ആരാണ് ഐഷി ഘോഷ് എന്ന ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ 'തീപ്പൊരി' പ്രസിഡന്റ്

By Web TeamFirst Published Jan 7, 2020, 10:27 AM IST
Highlights

അവർ തിരഞ്ഞുപിടിച്ച് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. കാരണം, ഐഷി ഘോഷ് എന്ന ആ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്  പലരുടെയും കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.

ജനുവരി അഞ്ചാം തീയതി ജെഎൻയു ക്യാമ്പസ്സിനുള്ളിൽ മുഖംമൂടി ധരിച്ചുകൊണ്ട്, മാരകായുധങ്ങളുമായി കടന്നുകയറിയ നൂറിലധികം പേർ വരുന്ന അക്രമിസംഘം പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നെ അക്രമങ്ങൾ അഴിച്ചുവിട്ടു. ഹോസ്റ്റലുകൾ കയറിയിറങ്ങി, കണ്ണിൽ കണ്ടതെല്ലാം തച്ചുതകർത്ത ആ അക്രമികൾ, അധ്യാപകരെന്നോ വിദ്യാര്ഥികളെന്നോ ഭേദമില്ലാതെ, കണ്ണിൽ കണ്ടവരെയെല്ലാം തന്നെ നിഷ്ഠുരമായി മർദ്ദിച്ചു. ഇരുമ്പുപൈപ്പുകൾ, ഹോക്കി സ്റ്റിക്കുകൾ, ലാത്തികൾ, ചുറ്റികകൾ തുടങ്ങി പല മാരകായുധങ്ങളും കൊണ്ടാണ് അവർ ആക്രമണങ്ങൾ നടത്തിയത്. ആക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ജെഎൻയു വിദ്യാർത്ഥിയൂണിയൻ പ്രസിഡന്റായ ഐഷി ഘോഷും ഉണ്ടായിരുന്നു. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഐഷിയുടെ തല പൊളിഞ്ഞു. AIIMS -ലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഐഷിക്ക് രക്തസ്രാവം നിൽക്കാൻ വേണ്ടി നിരവധി സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. ഐഷിയെ അവർ തിരഞ്ഞുപിടിച്ച് വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. കാരണം, ആ ജെഎൻയു ക്യാമ്പസ്സിൽ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ ഐഷി നടത്തിക്കൊണ്ടിരുന്ന സക്രിയമായ ഇടപെടലുകൾ അവരെ പലരുടെയും കണ്ണിലെ കരടാക്കി മാറ്റിയിരുന്നു.

ആരാണ് ഐഷി ഘോഷ് ?

പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്വദേശിയായ ഐഷി ഘോഷ് ഇപ്പോൾ ജെഎൻയുവിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. ജെഎൻയുവിൽ എംഫിലിന്‌ ചേരും മുമ്പ് ദില്ലി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു ഐഷി. ജെഎൻയുവിൽ കഴിഞ്ഞ പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം എസ്എഫ്ഐക്കുണ്ടാകുന്ന ഒരു  യൂണിയൻ പ്രസിഡണ്ടാണ് ഐഷി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം, പരിതാപാവസ്ഥയിലായിരുന്ന ഹോസ്റ്റലുകളെയും, റീഡിങ് റൂമുകളെയും പുനരുദ്ധരിക്കാൻ വേണ്ടി  അവർ നടത്തിയ സജീവമായ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.



2019 -ൽ എംബിഎയുടെ ഫീസ് കുത്തനെ കൂട്ടി 12 ലക്ഷമാക്കിയപ്പോൾ അതിനെതിരെ ഉപവാസ സമരം കിടന്നയാളാണ് ഐഷി. അന്ന്, ദിവസങ്ങൾ നീണ്ട ഉപവാസത്തിനൊടുവിൽ ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു ഐഷിയെ. ഈയടുത്ത് ഹോസ്റ്റൽ മാനുവൽ പരിഷ്കാരങ്ങളുടെ പേരും പറഞ്ഞുകൊണ്ട്, ഫീസ് കുത്തനെ വർധിപ്പിച്ചപ്പോഴും, ക്യാമ്പസ്സിനുള്ളിൽ ഡ്രസ്‌കോഡ്  നിർബന്ധമാക്കിയപ്പോഴും ഒക്കെ അതിനെതിരെ ജെഎൻയുവിലെ വിദ്യാർഥികൾ ഒന്നടങ്കം നടത്തിയ സമരങ്ങളുടെ മുന്നണിയിൽ തന്നെ ഐഷി ഘോഷ് ഉണ്ടായിരുന്നു.  



സമരങ്ങളുടെ തീച്ചൂളയിൽ സദാ നിലകൊള്ളുമ്പോഴും കുടുംബത്തിന്റെ നിറഞ്ഞ പിന്തുണ ഐഷിക്ക് ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ വെച്ച് ഒരു മാധ്യമപ്രവർത്തകൻ ഐഷിയോട് വീട്ടിൽ അച്ഛനും അമ്മയും ഒക്കെ പഠിക്കാൻ വന്നിട്ട് ഇങ്ങനെ ആക്രമണത്തിന് ഇരയായതിന്റെ പേരിൽ സമ്മർദ്ദം ചെലുത്തിയില്ലേ എന്ന് ചോദിച്ചപ്പോൾ, അവർ പറഞ്ഞ മറുപടി," അമ്മ വന്നിരുന്നു, പോവാൻ നേരം അമ്മ പറഞ്ഞത് " ആ അക്രമികൾക്ക് ആളു മാറിയതായിരുന്നു എങ്കിൽ ഒരു പക്ഷേ ഞാൻ കരഞ്ഞേനെ, പക്ഷെ അവരുടെ ലക്ഷ്യം തന്നെ നീ ആയിരുന്നു എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്, നീ എൻറെ മകളായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു" എന്നായിരുന്നു.



തങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് അക്രമികൾ മുഖം മറച്ചുവന്നത്. മുഖം മറച്ചിരുന്നുവെങ്കിലും അവരിൽ പല എബിവിപി നേതാക്കളെയും തിരിച്ചറിഞ്ഞു കഴിഞ്ഞു. കോളേജിനുള്ളിൽ തന്നെയുള്ള, എബിവിപിയോട് അനുഭവമുള്ള ചില അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയല്ലാതെ ഇങ്ങനെ ഒരു ആക്രമണം നടത്താനാവില്ലെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. 

click me!