അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടി ഒളിച്ചത് വാഷിംഗ് മെഷീനില്‍, ഒടുവിൽ‌ ഫയർ ഫോഴ്സ് വരേണ്ടി വന്നു

Published : Apr 08, 2025, 09:18 PM IST
അമ്മയുടെ വഴക്കിൽ നിന്നും രക്ഷപ്പെടാൻ പെൺകുട്ടി ഒളിച്ചത് വാഷിംഗ് മെഷീനില്‍, ഒടുവിൽ‌ ഫയർ ഫോഴ്സ് വരേണ്ടി വന്നു

Synopsis

വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇറങ്ങിയിരുന്നതും താൻ അതിനുള്ളിൽ കുടുങ്ങിപ്പോയെന്നും മറ്റൊരാളുടെ സഹായമില്ലാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലെന്നും പെൺകുട്ടി മനസ്സിലാക്കി.

മാതാപിതാക്കൾ കുട്ടികളെ ശാസിക്കുന്നത് സാധാരണമാണ്. എന്നാൽ, ഈ ശാസനകളോട് കുട്ടികൾ പ്രതികരിക്കുന്നത് പലവിധത്തിലായിരിക്കും. ചിലർ നിശബ്ദതയോടെ ശകാരം കേട്ട് നിൽക്കുമെങ്കിൽ മറ്റൊരു കൂട്ടർ അതിനെതിരെ പ്രതികരിക്കും. ചിലർ വഴക്കിൽ നിന്നും ഒഴിഞ്ഞുമാറാൻ എന്തെങ്കിലുമൊക്കെ സൂത്രപ്പണികളും ചെയ്യും. അത്തരത്തിൽ ഒരു സൂത്രപ്പണി ചെയ്ത ഒരു ചൈനീസ് പെൺകുട്ടിക്ക് ഉണ്ടായത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്. 

ഗൃഹപാഠം ചെയ്യാത്തതിന് അമ്മയുടെ ശകാരം ഭയന്ന് പെൺകുട്ടി വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിക്കുകയായിരുന്നു. എന്നാൽ, പിന്നീട് അതിനുള്ളിൽ നിന്നും പുറത്തു വരാൻ കഴിയാത്ത വിധം മെഷീന്റെയുള്ളിൽ കുടുങ്ങിപ്പോയി. അമ്മയുടെ ശകാരം ആദ്യം കേട്ട പെൺകുട്ടി പിന്നീട് കൂടുതൽ കേൾക്കാൻ മടിച്ചിട്ടാണത്രെ വീട്ടിലെ ടോപ്പ് ലോഡിങ് വാഷിംഗ് മെഷീന്റെ ഉള്ളിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചത്. 

വാഷിംഗ് മെഷീന്റെ ഉള്ളിൽ ഇറങ്ങിയിരുന്നതും താൻ അതിനുള്ളിൽ കുടുങ്ങിപ്പോയെന്നും മറ്റൊരാളുടെ സഹായമില്ലാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലെന്നും പെൺകുട്ടി മനസ്സിലാക്കി. ഉടൻതന്നെ അമ്മയെ വിളിക്കുകയും അവളെ പുറത്തിറക്കാൻ അമ്മ  തീവ്രമായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അവരും പരാജയപ്പെട്ടു. ഒടുവിൽ, അഗ്നിശമനസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു.

അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേയും വേദനകൊണ്ട് പുളഞ്ഞ പെൺകുട്ടി ആകെ തളർന്നിരുന്നു. പിന്നീട് ഫയർഫോഴ്സ് വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചു മാറ്റിയതിനുശേഷം ആണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അരമണിക്കൂർ നീണ്ടുനിന്നു രക്ഷാപ്രവർത്തനം.

സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടികളുടെ മനശാസ്ത്രം അറിഞ്ഞുവേണം മാതാപിതാക്കൾ പെരുമാറാൻ എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടു. വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്ന് ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കണം എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ അപകടത്തിൽപ്പെട്ട കുട്ടിയുടെയോ അമ്മയുടെയോ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും