ആദ്യം പൂജ, അർച്ചന പിന്നെ കൊള്ള, കൊള്ളക്കിറങ്ങുന്നത് അടിവസ്ത്രം മാത്രം ധരിച്ച് ; ഭീതി പരത്തിയ 'ഘൂമൻ' ഗ്യാങ്ങ്

By Web TeamFirst Published Jan 1, 2020, 5:43 PM IST
Highlights

തുടക്കത്തിലെ തെളിവുകൾ വെച്ച് പൊലീസ് ധരിച്ചത് ഇവർ കുപ്രസിദ്ധമായ 'ജട്ടി ഗ്യാങ്' ആയിരിക്കാം എന്നായിരുന്നു. എന്നാൽ, തുടരന്വേഷണത്തിലാണ് ഇത് 'ഘൂമൻ' എന്നുപേരായ പുതിയ ഒരു സംഘമാണ് എന്ന് തെളിഞ്ഞത്. 
 

ഹൈദരാബാദിലെ റാച്ച്കൊണ്ടയിൽ പൊലീസിന്റെ പിടിയിലകപ്പെട്ടത് മോഷണത്തിൽ സവിശേഷ രീതികൾ വെച്ചുപുലർത്തുന്ന ഒരു അന്തർ സംസ്ഥാന കൊള്ളസംഘം. നാടോടി പാരമ്പര്യമുള്ള ഒരു കൂട്ടരാണ് ഈ മോഷണങ്ങൾക്ക് പിന്നിൽ. 'ഘൂമൻ' ഗ്യാങ് എന്നറിയപ്പെടുന്ന ഈ സംഘം ഇപ്പോൾ മഹാരാഷ്ട്രയിലാണ് താമസമുള്ളത്. എന്നാൽ, ഒരു സംസ്ഥാനത്ത് സ്ഥിരമായി മോഷണങ്ങൾ നടത്തുന്ന പതിവ് ഇവരിലെ ആണുങ്ങൾക്കോ, ഒരിടത്തുതന്നെ തുടർച്ചയായി കഴിഞ്ഞു കൂടുന്ന ശീലം ഇവരുടെ വീട്ടുകാർക്കോ ഇല്ല. ഏഴുപേരടങ്ങുന്ന ഈ കുപ്രസിദ്ധ കൊള്ളസംഘത്തെ അറസ്റ്റു ചെയ്യാൻ വേണ്ടി തെലങ്കാനാ പോലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം അത്യാധുനിക സങ്കേതങ്ങൾ പരീക്ഷിച്ചുകൊണ്ടുള്ള വിപുലമായ അന്വേഷണമാണ് നടത്തിയത്. ആ അന്വേഷണങ്ങൾക്ക് ഒടുവിലാണ് താരാസിങ് ചൗഹാൻ എന്ന സംഘത്തലവൻ (30), സോനു, ബിട്ടു, ഗുഫ്തഹാം, സെയ്ഫ് അലി, സാദിഖ്, സാജിദ് എന്നിവരെ തെലങ്കാന പൊലീസ് അറസ്റ്റുചെയ്യുന്നത്. ഇവരിൽ നിന്നായി ഇരുപത് പവനോളം സ്വർണം, നാനൂറ് ഗ്രാമിലധികം വെള്ളി ആഭരണങ്ങൾ, ആറര ലക്ഷം രൂപ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട് 

പകൽ  പുതപ്പുവില്പന, രാത്രി അതേ വീട്ടിൽ കൊള്ള; അതാണ് തന്ത്രം

അഞ്ചു തലമുറകൾക്കു മുമ്പ് ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരാണ് ഇവരുടെ പൂർവികർ. ബംഗ്ലാദേശിൽ നിന്ന് ആദ്യമെത്തിയത് പശ്ചിമ ബംഗാളിൽ ആണെങ്കിലും, അവർക്ക് ഹിമാചലിലും, മഹാരാഷ്ട്രയിലുമൊക്കെ വേരുകളുണ്ട്.  റാച്ച്കൊണ്ട പൊലീസ് കമ്മീഷണർ മഹേഷ് ഭഗവത് ആണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

മൂന്നുവർഷം മുമ്പാണ് ഏഴുപേരും ചേർന്ന് കൊള്ളസംഘം രൂപീകരിച്ചത്. പകൽ മുഴുവൻ ടൗണിൽ ചുറ്റിനടന്ന് വിരിപ്പും, പുതപ്പും, കമ്പിളിയുമൊക്കെ വിൽക്കുകയാണ് ഇവരുടെ പണി. ഈ വില്പനയ്ക്കായുള്ള യാത്രകൾക്കിടെയാണ് അവർ മോഷ്ടിക്കേണ്ട വീടുകൾ കണ്ടുപിടിക്കുന്നത്. പകൽ കണ്ട് ഇഷ്ടപ്പെടുന്ന വീടുകളിൽ അവർ രാത്രി സംഘം ചേർന്നുകൊണ്ട് കൊള്ളയ്ക്കായി എത്തും. മോഷണം കഴിഞ്ഞാലുടൻ അവർ സംസ്ഥാനം വിടുകയും ചെയ്യും. മോഷ്ടിച്ച് കിട്ടുന്ന പണം ചെലവിട്ടുകഴിഞ്ഞാൽ അടുത്ത കൊള്ളയ്ക്കായി അടുത്തൊരു സംസ്ഥാനത്തേക്ക് അവർ നീങ്ങും. അവിടെ ഇത് തന്നെ ആവർത്തിക്കും. തെലങ്കാനയ്ക്ക് പുറമെ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായി ആറോളം കൊള്ളകൾ ഈ സംഘം നടത്തിയിട്ടുണ്ട് എന്നാണ് തെലങ്കാന പൊലീസ് പറയുന്നത്. ഹൈദരാബാദിൽ മാത്രം എട്ടു കൊള്ളകൾ വേറെയും ചെയ്തിട്ടുണ്ടിവർ. തുടക്കത്തിലെ തെളിവുകൾ വെച്ച് പൊലീസ് ധരിച്ചത് ഇവർ കുപ്രസിദ്ധമായ 'ജട്ടി ഗ്യാങ്' ആയിരിക്കാം എന്നായിരുന്നു. എന്നാൽ, തുടരന്വേഷണത്തിലാണ് ഇത് 'ഘൂമൻ' എന്നുപേരായ പുതിയ ഒരു സംഘമാണ് എന്ന് തെളിഞ്ഞത്. 

ആദ്യം പൂജ, അർച്ചന പിന്നെ കൊള്ള 

ആന്ധ്രയിൽ നടത്തിയ പല കൊള്ളകൾക്കും മുമ്പ് ഏറെ കൗതുകകരമായ ഒരു ആചാരം ഇവർക്കുണ്ടായിരുന്നു. നേരെ വിജയവാഡയിൽ കനകദുർഗാ ക്ഷേത്രത്തിലേക്ക് ചെല്ലും. അവിടെ മോഷണത്തിന്റെ ഐശ്വര്യത്തിനും വിജയത്തിനുമായി പൂജകളും അർച്ചനകളും മറ്റും കഴിപ്പിക്കും.

വീടുകൾക്ക് അരികിലായി പൊന്തക്കാടുകൾ ഉള്ള ഇടങ്ങളാണ് ഇവർ മോഷണത്തിനായി കണ്ടെത്തുന്നത്. സന്ധ്യയോടെ ഇവർ ഈ പൊന്തക്കാടുകളിൽ ചെന്ന് ഒളിച്ചിരിക്കും. രാത്രിയായാൽ ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ അഴിച്ചെടുത്ത് ഒരു തോൾസഞ്ചിയിൽ നിറയ്ക്കും. അടിവസ്ത്രം മാത്രമിട്ടാണ് ഇവരുടെ തുടർയാത്ര. പൊന്തകളിൽ ഉടക്കി ഷർട്ടും പാന്റുമൊന്നും കീറിപ്പോകാതിരിക്കാനാണ് ഈ വിവസ്ത്രരാകൽ. ലക്ഷ്യമിട്ട വീടുകളുടെ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടക്കും. മോഷണം നടത്തിയാലുടൻ സ്ഥലം കാലിയാക്കും. ഇവരുടെ മറ്റൊരു പ്രത്യേകത, ഒരു സംസ്ഥാനത്ത് നിന്ന് കട്ടെടുക്കുന്ന മുതലുകൾ അവിടെ ഒരിക്കലും വിൽക്കാറില്ല എന്നതാണ്. പിടിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ഈ മുൻകരുതൽ. കൈവശം കഠാരയുമായി രാത്രി ഇറങ്ങി നടക്കുന്ന ഇവർക്ക് മുന്നിൽ ആരെങ്കിലും ചെന്ന് പെട്ടാൽ അവരുടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. 

ഏതെങ്കിലും ഒരു സംസ്ഥാനത്തെ, ഒരു നഗരം തെരഞ്ഞെടുത്ത് ഇവർ ട്രെയിനിൽ അവിടെ ചെന്നിറങ്ങും. എന്നിട്ട് നഗരത്തിന്റെ വിദൂരപ്രാന്തങ്ങളിലെ ഏതെങ്കിലും പട്ടണം തെരഞ്ഞെടുക്കും. അവിടെ കാടുകൾക്ക് ഇടയിലുള്ള കോളനികൾ കണ്ടെത്തും. പകൽ സ്ഥലങ്ങൾ നിരീക്ഷിച്ച ശേഷം, പാതിരാക്ക് ശേഷം മാത്രമായിരുന്നു കൊള്ളകൾ നടത്തിയിരുന്നത്. ഇത്രയധികം മുൻകരുതലുകൾ ആ സംഘം എടുത്തിരുന്നു എന്നതുകൊണ്ടുതന്നെ അവരെ പിടികൂടുക ഏറെ ദുഷ്കരമായ ഒരു ദൗത്യമായിരുന്നു. ഈ സംഘത്തിൽ ഒരാളെപ്പറ്റി കിട്ടിയ ചില ചെറിയ തുമ്പുകളാണ് പൊലീസിനെ സഹായിച്ചത്. അയാളുടെ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്. ഹയാത് നഗറിൽ വെച്ചാണ് ഈ സംഘം പൊലീസ് പിടിയിൽ പെടുന്നത്. 


 

click me!