'ഞാൻ അന്ധനാണ് എന്ന് പറഞ്ഞിട്ടും, വിശ്വാസം വരാതെ അവരെന്നെ തല്ലിച്ചതച്ചു', ജെഎൻയു ഗവേഷകവിദ്യാർത്ഥി സൂര്യപ്രകാശ് പറയുന്നു

Published : Jan 07, 2020, 11:26 AM ISTUpdated : Jan 07, 2020, 11:00 PM IST
'ഞാൻ അന്ധനാണ് എന്ന് പറഞ്ഞിട്ടും, വിശ്വാസം വരാതെ അവരെന്നെ തല്ലിച്ചതച്ചു', ജെഎൻയു ഗവേഷകവിദ്യാർത്ഥി സൂര്യപ്രകാശ് പറയുന്നു

Synopsis

അക്രമികളിൽ നിന്ന് രക്ഷ തേടി ദില്ലി പൊലീസിനെ വിളിച്ചപ്പോൾ സൂര്യപ്രകാശിനു കിട്ടിയ മറുപടി വളരെ വേദനിപ്പിക്കുന്നതായിരുന്നു, "വന്നതല്ലേയുള്ളൂ, ആദ്യം ആവശ്യത്തിന് തല്ല് മേടിക്ക്. എന്നിട്ട് ഞങ്ങൾ വരാം"എന്നായിരുന്നു പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞത്.  

ജനുവരി അഞ്ചാം തീയതി ജെഎൻയു കാമ്പസിനുള്ളിൽ മുഖംമൂടി ധരിച്ചു കയറി അധ്യാപകരെയും വിദ്യാർത്ഥികളെയും തല്ലിച്ചതച്ചവർ പ്രവർത്തിച്ചത് ക്രൂരത മാത്രമല്ലായിരുന്നു, മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത ചിലത് കൂടിയായിരുന്നു. അതിൽ ഒന്നാണ്, ജന്മനാ അന്ധനായ ഗവേഷക വിദ്യാർത്ഥി സൂര്യപ്രകാശിനുനേരെ അഴിച്ചുവിട്ട കൊടിയ മർദ്ദനം. 

 അക്രമകാരികൾ ഹോസ്റ്റലിൽ കയറി അക്രമം കാണിക്കുമ്പോൾ സ്വന്തം മുറിക്കുള്ളിൽ വാതിലടച്ച് വിശ്രമിക്കുകയായിരുന്നു സൂര്യപ്രകാശ്. വൈകുന്നേരം ഏഴുമണിയോടെ സൂര്യപ്രകാശ് താമസിക്കുന്ന സബർമതി ഹോസ്റ്റലിലെ 51-ാം നമ്പർ മുറിയുടെ വാതിലിൽ ശക്തമായി തട്ടിയ അവർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

തുറക്കാതെ വന്നപ്പോൾ അവർ മുറിയുടെ ജനാലകൾ തകർത്തു. അതിന്റെ ചില്ലുകൾ പൊട്ടിച്ചിതറി വന്നു കൊണ്ട് സൂര്യപ്രകാശിന് മുറിവേറ്റു. ഏറെ നേരം തട്ടിയിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ, ആ വാതിലിൽ ആലേഖനം ചെയ്തിരുന്ന അംബേദ്‌കർ ചിത്രത്തിന്റെ മുഖത്തുതന്നെ ചവിട്ടിക്കൊണ്ട് ഒടുവിൽ ആ അക്രമികൾ അകത്തുകയറി. 

"എന്നെ ഒന്നും ചെയ്യരുത്, ഞാൻ കാഴ്ചയില്ലാത്ത ഒരാളാണ്" എന്ന് സൂര്യപ്രകാശ് അവരോട് കെഞ്ചിപ്പറഞ്ഞു നോക്കിയെങ്കിലും, അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. അവരുടെ വായിൽ നിന്ന് വിലകുറഞ്ഞ മദ്യത്തിന്റെ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അവർ മദ്യപിച്ച് മദോന്മത്തരായിരുന്നു. അവർ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യമായിരുന്നു.

'ഇന്ന് നിന്നെയൊക്കെ ഒരു പാഠം പഠിപ്പിക്കുന്നുണ്ട് എന്നായിരുന്നു' അവരുടെ അടികൊള്ളാത്തതായി എന്റെ ശരീരത്തിൽ ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ല. കയ്യിൽ കരുതിയിരുന്ന ഇരുമ്പുവടികൾ കൊണ്ടായിരുന്നു മർദ്ദനം. എന്റെ മുറിയിലെ സകല സാധനങ്ങളും അടിച്ചു തകർത്തിട്ടാണ് അവർ പോയത്. ഇരുപതു മിനിറ്റോളം നേരം അവർ എന്റെ മുറിയിലുണ്ടായിരുന്നു. ഞാൻ ആകെ ഭയന്നുപോയി" ആക്രമണത്തിനായി മുഖംമൂടി ധരിച്ചു വന്നവരിൽ പെൺകുട്ടികളും ഉണ്ടായിരുന്നതായി സൂര്യപ്രകാശ് പറഞ്ഞു. 

അക്രമികളിൽ നിന്ന് രക്ഷ തേടി ദില്ലി പൊലീസിനെ വിളിച്ചപ്പോൾ സൂര്യപ്രകാശിനു കിട്ടിയ മറുപടി വളരെ വേദനിപ്പിക്കുന്നതായിരുന്നു, "വന്നതല്ലേയുള്ളൂ, ആദ്യം ആവശ്യത്തിന് തല്ല് മേടിക്ക്. എന്നിട്ട് ഞങ്ങൾ വരാം"എന്നായിരുന്നു പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞത്.  മികച്ച ഒരു പ്രാസംഗികനായ സൂര്യപ്രകാശ് ജൂഡോയിലും, പവർലിഫ്റ്റിങ്ങിലും നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ഒരു ബഹുമുഖ പ്രതിഭയാണ്. ജെഎൻയുവിൽ സംസ്കൃതത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുന്നത്.

ബ്രഹ്മസൂത്രത്തിന്റെ ശങ്കരഭാഷ്യമാണ് സൂര്യപ്രകാശിന്റെ ഗവേഷണവിഷയം. ഉപനിഷത്തുക്കൾക്കും ഭഗവദ്ഗീതയ്ക്കും ഒപ്പം തന്നെ മഹത്വമുള്ളതായി കണക്കാക്കപ്പെടുന്ന ആദിഗ്രന്തങ്ങളിൽ ഒന്നാണ് ആദിശങ്കരൻ എഴുതിയ ബ്രഹ്മസൂത്രം. താൻ ഇന്നുവരെ ഒരു പ്രതിഷേധത്തിന്റെയും ഭാഗമായിട്ടില്ല എന്നും തനിക്ക് വിശേഷിച്ച് ഒരു വിദ്യാർത്ഥി സംഘടനയോടും ആഭിമുഖ്യവുമില്ല എന്നും സൂര്യപ്രകാശ് പറഞ്ഞു. സംഭവം നടന്ന അന്ന് മുതൽ നിരവധി ഭീഷണി സന്ദേശങ്ങൾ തനിക്ക് കിട്ടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി