
ഇല്ലിനോയ്‍സിൽ ആറ് വർഷം മുമ്പ് കാണാതായ ഒരു പെൺകുട്ടിയെ അപ്രതീക്ഷിതമായി കണ്ടെത്തി. ഒരു നെറ്റ്ഫ്ലിക്സ് ഷോയിൽ പെൺകുട്ടിയെ കുറിച്ചുള്ള ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെ നോർത്ത് കരോലിനയിലുള്ള ഒരു കടയുടമയാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. തന്റെ അമ്മ ഹെതറിന്റെ സംരക്ഷണയിലായിരിക്കെയാണ് കേയ്ല ഉൻബെഹാനുവിനെ കാണാതെയാവുന്നത്. അന്ന് അവൾക്ക് ഒമ്പത് വയസായിരുന്നു പ്രായം. ഒരു തുമ്പും അവശേഷിപ്പിക്കാതെയായിരുന്നു കേയ്ലയെയും കൊണ്ട് അമ്മയുടെ അപ്രത്യക്ഷമാകൽ.
കേയ്ലയുടെ മുഴുവൻ സംരക്ഷണ ചുമതല അമ്മയ്ക്കായിരുന്നില്ല. കേയ്ലയുടെ അച്ഛനായിരുന്നു അവളുടെ മുഴുവൻ സമയ സംരക്ഷണ ചുമതല. അവൾ അമ്മയെ കണ്ട് കുറച്ച് ദിവസം താമസിച്ചു മടങ്ങാനെത്തിയപ്പോഴായിരുന്നു കാണാതാകൽ. 2017 ജൂലൈ നാലിനാണ് അവളെ കാണാതെയാവുന്നത്. മകളെ കൂട്ടിക്കൊണ്ടു വരാനായി അവളുടെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു അച്ഛൻ. എന്നാൽ, അമ്മയോ മകളോ അവിടെ ഇല്ലായിരുന്നു. പിന്നാലെ തന്നെ അവളുടെ അച്ഛൻ മകളെ കാണാതായതായി പരാതിയും നൽകി. എന്നാൽ, വർഷങ്ങളോളം കേസിൽ ഒരു തുമ്പും കിട്ടിയില്ല.
'അൺസോൾവ്‍ഡ് മിസ്റ്ററീസ്' എന്ന നെറ്റ്ഫ്ലിക്സ് ഷോയിലും അവളുടെ കഥ പ്രത്യക്ഷപ്പെട്ടു. അമ്മയാണ് അവളെ തട്ടിക്കൊണ്ടു പോയത് എന്നും ഷോയിൽ വ്യക്തമാക്കിയിരുന്നു. ഷോ ശ്രദ്ധയാകർഷിച്ചതോടെ ലോകത്തെമ്പാടുമുള്ള ആളുകളെ കേയ്ലയുടെ തിരോധാനം സ്പർശിച്ചു. ആറ് വർഷത്തിന് ശേഷം കുട്ടിയെ കണ്ടു എന്ന് ഒരാൾ അറിയിച്ചതോടെ അധികൃതർ കേയ്ലയെ കണ്ടു എന്ന് പറയുന്ന സ്ഥലത്തെത്തി. ഒരു ഷോപ്പിംഗ് കോപ്ലക്സിൽ വച്ചാണ് നോർത്ത് കരോലിനയിലെ ഒരു കടയുടമ അവളെ കണ്ടത്.
അധികൃതർ സ്ഥലത്തെത്തി കടയുടമ കണ്ടത് കേയ്ലയെ തന്നെയാണ് എന്ന് സ്ഥിരീകരിച്ചു. കാണാതായ ആറ് വർഷം കുട്ടി എവിടെയായിരുന്നു, എങ്ങനെയായിരുന്നു ജീവിച്ചത് എന്നെല്ലാം പൊലീസ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 'നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ' അടുത്തിടെ 15 -ാം വയസിൽ കേയ്ല കാണാൻ എങ്ങനെയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും പുറത്ത് വിട്ടിരുന്നു.