ബെൻ മൈറസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്‍റെ, 94 വയസ്സുള്ള മുത്തശ്ശിയുടെ ആജീവനാന്ത വായനയുടെ ചരിത്രം ട്വിറ്ററില്‍ പങ്കുവച്ചത്.
ചരിത്രം എന്നും മനുഷ്യനെ പ്രചോദിപ്പിച്ചിരുന്ന ഒന്നാണ്. ഭൂതകാലത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. എന്നാല്‍, ചരിത്രം രേഖപ്പെടുത്തുന്നത് രാഷ്ട്രത്തിന്‍റെയും അതിന്‍റെ ഭരണാധികാരികളുടെയും ആയിട്ടായിരിക്കും. അതിനാല്‍ തന്നെ അവനവന്‍റെ ഭൂതകാലത്തെ കുറിച്ച് അല്ലെങ്കില്‍ സ്വന്തം കുടുംബത്തിന്‍റെ ഒരു തലമുറ മുമ്പുള്ള കാര്യങ്ങളെ കുറിച്ച് നമ്മുക്ക് വലിയ അറിവൊന്നും ഉണ്ടാകില്ല. എന്നാല്‍, മുത്തച്ഛന്‍റെയോ മുത്തശ്ശിയുടെയോ രഹസ്യ സൂക്ഷിപ്പിക്കളില്‍ നിന്ന് ഒരു പക്ഷേ നമ്മുക്ക് അത്തരം ചില ചരിത്രങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. അത്തരത്തില്‍ ഒന്നാണ് ഇത്.
ഒമ്പത് മാസം ഗര്‍ഭിണി, ഒരു മൈൽ ദൂരം ഓടി തീര്‍ത്തത് 5.17 മിനിറ്റില്‍!
കഴിഞ്ഞ ദിവസം തന്‍റെ മുത്തശ്ശി അവരുടെ 14 വയസ്സ് മുതൽ അവൾ വായിച്ച എല്ലാ പുസ്തകങ്ങളുടെയും പട്ടിക ഒരാള്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു. ഇത് വായനക്കാരായ ട്വിറ്റര്‍ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ബെൻ മൈറസ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് തന്‍റെ, 94 വയസ്സുള്ള മുത്തശ്ശിയുടെ ആജീവനാന്ത വായനാ ചരിത്രത്തിലേക്ക് ഊളിയിട്ടത്. ആ പുസ്തകങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തികൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി; " 94 വയസ്സുള്ള എന്‍റെ മുത്തശ്ശി 14 വയസ്സ് മുതൽ താൻ വായിച്ച എല്ലാ പുസ്തകങ്ങളുടെയും ഒരു ലിസ്റ്റ് സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം നീണ്ട ഒരാളുടെ മനസ്സിന്‍റെ അത്ഭുതകരമായ ചരിത്ര രേഖകള്‍."
ബെൻ മൈറസിന്‍റെ ട്വീറ്റ് ഒറ്റ ദിവസം കൊണ്ട് 35 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെയിലാണ് മുത്തശ്ശി തന്‍റെ പുസ്തക വായന തുടങ്ങുന്നത്, 1943 ല്‍. ഇതില്‍ പ്രധാനമായും അക്കാലത്തെ ജര്‍മ്മന്‍ സാഹിത്യമാണുള്ളത്. ഓസ്ട്രേലിയയിലേക്ക് കുടിയേറും മുമ്പ് ജർമ്മനിയിൽ അഭയാർത്ഥിയായി സേവനമനുഷ്ഠിക്കുമ്പോൾ അവര്‍ വായിച്ച പുസ്തകങ്ങൾ രേഖപ്പെടുത്തിയ ഒരു പേജും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. “ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന മൊത്തം പുസ്‌തകങ്ങളുടെ എണ്ണം 1658 ആണ് (80 വർഷത്തിൽ രണ്ടാഴ്ചയ്‌ക്ക് ഏകദേശം ഒന്ന് എന്ന തരത്തില്‍). സ്കൂൾ പൂർത്തിയാക്കാൻ ഒരിക്കലും അവസരം ലഭിക്കാത്ത ഒരു വ്യക്തിക്ക് ഇത് മോശമായ ലിസ്റ്റല്ല. ഒരു പക്ഷേ മറ്റൊരു ലോകത്ത് അവൾ യൂണിവേഴ്സിറ്റിയിൽ തത്ത്വശാസ്ത്രം പഠിക്കുമായിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിപ്പ് വൈറലായതോടെ നിരവധി പേര്‍ സംശയങ്ങളുമായി എത്തി. ചിലര്‍ക്ക് അറിയേണ്ടിയിരുന്നത് മുത്തശ്ശി ജർമ്മൻ, ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ മാത്രമേ വായിക്കൂ വെന്നായിരുന്നു. എന്നാല്‍ അവര്‍ വളരെ അപൂർവ സന്ദർഭങ്ങളില്‍ സെർബിയൻ പുസ്തകങ്ങളും ചിലപ്പോഴൊക്കെ ചില ഹംഗേറിയൻ പുസ്തകങ്ങളും വായിച്ചിരുന്നെന്ന് മൈറസ് മറുപടി നൽകി. നേരത്തെ ഇത്തരമൊരു ലിസ്റ്റ് ട്വിറ്ററില്‍ തരംഗം തീര്‍ത്തിരുന്നു. എ കെ എന്ന് പേര്‍ നല്‍കിയ ട്വിറ്റര്‍ അക്കൗണ്ട് ഉടമയ തന്‍റെ മുത്തച്ഛന്‍ 1958 മുതൽ 1974 വരെ താൻ കണ്ട എല്ലാ സിനിമകളുടെയും ലിസ്റ്റായിരുന്നു അത്.
