ഒരു പോസ്റ്റ് കാര്‍ഡ് വരുത്തിയ വിന!

By Web TeamFirst Published Mar 31, 2021, 6:00 PM IST
Highlights

സുധീര്‍ ഇപ്പോഴും ഗോകുല്‍ദാമില്‍ ഉണ്ടാവുമോ, ഓര്‍മ്മയുണ്ടാവുമോ, ആ പോസ്റ്റ് കാര്‍ഡ്?

അപ്പോഴേക്കും അച്ഛനെ പരിചയമുള്ള ആരോ ഒരു ഹിന്ദിക്കാരന്‍ വഴിയറിയാതെ നില്‍ക്കുന്ന ഞങ്ങളെ കണ്ടു. പിന്നീട് ഒരു പോലീസുകാരന്റെ സഹായത്തോടെ വീട്ടിലെത്തിച്ചു. അന്നാണ് ആദ്യമായി ഒരു പ്ലാസ്റ്റിക് വയര്‍ വയര്‍വച്ച്  അച്ഛനെന്നെ തല്ലിയത്. സുധീറിനും ഒരു പാട് തല്ലു കിട്ടി. അവന്‍ സത്യം തുറന്നു പറഞ്ഞു.

 

അഞ്ചുവയസ്സിലെ ഓര്‍മ്മകളില്‍ തത്തി കളിക്കുന്ന ചില മുഖങ്ങളും സ്ഥലങ്ങളുമുണ്ട് . ദാദറിലെ ആദര്‍ശ് നഗറിലെ ഒരു ഹാളും റൂമും അടുക്കളയുമടങ്ങുന്ന ഫ്‌ലാറ്റ്. ജനലിലൂടെ താഴത്തേ റോഡിലൂടെ പോകുന്നവരുടെ തല എണ്ണുക, വണ്ടികളുടെ എണ്ണം നോക്കുക ഇതൊക്കെയായിരുന്നു കളിക്കൂട്ടുകാരന്‍ സുധീറിന്റേയും എന്റേയും കലാപരിപാടികള്‍. അതിനിടയിലുള്ള അടി പിടിയില്‍ അവന്‍ സ്വയം തോല്‍ക്കും. അല്ലെങ്കില്‍ എന്റെ അലമുറയിട്ട കരച്ചില്‍ കേട്ട് അവന്റെ അമ്മ സേതുമാമി വന്ന് അവനെ നല്ല തല്ലു കൊടുക്കും. ഗുരുവായൂര്‍ക്കാരന്‍ ബാലന്‍ മാമനും സേതു മാമിക്കും രണ്ടുമക്കള്‍. സുനിലേട്ടനും സുധീറും. സുനിലേട്ടനും  സുധീറും എന്നെക്കാള്‍ മൂത്തവര്‍. അതു കൊണ്ടു തന്നെ പെണ്‍കുഞ്ഞില്ലാത്ത മാമിക്ക് എന്നെ ജീവനായിരുന്നു കുറെ കാലങ്ങള്‍ക്കു ശേഷം സുധ എന്ന മോളുണ്ടായി.

ഞാനും, അനിയനും , അച്ഛനും അമ്മയും മുംബൈയില്‍. ചേച്ചിമാര്‍ രണ്ടു പേരും നാട്ടില്‍ പഠിക്കുന്നു. ഞാന്‍ അച്ഛന്റെ ചെല്ലക്കുട്ടിയായിരുന്നു . വാശി പിടിച്ചു കരയുന്നത് നിര്‍ത്താന്‍ അമ്മ ഒരു പാട് തല്ലിയിട്ടുണ്ട്. അപ്പോഴൊക്കെ അച്ഛന്റെ മടിയിലിരുന്ന് ഏങ്ങലടിച്ച കരയുന്ന എന്നെ മാറോടണച്ച് അമ്മയെ വഴക്കുപറയുന്ന അച്ഛന്‍. കുറച്ചു ദിവസമായി അമ്മയും അച്ഛനും തമ്മില്‍ കാര്യമായി സംസാരിക്കുന്നു. ഒരു പോസ്റ്റ് കാര്‍ഡ് ആണ് വിഷയം. കൊച്ചു കുട്ടിയായ എനിക്ക് എന്തെന്ന് മനസ്സിലായില്ലെങ്കിലും ഈ പോസ്റ്റുകാര്‍ഡാണ് ഉത്തരവാദി എന്നു മനസ്സിലായി. (നാട്ടില്‍ നിന്നും പൈസക്കാവശ്യം പറഞ്ഞു വന്ന കാര്‍ഡ്) സുധീറും ഞാനും കന്നടാന്റിയുടെ മകനും ഇരുന്നു കളിക്കുകയാണ്. ഞങ്ങള്‍  അക്കുത്തിക്കുത്താനയും, ചുടുചുടാമ്പഴവും, കള്ളനും പോലീസും കളിക്കുന്നുണ്ട്. എന്റെ ഉഷാറില്ലായ്മ കളിക്കൂട്ടുകാരനെ ഒരുപാടു വിഷമിപ്പിച്ചു. പിള്ള മനസ്സില്‍ കളങ്കമില്ല . സൂത്രക്കാരനായ അവന്‍ എന്റെ സങ്കടത്തിന് വഴി കണ്ടുപിടിച്ചു. പോസ്റ്റ് കാര്‍ഡ് വരുന്നത് റോഡിലിരിക്കുന്ന പോസ്റ്റ് ബോക്‌സില്‍ നിന്നാണ്. അതുണ്ടാക്കിയ പ്രശ്്‌നം തീര്‍ക്കാനുള്ള വഴി ഈ കാര്‍ഡ് അതിലിടുക എന്നതാണ്. വള്ളിനിക്കറും ബനിയനുമിട്ട സുധീറും പുള്ളിയുടുപ്പിട്ട ഞാനും കൂടി കാര്‍ഡുമെടുത്ത് താഴേക്കിറങ്ങി റോഡിലൂടെ നടന്നു നീങ്ങി പോസ്റ്റ് ബോക്‌സ് അന്വേഷിച്ച്. 

അങ്ങനെ പോസ്റ്റ് ബോക്‌സ് കണ്ടുപിടിച്ചു. കഞ്ഞുങ്ങളായ ഞങ്ങളേക്കാള്‍ ഉയരം ബോക്‌സിന്. സൂത്രധാരന്‍ എന്നെ എടുത്തു പൊക്കി ഞാന്‍ ബോക്‌സില്‍ സങ്കടം നിക്ഷേപിച്ചു. കൂട്ടുകാരന്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പുഞ്ചിരി.

അപ്പോഴേക്കും മക്കളെ കാണാതെ അമ്മമാര്‍ അലമുറയിടാന്‍ തുടങ്ങിയിരുന്നു. അന്നൊക്കെ മുംബൈയില്‍ കുട്ടികളെ പിടിച്ചു കൊണ്ടുപോയി കണ്ണുപൊട്ടിച്ച് . ഭിക്ഷാടനം നടത്തിയിരുന്ന കാലം. 

അപ്പോഴേക്കും അച്ഛനെ പരിചയമുള്ള ആരോ ഒരു ഹിന്ദിക്കാരന്‍ വഴിയറിയാതെ നില്‍ക്കുന്ന ഞങ്ങളെ കണ്ടു. പിന്നീട് ഒരു പോലീസുകാരന്റെ സഹായത്തോടെ വീട്ടിലെത്തിച്ചു. അന്നാണ് ആദ്യമായി ഒരു പ്ലാസ്റ്റിക് വയര്‍ വയര്‍വച്ച്  അച്ഛനെന്നെ തല്ലിയത്. സുധീറിനും ഒരു പാട് തല്ലു കിട്ടി. അവന്‍ സത്യം തുറന്നു പറഞ്ഞു. ആ കാര്‍ഡ് വരുത്തി വെച്ച വിനയെ കുറിച്ച്. അമ്മയുടേയും അച്ഛന്റേയും സങ്കടം മാറ്റാന്‍ ഒരു മകള്‍ തയ്യാറായപ്പോള്‍ എന്തിനും കുട്ടു നിന്ന പ്രിയ കൂട്ടുകാരന്‍. ഇത്രയും ഹൃദയവിശാലതയുള്ള സുഹൃത്തിനെ ജീവിതത്തില്‍ കിട്ടിയിട്ടില്ല.

നാട്ടിലേക്ക് പറിച്ച് നടുവാന്‍ ജയന്തി ജനതയില്‍ കയറിയ ഞങ്ങളെ യാത്രയാക്കാന്‍ ആ കുടുംബം വന്നിരുന്നു. അന്ന് കൂട്ടുകാരന്റെ ഉണ്ടക്കണ്ണില്‍ നിന്നും കണ്ണുനീര്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.പിന്നീട് അവനെ ഞാന്‍ കണ്ടിട്ടില്ല. ഗോരെഗാവിലെ ഗോകുല്‍ദാമില്‍ ആണ് അവരൊക്കെ താമസമെന്ന് പിന്നീടറിഞ്ഞു. 

ആ കുടുംബത്തെ ഞാന്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കണ്ടെത്തും. അവര്‍ ചിലപ്പോള്‍ എന്നെയൊക്കെ മറന്നു കാണും. എങ്കിലും ഒന്നു കാണണം. 

click me!