അല്‍പ്പം ഇഞ്ചിക്കാര്യം; മികച്ച വിളവിന് നല്ലത് 'വരദ'

By Nitha S VFirst Published Dec 14, 2019, 4:47 PM IST
Highlights

വിത്തിനായി ഇഞ്ചി ശേഖരിക്കുമ്പോള്‍ അഴുകാത്ത ഇഞ്ചി തന്നെ വേണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മി.ലി മാലത്തിയോണും 4 ഗ്രാം ഇന്‍സോഫില്‍ എം.45ഉം കലര്‍ത്തിയ വെള്ളത്തില്‍ അര മണിക്കൂര്‍  മുക്കിവെച്ച ശേഷം തണലില്‍ നിരത്തി വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കണം.
 

ഇഞ്ചി വിളവെടുക്കാനായല്ലോ. ഡിസംബര്‍ മാസമാകുമ്പോള്‍ മണ്ണില്‍ നിന്ന് ഈര്‍പ്പം കുറയുമ്പോളാണ് ഇഞ്ചി സാധാരണ വിളവെടുക്കുന്നത്. ഇനി മൂന്നോ നാലോ മാസം കേടുകൂടാതെ സൂക്ഷിച്ച് വെക്കണം. ഇത്തവണ മികച്ച കൃഷി ഓഫീസര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചാത്തന്നൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എം.എസ് പ്രമോദ്  പറഞ്ഞുതരുന്ന ചില വിദ്യകള്‍ ഇതാ.

'മാരന്‍, വയനാടന്‍, ഹിമാചല്‍, കുറുപ്പംപാടി എന്നിവയാണ് നമ്മള്‍ ചുക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പച്ചക്കറിയുടെ ആവശ്യത്തിന് റിയോ ഡി ജനീറോ, ചൈന, അശ്വതി എന്നിവ ഉപയോഗിക്കാം. വരദയും രജതയും മഹിമയും ഈ രണ്ട് ആവശ്യങ്ങള്‍ക്കും നല്ലതാണ്.' പ്രമോദ് ഇഞ്ചിയുടെ ഉപയോഗങ്ങളെക്കുറിച്ച് വിശദമാക്കുന്നു. മികച്ചയിനം വിത്തും കൃത്യമായ പരിചരണവും നല്‍കിയാല്‍ നല്ല വിളവ് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നത്.

പച്ചക്കറിയായി അടുക്കളയിലെ ആവശ്യത്തിന് ഉപയോഗിക്കാന്‍ നട്ട് ആറുമാസം മുതല്‍ വിളവെടുക്കാം. എന്നാല്‍ വിത്തിഞ്ചിയായി സൂക്ഷിക്കാന്‍ എട്ടരമാസം കഴിയണം. വരദയാണ് ഗുണമേന്മയുള്ള ഇനം. ഇത് ഉണക്കിയാല്‍ അഞ്ചിലൊന്ന് ചുക്ക് ലഭിക്കും. മൂന്നടിയോളം പൊക്കത്തില്‍ വളരും. ശരാശരി 10 ചിനപ്പുകള്‍ വരദയുടെ ചുവട്ടില്‍ നിന്നും പൊട്ടിമുളയ്ക്കാറുണ്ട്. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഇഞ്ചി ലഭിക്കും.

വിത്തിനായി ഇഞ്ചി ശേഖരിക്കുമ്പോള്‍ അഴുകാത്ത ഇഞ്ചി തന്നെ വേണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മി.ലി മാലത്തിയോണും 4 ഗ്രാം ഇന്‍സോഫില്‍ എം.45ഉം കലര്‍ത്തിയ വെള്ളത്തില്‍ അര മണിക്കൂര്‍  മുക്കിവെച്ച ശേഷം തണലില്‍ നിരത്തി വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കണം.

ഇഞ്ചിവിത്ത് ഉണക്കുന്ന വിധം

'വെള്ളം കെട്ടി നില്‍ക്കാത്ത തണല്‍ ലഭിക്കുന്ന സ്ഥലത്താണ് കുഴിയെടുക്കേണ്ടത്. രണ്ടരയടി ആഴത്തില്‍ കുഴിയെടുക്കണം. ആവശ്യത്തിന് നീളവും വീതിയും വേണം. കുഴിയുടെ വശങ്ങളില്‍ പച്ചച്ചാണകം മെഴുകി ഉണക്കണം. കുഴിയുടെ അടിയില്‍ ഉണങ്ങിയ ഈര്‍ച്ചപ്പൊടിയും ഒരിഞ്ച് കനത്തില്‍ മണലും വിരിക്കുക. അതിനുശേഷം ഉണങ്ങിയ പാണലിന്റെ ഇലകള്‍ വിരിക്കണം.' പ്രമോദ് വിശദമാക്കുന്നു.

'ഇങ്ങനെ ചെയ്ത ശേഷം ഒരിഞ്ച് കനത്തില്‍ വീണ്ടും മണല്‍ അല്ലെങ്കില്‍ മരപ്പൊടി വിരിക്കണം. അതിനുമുകളില്‍ ഇഞ്ചിവിത്ത് നിരത്തണം. പിന്നീട് ഉണങ്ങിയ പാണലിന്റെ ഇലകള്‍ വിരിച്ച് നന്നായി ഉണങ്ങിയ ഓലക്കാല്‍ കൊണ്ട് മൂടിയിടണം. മാസത്തില്‍ ഒരിക്കല്‍ ഇഞ്ചിവിത്ത് പുറത്തെടുത്ത് കേടായവ മാറ്റി വീണ്ടും പഴയ പോലെതന്നെ ചെയ്യണം. ഇങ്ങനെയാണ് ഇഞ്ചി ഉണക്കി സൂക്ഷിക്കേണ്ടത്.'

ഇഞ്ചിക്കൃഷി ചെയ്യുന്നവര്‍ വിഷുവിനോട് അടുപ്പിച്ച് നടുന്നതാണ് നല്ലതെന്ന് പ്രമോദ് ഓര്‍മിപ്പിക്കുന്നു. 'ഇഞ്ചി നടാനെടുക്കുന്ന കുഴിയെയാണ് പണ എന്ന് പറയുന്നത്. ആവശ്യത്തിന് നീളവും ഒരു മീറ്റര്‍ വീതിയും ഒരടി പൊക്കവുമുള്ള പണയാണ് വേണ്ടത്. ഇങ്ങനെയുള്ള രണ്ട് പണകള്‍ തമ്മില്‍ 40 സെ.മീ അകലം നല്‍കണം. 10 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഒരു പണയില്‍ 20 കിലോ കാലിവളവും 2 കിലോ വേപ്പിന്‍പിണ്ണാക്കും 1 കിലോ ചാമ്പലും 4 കിലോ മണ്ണിരക്കമ്പോസ്റ്റും ചേര്‍ക്കണം. വേണമെങ്കില്‍ 75 ഗ്രാം ഫോസ്‌ഫോ ബാക്ടീരിയയും ചേര്‍ക്കാം.'

 

ഇഞ്ചി അഴുകാതിരിക്കാന്‍ ഒരു കാര്യം ചെയ്താല്‍ മതി. ട്രൈക്കോഡര്‍മയാല്‍ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി ചേര്‍ത്താല്‍ മതി. ഇഞ്ചി നടാന്‍ എടുക്കുന്ന കുഴികളില്‍ നന്നായി അടിവളം ചേര്‍ക്കണം. കുഴികള്‍ 25 സെ.മീ അകലത്തില്‍ എടുത്ത് രണ്ടിഞ്ച് ആഴത്തില്‍ ഇഞ്ചി വിത്ത് നടണം.

25-30 ഗ്രാം തൂക്കമുള്ള ഇഞ്ചിവിത്താണ് വേണ്ടത്. ഇഞ്ചിവിത്ത് സ്യൂഡോമോണാസ് ലായനിയില്‍ അഞ്ചുമിനിറ്റ് മുക്കി അരമണിക്കൂര്‍ തണലത്ത് വെച്ച ശേഷമേ നടാന്‍ പാടുള്ളു.

പുതയിടാനും ശ്രദ്ധിക്കണം. കരിയിലകളാണ് നല്ലത്. ഉണങ്ങിയ ഓല കരിയിലകള്‍ക്ക് മുകളില്‍ ഇടാം.  രണ്ടു മാസം കഴിഞ്ഞാലും മൂന്ന് മാസം കഴിഞ്ഞാലും വീണ്ടും പുതയിടണം.

വളപ്രയോഗം
 

മുള വന്ന് കഴിഞ്ഞാല്‍ രണ്ടാഴ്ച ഇടവിട്ട് പച്ചച്ചാണകം കലക്കി ഒഴിക്കണം. മാസത്തിലൊരിക്കല്‍ പുളിപ്പിച്ച കടലപ്പിണ്ണാക്ക്, പച്ചച്ചാണകം, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയുടെ മിശ്രിതം നേര്‍പ്പിച്ച് ഒഴിക്കാം.

ഇഞ്ചി മുകളിലേക്ക് കാണാന്‍ തുടങ്ങുമ്പോള്‍ പണയുടെ വശങ്ങളിലുള്ള മണ്ണ് കോരിയെടുത്ത് മുകളിലേക്കിട്ടുകൊടുക്കണം. വിളവെടുപ്പ് നടത്തുന്നത് വരെ ഇങ്ങനെ മണ്ണ് കയറ്റിക്കൊടുക്കണം.

click me!