ആഴ്‍ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്‍താല്‍ പോരെ? നിര്‍ദ്ദേശവുമായി ലേബര്‍ പാര്‍ട്ടി

By Web TeamFirst Published Dec 14, 2019, 3:21 PM IST
Highlights

യൂറോപ്പിലെ ഭൂഖണ്ഡത്തിൽ, യുഎസിലെയും യുകെയിലെയും അപേക്ഷിച്ച് പ്രവൃത്തി സമയം വളരെ കുറവാണ്. എന്നാൽ ഏറ്റവും കൂടുതൽ ഉൽ‌പാദനക്ഷമത ഉള്ളതും അവിടങ്ങളിലാണ്. 

പഠിപ്പുകഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും ലക്ഷ്യം നല്ലൊരു ജോലിയാണ്. ജോലികിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാൻ എന്നൊക്കെ സ്വപ്‍നം കണ്ടു നമ്മൾ ജോലിയിൽ പ്രവേശിക്കും. എന്നാൽ ലീവ് പോയിട്ട് ഒന്ന് സമാധാനമായി ഇരിക്കാൻ പോലും കഴിയാത്തത്ര സമ്മർദ്ദത്തിലാകും പലപ്പോഴും. അതുവരെ ജോലികിട്ടിയില്ല എന്ന് വേവലാതിപ്പെട്ടവർ പിന്നെ ജോലി തീരുന്നില്ല എന്ന് പറഞ്ഞു ദുഃഖിക്കാൻ തുടങ്ങും. ഒരു ശനിയും ഞായറും വന്നാലോ നമ്മൾ വിചാരിക്കുന്നതിലും വേഗം അതും കടന്നുപോകും. കൂട്ടുകാരോട് "എനിക്ക് ഒന്നിനും സമയമില്ല. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും ഞാൻ ആകെ തളരും. ജോലി ഇങ്ങനെയെങ്കിൽ, എനിക്ക് വേറൊന്നിനും സമയമുണ്ടാകില്ല" തുടങ്ങിയ നൂറു പരാതികളും പറഞ്ഞു വിഷമം തീർക്കാൻ ശ്രമിക്കും.    

എന്നാൽ ആഴ്‍ചയിൽ നാല് ദിവസം മാത്രം ജോലിചെയ്‌താൽ മതിയെന്ന് ഒരു നിയമം വന്നാലോ? വെറുതെ പറയുകയല്ല. യുകെയിലെ ലേബർ പാർട്ടിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചത്. കുറഞ്ഞ സമയം പ്രവർത്തിക്കുന്നത് യഥാർത്ഥത്തിൽ നമ്മളെ കൂടുതൽ ഉൽ‌പാദനക്ഷമമാക്കുമെന്ന് മാത്രവുമല്ല നമ്മുടെ ജീവിതം കൂടുതൽ സുഖകരമാക്കുകയും ചെയ്യും. നമുക്ക് ഇഷ്ടപ്പെട്ട ഒരു ജോലിതന്നെയാണ് കിട്ടിയതെന്ന് വിചാരിക്കുക, പക്ഷേ, അത് മാത്രമായി തീരരുത് ജീവിതം. ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യുന്നത് നമ്മുടെ ജീവിതത്തെ ഇടുങ്ങിയതും സങ്കീർണ്ണവുമാക്കുന്നു. ജീവിതത്തിലെ അനവധി അപൂർവ മുഹൂർത്തങ്ങൾ നമുക്ക് നഷ്ടമാകും. ലോകത്തിലെ സാഹസികതയും രസങ്ങളും നമുക്ക് നഷ്ടപ്പെടാം.

യൂറോപ്പിലെ ഭൂഖണ്ഡത്തിൽ, യുഎസിലെയും യുകെയിലെയും അപേക്ഷിച്ച് പ്രവൃത്തി സമയം വളരെ കുറവാണ്. എന്നാൽ ഏറ്റവും കൂടുതൽ ഉൽ‌പാദനക്ഷമത ഉള്ളതും അവിടങ്ങളിലാണ്. ഹോളണ്ട്, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ യുഎസ്സിനേക്കാളും യുകെയേക്കാളും സാമ്പത്തിക വളർച്ച നേടിയ രാജ്യങ്ങളാണ്. അവർക്ക് ഉയർന്ന ക്ഷേമവും ഉണ്ട്. 

കൂടുതൽ ദൈർഘ്യമുള്ള ജോലിസമയം ആളുകളിൽ ക്ഷീണവും നീരസവും ഉണ്ടാക്കുന്നു. ഇത് ഉൽ‌പാദനക്ഷമത കുറയുന്നതിനും കാരണമാകുന്നു. കൂടുതൽ ജോലി ചെയ്യുന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. ഉറക്കക്കുറവ്, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഇത് കാരണമാക്കും. എന്നാൽ മറുവശത്ത്,  പ്രവൃത്തിസമയം കുറയുന്നത് കൊണ്ട് ഗുണങ്ങൾ ഏറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാനും, നല്ല ബന്ധങ്ങൾ കെട്ടിപ്പെടുക്കാനും, നമ്മുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും ഇത് നമ്മെ സഹായിക്കും. നമ്മുടെ സ്വതസിദ്ധമായ താൽപ്പര്യങ്ങൾ പിന്തുടർന്ന് ആധികാരികമായി ജീവിക്കാനുള്ള കൂടുതൽ അവസരവും ഇത് നൽകുന്നു. ആസ്വാദ്യകരമായ പ്രവർത്തനങ്ങളിൽ നാം കൂടുതലായി മുഴുകുമ്പോൾ മനഃശാസ്ത്രജ്ഞർ പറയുന്ന പോലെ മനസ്സ് കൂടുതൽ പോസിറ്റീവ് ആയിത്തീരും.

ലേബർ പാർട്ടി നിർദ്ദേശിക്കുന്ന ആഴ്ചയിലെ നാല് പ്രവൃത്തിദിനം എന്ന ആശയം എത്രത്തോളം പ്രായോഗികമാണ് എന്നറിയില്ല. ഇനിയും ഒരുപാട് ചർച്ചകളും പഠനങ്ങളും ആവശ്യമായ ഒരു വിഷയമാണ് അത്.   

click me!