
സ്നേഹിക്കുന്ന എന്തെങ്കിലും പെട്ടെന്ന് നഷ്ടമായാല്‍ വേദന തോന്നാത്തതായി ആരുമുണ്ടാകില്ല. എന്നാല്‍ ആ വേദനയുടെ അളവില്‍ വ്യത്യാസമുണ്ടായിരിക്കും. കുട്ടികളാണെങ്കില്‍ അവരുടെ വേദനയ്ക്ക് തീവ്രത കൂടും. കാരണം അവര്‍ നിഷ്ക്കളങ്കരാണെന്നത് തന്നെ. ഇനി അത്തരത്തില്‍ സ്നേഹിച്ച് നഷ്ടമായ ഒന്നിനെ തിരികെ കിട്ടുമ്പോഴോ? തീര്‍ച്ചയായും നമ്മുക്ക് സന്തോഷം തോന്നും. ചിലര്‍ക്ക് ആനന്ദ കണ്ണീര്‍ വന്നേക്കാം. എന്നാല്‍, ഇവിടെ ഒരു പെണ്‍കുട്ടി തനിക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ട നായയെ തിരികെ ലഭിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു.
ജനുവരിയിലാണ് ലിയോയെ നഷ്ടമായത്, പലയിടത്തും അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. അവനെ അവര്‍ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടതായി അവര്‍ക്ക് തോന്നി. ഒടുവില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ലിയോയെ കണ്ടെത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു വീടിന്‍റെ കമ്പികൊണ്ട് തീര്‍ത്ത മതില്‍ക്കെട്ടിനകത്താണ് ലിയോയെ പെണ്‍കുട്ടി കണ്ടെത്തിയത്. അവള്‍ ലിയോ എന്ന് വളിച്ച് കരയാന്‍ തുടങ്ങിയതും നായ ഓടിവന്നു. ഒടുവില്‍ ഗേറ്റ് തുറന്നപ്പോള്‍ നായ ഓടി വന്ന് തന്‍റെ പഴയ യജമാനനെ ആലിംഗനം ചെയ്യാനെത്തി. അപ്പോഴും ലിയോ എന്ന് വിളിച്ച് പെണ്‍കുട്ടി കരയുകയായിരുന്നു. അവളുടെ കരച്ചില്‍ അക്ഷരാര്‍ത്ഥത്തില്‍ നെറ്റിസണ്‍സിന്‍റെ ഹൃദയം കവര്‍ന്നു.
“ലിയോ എന്നു പേരുള്ള ഈ നായയെ ജനുവരിയിൽ കാണാതായി. കഴിഞ്ഞയാഴ്ച അവനെ കണ്ടെത്തി. അവന്‍ തന്‍റെ കുടുംബവുമായി വീണ്ടും ഒന്നിച്ച നിമിഷമായിരുന്നു ഇത്," എന്ന അടിക്കുറിപ്പോടെ @GoodNewsCorres1 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പ്രസിദ്ധീകരിച്ചത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. നിരവധി പേര്‍ കമന്‍റുമായെത്തി. ഇതിനകം 11 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു.