
ജോലിക്കായുള്ള ഇന്റർവ്യൂ പലപ്പോഴും പലതരത്തിലാണ് ഉണ്ടാവുക. തികച്ചും പ്രൊഫഷണലായിട്ടുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരുണ്ടാകും. നാം ചെയ്യേണ്ടുന്ന ജോലി സംബന്ധിച്ചും നമ്മുടെ എക്സ്പീരിയൻസ് സംബന്ധിച്ചും മാത്രം ചോദ്യം ചോദിക്കുന്നവരുണ്ടാകും. എന്നാൽ, ഇന്ന് ജോലിക്കായുള്ള അഭിമുഖങ്ങൾ കുറച്ചുകൂടി വ്യത്യസ്തമാണ്. എന്താണ് ഇന്റർവ്യൂ ചെയ്യുന്നവർ ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് ചിലപ്പോൾ മനസിലാവണം എന്നില്ല. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്.
ട്രിക്കി ആയിട്ടുള്ള ചോദ്യങ്ങളിലൂടെ അഭിമുഖത്തിന് എത്തുന്നവരെ മനസിലാക്കാനും അവരെ കുടുക്കാനും ഒക്കെ ഇന്ന് പല അഭിമുഖങ്ങളിലും ശ്രമങ്ങൾ ഉണ്ടാവാറുണ്ട്. അതാണ് ഇവിടെയും നടന്നത് എന്നാണ് കരുതുന്നത്. എന്തായാലും, ഈ റെഡ്ഡിറ്റ് യൂസറിന് ഇങ്ങനെ ഒരു ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ചെറിയ ചില സംശയങ്ങളൊക്കെ ഉണ്ട്. അതിനാൽ സഹായം തേടിയാണ് അവർ റെഡ്ഡിറ്റിൽ എത്തിയിരിക്കുന്നത്.
അക്കൗണ്ടിംഗ് ജോലിക്കാണ് യുവതി ശ്രമിക്കുന്നത്. അതിനിടയിൽ തന്നോട് അവർ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു. ഇത് പേഴ്സണലാണോ പ്രൊഫഷണലാണോ എന്ന് മനസിലാവുന്നില്ല. പ്രൊഫഷണലായിരിക്കാം, താൻ കുറച്ച് വർഷമായി അമ്മയാണ് എന്നും ജോലിയില്ലാതെയിരിക്കുകയാണ് എന്നും യുവതി കുറിച്ചിട്ടുണ്ട്.
ഇനി എന്താണ് ചോദ്യം എന്നല്ലേ? 'കുടുംബം എന്നാൽ നിങ്ങൾക്ക് എന്താണ്, ഇപ്പോൾ നിങ്ങൾ കുടുംബത്തിന് വേണ്ടി എത്രനേരമാണ് ചെലവഴിക്കുന്നത്' എന്നായിരുന്നു യുവതിയോട് ചോദിച്ചിരിക്കുന്ന ചോദ്യം.
നിരവധിപ്പേർ യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. പലതരത്തിലാണ് ആളുകൾ കമന്റുകൾ നൽകിയത്. ചിലർ പറഞ്ഞത് കുടുംബത്തിന് വേണ്ടി അധികം സമയം ചെലവഴിക്കുന്നവരാണെങ്കിൽ ജോലി കിട്ടാതെയിരിക്കാം എന്നാണ്. എന്നാൽ, മറ്റ് ചിലർ, 'ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ട കാര്യമില്ല. ജോലിക്കോ തനിക്ക് ഓഫർ ചെയ്തിരിക്കുന്ന പൊസിഷനോ ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാത്രമേ മറുപടി തരാൻ കഴിയൂ എന്ന് പറയൂ' എന്ന് ഉപദേശിച്ചിട്ടുണ്ട്.
10 മണിക്കൂർ 45 മിനിറ്റ്, 7 ഘട്ടങ്ങൾ, അതിവിചിത്രം ഈ ഇന്റർവ്യൂ, ചർച്ചയായി പോസ്റ്റ്