ഈ അധ്യാപകൻ ​ഗണിതപാഠങ്ങൾ അപ്‍ലോഡ് ചെയ്യുന്നത് പോൺഹബ്ബിൽ!

By Web TeamFirst Published Oct 25, 2021, 2:40 PM IST
Highlights

ഇത് വിജയിക്കാൻ തുടങ്ങിയപ്പോൾ അയാൾ തന്റെ ക്ലാസ്സുകൾ മറ്റ് പോൺ സൈറ്റുകളിലേയ്ക്കും വ്യാപിപ്പിക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ, ലൈംഗികേതര ഉള്ളടക്കം നിരോധിക്കുന്ന സൈറ്റുകളായിരുന്നു അതെന്നതിനാൽ സംഭവം വിജയിച്ചില്ല. 

കൊവിഡ് -19(COVID 19) മഹാമാരി മൂലം കഴിഞ്ഞ 18 മാസമായി കൂടുതലും ഓൺലൈൻ(online) വഴിയാണ് പഠനം. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അധ്യാപകർ നടത്തുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. തത്സമയ ക്ലാസുകൾ കൂടാതെ ഇപ്പോൾ മുൻകൂട്ടി റെക്കോർഡു ചെയ്‌ത പാഠങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ഇതിനായി വിദ്യാർത്ഥികളും അധ്യാപകരും സൂം, ഗൂഗിൾ മീറ്റ് പോലുള്ള കൂടുതൽ ജനപ്രിയമായ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, ഒരു തായ്‌വാനീസ് ഗണിത അധ്യാപകൻ ഒരുപക്ഷേ ഇത് വരെ ആരും പരീക്ഷിക്കാത്ത ഒരു പുതിയ മാർ​ഗത്തിലൂടെയാണ് പഠിപ്പിക്കുന്നത്.  

വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പോൺ സൈറ്റായ പോൺഹബ്ബി(PornHub)ലാണ് അയാൾ ഗണിത പാഠങ്ങൾ പോസ്റ്റ് ചെയ്യുന്നത്. ഗണിതവുമായി യാതൊരു ബന്ധവുമില്ലാത്ത ആ സൈറ്റിൽ ഇതുവരെ 200 -ലധികം ഗണിത വീഡിയോകൾ അദ്ദേഹം പങ്കിട്ടു. ആ വീഡിയോകൾ എല്ലാം സൈറ്റിലെ മറ്റ് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ലൈംഗിക ഉള്ളടക്കമില്ലാത്തതും ഗണിത പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. ഒരുപക്ഷേ പോൺ ഹബ്ബ് സന്ദർശിക്കുന്ന ഒരാൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും ഇത്. ചാംഗ്സു എന്നാണ് അധ്യാപകന്റെ പേര്. അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൂടാതെ 15 വർഷമായി ഓൺലൈനിലും തായ്‌വാനീസ് സ്കൂളുകളിലും പഠിപ്പിക്കുന്നു.

എന്നാൽ, എന്തിനാണ് ഒരു പോൺ സൈറ്റിൽ അദ്ദേഹം കണക്ക് പഠിപ്പിക്കുന്നത് എന്നൊരു സംശയം ആർക്കായാലും തോന്നാം? അതിന്റെ കാരണവും അദ്ദേഹം തന്നെ വിശദീകരിക്കുന്നു. ഇതിന് മുൻപ് അദ്ദേഹം YouTube വഴിയാണ് പഠന വിഡിയോകൾ പങ്കിട്ടിരുന്നത്. എന്നാൽ, പോൺഹബ്ബിന്റെ ജനപ്രീതി കാരണം, ഇതിൽ ക്ലാസുകൾ അപ്‌ലോഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 34 -കാരനായ അധ്യാപകൻ കഴിഞ്ഞ വർഷം മുതലാണ് അഡൽറ്റ് സൈറ്റിൽ വീഡിയോകൾ പങ്കിടാൻ തുടങ്ങിയത്.  

"മുതിർന്നവരുടെ പോൺ സൈറ്റുകളിൽ ആരും ഗണിതം പഠിപ്പിക്കാറില്ല. അതേസമയം ധാരാളം ആളുകൾ സന്ദർശിക്കുന്ന ഒരു സൈറ്റാണ് അത്. അതുകൊണ്ട് തന്നെ എന്റെ വീഡിയോകൾ അവിടെ അപ്‌ലോഡ് ചെയ്‌താൽ പലരും അവ കാണുമെന്ന് ഞാൻ കരുതി” അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ചാനലിന്റെ പേര് changsumath666. അതിൽ നിന്ന് അദ്ദേഹം അപ്‌ലോഡ് ചെയ്യുന്ന ഗണിത വീഡിയോകൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇത് നല്ല ഒരു പരസ്യമാർ​ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

ഇത് വിജയിക്കാൻ തുടങ്ങിയപ്പോൾ അയാൾ തന്റെ ക്ലാസ്സുകൾ മറ്റ് പോൺ സൈറ്റുകളിലേയ്ക്കും വ്യാപിപ്പിക്കാൻ ഒരു ശ്രമം നടത്തി. എന്നാൽ, ലൈംഗികേതര ഉള്ളടക്കം നിരോധിക്കുന്ന സൈറ്റുകളായിരുന്നു അതെന്നതിനാൽ സംഭവം വിജയിച്ചില്ല. മുതിർന്നവരുടെ സൈറ്റുകളിലെ യാഥാർത്ഥ്യത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. തന്റെ കാഴ്ചക്കാരിൽ 60 ശതമാനത്തിൽ കൂടുതൽ പേരും വീഡിയോകൾ കേവലം വിനോദത്തിനായി മാത്രം കാണുന്നവരാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം അവ പോസ്റ്റ് ചെയ്യുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, അദ്ദേഹത്തിന്റെ വീഡിയോകൾ സൈറ്റിൽ വലിയ ഹിറ്റാണ്. ചിലത് 1.6 മില്ല്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു.    


 

click me!