ഭിന്നശേഷിയുള്ള മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒറ്റയ്ക്ക് റോബോട്ട് ഉണ്ടാക്കി ദിവസക്കൂലിക്കാരന്‍!

By Web TeamFirst Published Sep 26, 2022, 12:47 PM IST
Highlights

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത ഈ 40-കാരന്‍ 12 മണിക്കൂര്‍ ജോലിക്കു ശേഷം വീട്ടിലെത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് ആറു മാസം കൊണ്ട് ഈ റോബോട്ട് ഉണ്ടാക്കിയത്. ചിലവായത് 15,000 രൂപ. 

മാതാപിതാക്കളോളം മക്കളെ അറിയുന്നവര്‍ ഇല്ല . അവരുടെ ജീവിതം ഓരോ നിമിഷവും മികച്ചതാക്കാന്‍ ആണ് ഓരോ മാതാപിതാക്കളും അവരുടെ ആയുസ്സും ആരോഗ്യവും സമ്പാദ്യവും സമയമൊക്കെ ചിലവഴിക്കുന്നത്. അതിനി കൂലിപ്പണിക്കാരന്‍ ആയാലും ശരി, കോടീശ്വരന്‍ ആയാലും ശരി, മക്കളുടെ സന്തോഷം തന്നെയാണ് മുഖ്യം. ഭിന്നശേഷിക്കാരിയായ മകള്‍ക്ക് വേണ്ടി ദിവസവേതനക്കാരനായ ഒരു അച്ഛന്‍ ചെയ്തു കൊടുത്ത കാര്യം കേട്ടാല്‍ അത്ഭുതം തോന്നും. മകള്‍ക്ക് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ ഒരു റോബോട്ടിനെ തന്നെയാണ് ഈ അച്ഛന്‍ നിര്‍മ്മിച്ചു കൊടുത്തിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ തന്നെ മനസ്സു നിറയ്ക്കുന്ന ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ്. ബെതോഡ പോണ്ഡയിലെ ഒരു ടെക് കമ്പനിയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ബിബിന്‍ കദം ആണ് ഭിന്നശേഷിക്കാരിയായ മകള്‍ പ്രജക്തക്കായി റോബോട്ട് നിര്‍മ്മിച്ചു നല്‍കിയത്. തന്റെ മകള്‍ ആരുടെ മുമ്പിലും നിസ്സഹായയായി നില്‍ക്കാതെ സ്വന്തം കാര്യങ്ങള്‍ അവള്‍ക്കു തന്നെ ചെയ്യുന്നതിന് സഹായിക്കാനാണ് ബിബിന്‍ റോബോട്ടിനെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 

 

 

സ്‌കുള്‍ പഠനം പൂര്‍ത്തിയാക്കാതെ ജോലിക്ക് പോയ ആളാണ് ബിബിന്‍. ക്രെയിന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ത്രീ ഡി മൗള്‍ഡുകള്‍ നിര്‍മിക്കുന്ന ബെതോഡ പോണ്ഡയിലെ കമ്പനിയില്‍ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുന്ന അദ്ദേഹം എഞ്ചിനീയര്‍ അല്ലെങ്കിലും മെഷീനുകളോടും അതിന്റെ സാങ്കേതിക വിദ്യയോടും കടുത്ത താല്‍പ്പര്യമുള്ളയാളാണ്. ദിവസം 12 മണിക്കൂര്‍ ജോലി ചെയ്ത ശേഷം, കിടപ്പു രോഗിയായ ഭാര്യയും ഭിന്നശേഷിയുള്ള മകളും മകനുമുള്ള വീട്ടിലെത്തിയാണ് റോബോട്ട് നിര്‍മാണ ജോലികള്‍ ചെയ്തത്. ആറു മാസമെടുത്തു അത്  നിര്‍മിക്കാന്‍. പഴയ സാധനങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും ഉപയോഗിച്ച് ഈ റോബോട്ട് നിര്‍മിക്കാന്‍ പതിനയ്യായിരം രൂപയാണ് അദ്ദേഹത്തിന് ചെലവു വന്നത്. 

ഇപ്പോള്‍ കൈകള്‍ ചലിപ്പിക്കാന്‍ സാധിക്കാത്ത ബിബിന്റെ മക്കള്‍ക്ക് ഭക്ഷണം വാരി നല്‍കുന്നത് റോബോട്ട് ആണ്. 'മാ റോബോട്ട് ' എന്നാണ് അദ്ദേഹം റോബോട്ടിന് നല്‍കിയ പേര്. അതെ അമ്മയെപ്പോലെ ഭക്ഷണം ഊട്ടുന്നത് കൊണ്ട് തന്നെയാണ് ഈ പേര് നല്‍കിയത്. 

പാചകം ചെയ്ത ഭക്ഷണം റോബോട്ടിനുള്ളില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക അറകളില്‍ സൂക്ഷിക്കും. തണുത്ത ഭക്ഷണം തണുപ്പോടെ കൂടിയും ചൂടുള്ള ഭക്ഷണം ചൂടോടുകൂടിയും നിശ്ചിത സമയത്തേക്ക് റോബോട്ടിന് ഉള്ളില്‍ കേടുകൂടാതെ സൂക്ഷിക്കാം. പിന്നീട് നമ്മള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് റോബോട്ട് ഭക്ഷണം എടുത്തു നല്‍കും. വോയിസ് കമാന്‍ഡിലൂടെയാണ് മാ റോബോട്ടിനെ നിയന്ത്രിക്കുന്നത്. 15 തരം ഭക്ഷണ വസ്തുക്കഹ തിരിച്ചറിയാനും അതു കഴിപ്പിക്കാനും ഈ റോബോട്ടിന് കഴിയും. 

 

 

ഗോവ സ്റ്റേറ്റ് ഇന്നവേഷന്‍ കൗണ്‍സില്‍ അദ്ദേഹത്തിന്റെ ശ്രമത്തെ അഭിനന്ദിക്കുകയും അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന. അതിനാല്‍ അദ്ദേഹത്തിന് ഉപകരണം വികസിപ്പിക്കുന്നത് തുടരാനും വാണിജ്യപരമായ ഉപയോഗത്തിന് അതിന്റെ പ്രായോഗികത അന്വേഷിക്കാനും കഴിയും

തന്റെ 14 വയസ്സുള്ള മകള്‍ ഭിന്നശേഷിയുള്ളവളാണെന്നും സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഭാര്യ കിടപ്പുരോഗിയായത്. ദിവസ വേതനക്കാരനായ ബിബിന് ജോലിക്ക് പോകാതെ മകളെ നോക്കിയിരിക്കാന്‍ പറ്റുന്ന സാമ്പത്തിക അവസ്ഥ ആയിരുന്നില്ല.   ഇതോടെ മകളുടെ കാര്യം പ്രതിസന്ധിയിലായി. താന്‍ ജോലിക്ക് പോയിക്കഴിയുമ്പോള്‍ മകള്‍ വിശപ്പുകൊണ്ട് നിലവിളിക്കുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. മകളുടെ സങ്കടം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ഒരു റോബോട്ട് എവിടെയെങ്കിലും ലഭ്യമാണോ എന്നാണ് ആദ്യം അന്വേഷിച്ചത്. നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു റോബോട്ട് സ്വയം രൂപകല്പന ചെയ്യാന്‍ ശ്രമം നടത്തിയതെന്ന്  40-കാരനായ ബിബിന്‍ കദം പറയുന്നു.

ഇടവേളകളില്ലാതെ മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് റോബോട്ടിനെ എങ്ങനെ നിര്‍മ്മിക്കാമെന്ന് അദേഹം പഠിച്ചത്.  ഇത്തരമൊരു റോബോട്ടിനെ സൃഷ്ടിക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയറിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കാന്‍ ബിപിന്‍ ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. തന്റെ മകളെപ്പോലെ സമാനമായ ജീവിതാവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ക്കായി ഇനിയും റോബോട്ട് നിര്‍മ്മിച്ചു നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.


 

click me!