്നാക്കാൻ ടൂറിസ്റ്റുകൾ ആയിരക്കണക്കിന് ഡോളറാണ് സംഭാവന നൽകിയത്. "രണ്ടോ മൂന്നോ സന്ദർശകർ ഒഴിച്ച് ബാക്കി എല്ലാവരും പ്രേതങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചവരാണ്” പ്രേത പള്ളി സൂക്ഷിപ്പുകാരനായി ചുമതലയുള്ള പീറ്റർ കൗൾ പറയുന്നു. കയറാൻ മടിച്ചവർ വാതിലിലൂടെ എത്തിനോക്കി പേടിച്ചുനിന്നെന്നും അയാൾ കൂട്ടിച്ചേർത്തു.  

 

എല്ലാ ഞായറാഴ്ചയും കുറച്ച് മണിക്കൂറുകളോളം പള്ളി തുറന്നിരിക്കും. അല്ലാത്ത ദിവസങ്ങളിൽ  ജനലിലൂടെ അവയെ കാണാൻ സാധിക്കും. നമുക്ക് കാണാൻ ധൈര്യമുണ്ടായാല്‍ മാത്രം മതി.

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം