
ഹൈസ്കൂൾ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സ്റ്റാൻലി സോങ്ങ് എന്ന യുവാവിന് ഗൂഗിൾ ജോലി വാഗ്ദ്ധാനം ചെയ്തത്. ലക്ഷങ്ങൾ കൊതിക്കുന്ന അവസരം. എല്ലാ വർഷവും SAT എഴുതുന്നത് 2 ദശലക്ഷം വിദ്യാർത്ഥികളാണ് എന്നാണ് പറയുന്നത്. അതിൽ, 1,590 -ൽ കൂടുതൽ സ്കോർ നേടിയ ഏകദേശം 2,000 പേരിൽ ഒരാളായിരുന്നു സ്റ്റാൻലി സോങ്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, അൺലിമിറ്റഡ് ഫ്രീ ഇ-സൈനിംഗിന് വേണ്ടിയുള്ള റാബിറ്റ്-സൈൻ എന്ന സ്റ്റാർട്ടപ്പും സ്റ്റാൻലി നിർമ്മിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളും കഴിവുകളുമെല്ലാം കണക്കിലെടുക്കുമ്പോൾ നല്ലൊരു സ്ഥാപനത്തിൽ തന്നെ സ്റ്റാൻലിക്ക് പ്രവേശനം ലഭിക്കേണ്ടതാണ് അല്ലേ? എന്നാൽ, 2023 -ലെ കോളേജ് പ്രവേശനങ്ങളുടെ ഫലങ്ങൾ എത്തി തുടങ്ങിയപ്പോഴാണ് സ്റ്റാൻലിയും കുടുംബവും ഞെട്ടിയത്. 18 കോളേജുകളിൽ അപേക്ഷ അയച്ചതിൽ 16 കോളേജുകളും സ്റ്റാൻലിയുടെ അപേക്ഷ തള്ളിക്കളഞ്ഞു.
തനിക്ക് നേരെ ഈ കോളേജുകൾ കാണിക്കുന്നത് വംശീയമായ വിവേചനമാണ് എന്നാണ് ഇപ്പോൾ സ്റ്റാൻലി പറയുന്നത്. 19 -കാരനായ സ്റ്റാൻലിയും പിതാവ് നാൻ സോങ്ങും വിവേചനത്തിന് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ദി സാക്രമെന്റോ ബീ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഗൂഗിളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ലഭിച്ചിട്ടുണ്ട് സ്റ്റാൻലിക്ക് എന്നാണ് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നത്.
പ്രശസ്തമായ സ്കൂളിലാണ് സ്റ്റാൻലി പഠിച്ചത്. ഇത്രയും കഴിവും കയ്യിൽ ഗൂഗിൾ ഓഫർ ചെയ്ത ജോലിയും ഉണ്ട്. എന്നിട്ടും കോളേജുകളിൽ പ്രവേശനം കിട്ടാത്തത് സ്റ്റാൻലിയെയും കുടുംബത്തെയും അസ്വസ്ഥരാക്കി. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയും മേരിലാൻഡ് യൂണിവേഴ്സിറ്റിയും മാത്രമാണ് സ്റ്റാൻലിക്ക് പ്രവേശനം അനുവദിച്ചത്.
സ്റ്റാൻലിയും പിതാവും ഇപ്പോൾ കാലിഫോർണിയ സർവകലാശാലയ്‌ക്കെതിരെയാണ് വംശീയ വിവേചനത്തിന് കേസ് നൽകിയിരിക്കുന്നത്. കൂടുതൽ സ്ഥാപനങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നും സ്റ്റാൻലിയുടെ പിതാവ് പറയുന്നു. ഇനി വരുന്ന ഏഷ്യൻ വിദ്യാർത്ഥികൾക്ക് ഇത്തരം വിവേചനം അനുഭവിക്കേണ്ടി വരരുത് എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റാൻലിയും കുടുംബവും കേസുമായി മുന്നോട്ട് പോകുന്നത്.
യുവാവിനെ 3 മണിക്കൂർ പ്രസവവേദന അനുഭവിപ്പിച്ച് കാമുകി, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, കേസുമായി കുടുംബം