150 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ കൂറ്റൻ മൂങ്ങ, വീണ്ടും കാണാനായതിന്റെ ആവേശത്തിൽ ശാസ്ത്രജ്ഞർ

By Web TeamFirst Published Oct 25, 2021, 3:10 PM IST
Highlights

പകൽസമയത്ത് കാടുകളിൽ ചുറ്റി നടക്കുമ്പോഴാണ് അവർ പക്ഷിയെ കണ്ടെത്തിയത്. ഏകദേശം 15 സെക്കൻഡ് മാത്രമാണ് പക്ഷിയെ കണ്ടതെങ്കിലും, തിരിച്ചറിയുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കാൻ അവർക്ക് കഴിഞ്ഞു. 

150 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കൻ മഴക്കാടുകളിൽ(African rainforests) കണ്ടിരുന്ന ഒരു കൂറ്റൻ മൂങ്ങ(owl)യെ ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം വീണ്ടും കണ്ടെത്തി. പേര് ഷെല്ലീസ് ഈഗിൾ ഔൾ. ഒക്‌ടോബർ 16 -നാണ് ഘാനയിലെ കാടുകളിൽ നിന്ന് അതിനെ കണ്ടെത്തിയത്. പരിസ്ഥിതി ശാസ്ത്രജ്ഞർ ആശ്ചര്യകരമായ കണ്ടെത്തൽ എന്നാണ് അതിനെ വിശേഷിപ്പിച്ചത്.  

ഇന്ന് അവയിൽ ആയിരങ്ങൾ മാത്രമേ ഭൂമിയിൽ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ അവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകർ വളരെ കാലമായി ഇതിനെ അന്വേഷിച്ച് വരികയായിരുന്നു. ഇതിനെ കണ്ടതിന്റെ റിപ്പോർട്ടുകൾ പലപ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ലൈഫ് സയൻസസ് വിഭാഗത്തിലെ ഡോ. ജോസഫ് തോബിയാസും സോമർസെറ്റിൽ നിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. റോബർട്ട് വില്യംസും ചേർന്നാണ് പക്ഷിയുടെ ചിത്രം പകർത്തിയത്.

പകൽസമയത്ത് കാടുകളിൽ ചുറ്റി നടക്കുമ്പോഴാണ് അവർ പക്ഷിയെ കണ്ടെത്തിയത്. ഏകദേശം 15 സെക്കൻഡ് മാത്രമാണ് പക്ഷിയെ കണ്ടതെങ്കിലും, തിരിച്ചറിയുന്ന രീതിയിൽ ചിത്രങ്ങൾ എടുക്കാൻ അവർക്ക് കഴിഞ്ഞു. ചിത്രത്തിൽ അവയുടെ കറുത്ത കണ്ണുകൾ, മഞ്ഞ കൊക്ക്, വലുപ്പം എന്നിവ വ്യക്തമായി കാണാം. "ഇത് വളരെ വലുതായിരുന്നു, ആദ്യം ഞങ്ങൾ കരുതിയത് കഴുകനാണെന്നാണ്" ഡോ. ടോബിയാസ് പറഞ്ഞു. "ഭാഗ്യവശാൽ അത് താഴ്ന്ന ശാഖയിലാണ് ഇരുന്നിരുന്നത്. ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ആഫ്രിക്കയിലെ മഴക്കാടുകളിൽ ഒന്നും ഇത്ര വലിയ മൂങ്ങയെ കണ്ടിട്ടില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പക്ഷി ശേഖരണത്തിന്റെ ക്യൂറേറ്ററായ റിച്ചാർഡ് ബൗഡ്‌ലർ ഷാർപ്പാണ് 1872- ൽ  അവസാനമായി ഇതിനെ കണ്ടെടുത്തത്. ഘാനയിലെ ഒരു വേട്ടക്കാരനിൽ നിന്നാണ് അതിനെ അദ്ദേഹത്തിന് ലഭിച്ചത്. അതിന് ശേഷം ഇപ്പോഴാണ് മൂങ്ങയെ കാണുന്നത്. ഈ കണ്ടെത്തൽ ഘാനയിലെ അതേവ വനത്തിനെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തിലേയ്ക്ക് വെളിച്ചം വീശുന്നുവെന്ന് ഡോ. വില്യംസ് പറഞ്ഞു. 


 

click me!